IndiaNEWS

മൊബൈല്‍ ഫോണ്‍ ഗെയിമുകള്‍  കുട്ടികളെ അക്രമാസക്തരാക്കും…! തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ വിപത്തിനെക്കുറിച്ച്  ജാഗ്രത പുലർത്തുക

     കുട്ടികളിലും മുതിര്‍ന്നവരിലും ഇന്ന് മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ വര്‍ധിച്ച് വരുന്നു. പ്രത്യേകിച്ച് കൊറോണ കാലഘട്ടത്തിന് ശേഷം, സ്‌കൂള്‍ കുട്ടികളില്‍ ഇതിന്റെ ആസക്തി കൂടി. ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് വരെ മൊബൈല്‍ഫോണ്‍ കളിക്കാന്‍ കൊടുക്കുന്ന പ്രവണതയാണുള്ളത്. കുട്ടികള്‍ പഠിക്കാൻ മാത്രമല്ല, ഗെയിം കളിക്കാനും മൊബൈല്‍ ഫോൺ ഇഷ്ടപ്പെടുന്നു.

എന്നാല്‍ കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണുകളുടെ സുലഭമായ ലഭ്യത കാലക്രമേണ ഭയാനകമായ സ്ഥിതിയിലേക്കാണ് നയിക്കുന്നത്. മൊബൈലില്‍ ഗെയിം കളിക്കുന്ന ലഹരി കുട്ടികളെ അക്രമാസക്തരാക്കുന്നു. മൊബൈല്‍ ഫോണുകള്‍ കാരണം കുട്ടികള്‍ ആത്മഹത്യ ചെയ്യുകയോ കുടുംബാംഗങ്ങളെ കൊല്ലുകയോ ചെയ്യുന്ന നിരവധി സംഭവങ്ങള്‍ വെളിച്ചത്തു വന്നിട്ടുണ്ട്.

Signature-ad

ഇത്തരം ഗെയിമുകള്‍ കുട്ടികളെ അക്രമാസക്തരാക്കുന്നു

‘പബ്ജി’ എന്ന മൊബൈല്‍ ഗെയിമിന് അടിമകളാണ് പല കുട്ടികളും. ‘ബ്ലൂ വെയ്ല്‍’ പോലുള്ള ഗെയിമുകള്‍ കാരണം നിരവധി മാരകമായ അവസ്ഥകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരം ഗെയിമുകള്‍ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. സമാനമായ മറ്റ് നിരവധി ഗെയിമുകളുണ്ട്, അവ മനഃശാസ്ത്രപരമായി ആക്രമണാത്മക പ്രവണതകള്‍ വികസിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു, കുട്ടി ആരുടെയെങ്കിലും ജീവന്‍ പോലും അപഹരിച്ചേക്കാമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

കുട്ടികള്‍ പ്രകോപിതരും ദേഷ്യക്കാരും ആയിത്തീരുന്നു

മൊബൈല്‍ ഗെയിമുകള്‍ കുട്ടികളുടെ സ്വഭാവത്തെ കോപാകുലമാക്കുന്നു. സംഘര്‍ഷവും വെടിവയ്പ്പും പോലുള്ള നിരവധി ഗെയിമുകള്‍ ലഭ്യമാണ്. കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ കളിക്കുമ്പോള്‍, അത് അവരില്‍ മാനസികമായി സ്വാധീനം ചെലുത്തുന്നു. അവര്‍ ക്രമേണ പ്രകോപിതരും ദേഷ്യക്കാരും ആയിത്തീരുന്നു. കുട്ടികളെ മൊബൈല്‍ ഗെയിമുകള്‍ കളിക്കാന്‍ അനുവദിക്കാത്തപ്പോള്‍ അവര്‍ അക്രമാസക്തരാകുന്നു.

പിഎംസി ജേര്‍ണല്‍ 2020-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ‘പബ്ജി’ആസക്തി കൊലപാതകത്തെയും ആത്മഹത്യാ പ്രവണതയും പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇത്തരം വീഡിയോ ഗെയിമുകള്‍ക്കായി മണിക്കൂറുകളോളം ചിലവഴിക്കുന്നത് തലച്ചോറിനെ ഗെയിമുമായി പൊരുത്തപ്പെടുത്തുന്നതിന് കാരണമാകുന്നു. അതിനാല്‍ ‘പബ്ജി’ പോലുള്ള ഗെയിമുകളുടെ ആസക്തി ഗുരുതരമായേക്കാം.

തലച്ചോറില്‍ സ്വാധീനം ചെലുത്തുന്നു

മൊബൈല്‍ ഗെയിമുകള്‍ കാരണം വര്‍ധിച്ചുവരുന്ന ആക്രമണാത്മക സ്വഭാവത്തെക്കുറിച്ച്, മാനസികരോഗ വിദഗ്ധര്‍ പറയുന്നത്, കുട്ടിക്കാലത്തും കൗമാരത്തിലും നമ്മള്‍ കൂടുതലായി കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ തലച്ചോറിനെ നേരിട്ട് സ്വാധീനിക്കുമെന്നാണ്. ‘പബ്ജി’ പോലുള്ള ഗെയിമുകളുടെ കാര്യവും ഇതുതന്നെ. പെരുമാറ്റത്തിലെ മാറ്റങ്ങളാണ് ആസക്തിയുടെ കാതല്‍. കുടുംബാംഗങ്ങള്‍ പെട്ടെന്ന് കുട്ടികളെ അവയില്‍ നിന്ന് പിന്തിപ്പിക്കാന്‍ ശ്രമിക്കുന്നത് മദ്യപാനിയെ പെട്ടെന്ന് മദ്യപാനം നിര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. പെരുമാറ്റത്തില്‍ ആക്രമണാത്മക മാറ്റങ്ങള്‍ ഉണ്ടാകാം.

കൂടാതെ, കുട്ടികള്‍ക്ക് ‘നിരീക്ഷണ പഠനത്തിന്’ കൂടുതല്‍ ശേഷിയുണ്ടെന്ന് സൈക്യാട്രിസ്റ്റുകള്‍ വിശ്വസിക്കുന്നു. കുട്ടികള്‍ സ്വാഭാവികമായും കാര്യങ്ങള്‍ മനസിലാക്കുന്നതിനു പകരം നിരീക്ഷിച്ചു പഠിക്കുന്നതില്‍ മികച്ചവരാണ്. അത്തരമൊരു സാഹചര്യത്തില്‍, കുട്ടി മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ‘പബ്ജി’ തുടങ്ങിയ ഗെയിമുകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്നുവെങ്കില്‍, അതിന്റെ നേരിട്ടുള്ള പ്രഭാവം തലച്ചോറിനെ ബാധിക്കുന്നു. ഗെയിം കളിക്കുമ്പോള്‍, കുട്ടികളുടെ മുഴുവന്‍ ശ്രദ്ധയും ഗെയിമിന്റ് ടാസ്‌കിലാണ്. ഗെയിം അക്രമാസക്തവും അടിക്കുന്നതും വെടിവയ്ക്കുന്നതും ആണെങ്കില്‍, കുട്ടിയുടെ മനസിനെ അതിനനുസരിച്ച് മാറ്റാന്‍ തുടങ്ങുന്നു.

കുട്ടികളുടെ ഭാവിയില്‍ കളിക്കരുത്

കുട്ടികളിലെ മൊബൈല്‍ ആസക്തിക്ക് വലിയ ഉത്തരവാദി മാതാപിതാക്കളാണ്. അല്‍പം വിശ്രമിക്കാനായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നു. ഇത് ക്രമേണ കുട്ടികള്‍ക്ക് ഒരു ആസക്തിയായി മാറുന്നു, കുട്ടികള്‍ക്ക് ഇതില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നു. മൊബൈലുകള്‍ കുട്ടികളുടെ സ്വതസിദ്ധമായ സ്വഭാവത്തെ ഏറെക്കുറെ നശിപ്പിച്ചിരിക്കുന്നു. ചെറിയ ആശ്വാസത്തിന്റെ പേരില്‍ കുട്ടികളില്‍ നിന്ന് കുട്ടിക്കാലം തട്ടിയെടുത്തതിന്റെ അനന്തരഫലങ്ങള്‍ ഓരോ ദിവസവും വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നു.

Back to top button
error: