KeralaNEWS

പാക്കിസ്ഥാൻ കാണാൻ തിരുവനന്തപുരത്തു നിന്നും ഒരു ട്രെയിൻ യാത്ര 

പാക്കിസ്ഥാനിലേക്ക് തിരുവനന്തപുരത്തു നിന്നും ട്രെയിനോ.. ? കേട്ടിട്ട് ഞെട്ടണ്ട, പഞ്ചാബിലെ അമൃത്സറിലേക്കാണ് നമ്മൾ ആദ്യം പോകുന്നത്.കൊച്ചുവേളി – അമൃത്സർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ!

പഞ്ചാബ് യാത്രയിലെ ഏറ്റവും അവിഭാജ്യമായ ഒന്നാണ് അമൃത്സർ.വിശാലമായി പരന്നു കിടക്കുന്ന ഗോതമ്പു പാടങ്ങളും കടുക് പാടങ്ങളും താണ്ടി ട്രെയിൻ അമൃത്സറിലേക്ക് കടക്കുമ്പോൾ തന്നെ  പലതരം പ്രസാദങ്ങളുമായി സിഖുക്കാർ എത്തും.എല്ലാവർക്കും ഫ്രീയായിട്ട് റോട്ടിയും വിവിധ കറികളുമൊക്കെ അവർ കൊടുക്കുന്നു.ഇത് പഞ്ചാബിലെ ട്രെയിനുകളിലെയും ബസുകളിലെയുമൊക്കെ സ്ഥിരം കാഴ്ചയാണ്.

 
സിഖു ജനതയുടെ സാംസ്‌കാരിക തലസ്ഥാനമെന്നു പറയാവുന്ന സ്ഥലമാണ് അമൃത്സർ.കൂടാതെ പഞ്ചാബിലെ പ്രധാന വാണിജ്യ, ഗതാഗത കേന്ദ്രവും.പാകിസ്താനിലെ ലാഹോർ ഇവിടെ നിന്നു വെറും 50 കിലോമീറ്റർ ദൂരത്തിലാണ്.മറ്റൊന്നാണ് ഇന്ത്യയും പാകിസ്താനുമായി അതിർത്തി പങ്കിടുന്ന, എല്ലാ ദിവസവും രണ്ടു രാജ്യങ്ങളുടെ പട്ടാളക്കാർ പരേഡ് നടത്തുന്ന വാഗ ബോർഡർ.അമൃത്സറിൽ നിന്നു 32 കി.മി. ദൂരമുണ്ട് ഇവിടേയ്ക്ക്.
 
അമൃത്സറിന്റെ ഏറ്റവും വലിയ കാഴ്ച  സുവർണ ക്ഷേത്രം തന്നെയാണ്.ഹർമന്ദിർ സാഹിബ് അല്ലെങ്കിൽ സുവർണ ക്ഷേത്രം സിഖ് മതത്തിന്റെ പ്രധാന ആരാധനാലയമാണ്.സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്. മുഗൾ ചക്രവർത്തി അക്ബർ അനുവദിച്ച സ്ഥലത്ത് 1577ൽ സിഖുകാരുടെ നാലാമത്തെ ഗുരു രാംദാസ് ആണ് അമൃത്സർ സ്ഥാപിച്ചത്. അമൃത സരസ് (“പൂൾ ഓഫ് അമൃത്”) എന്ന് വിളിക്കപ്പെടുന്ന പവിത്രമായ ടാങ്ക് അല്ലെങ്കിൽ കുളം നിർമിക്കാൻ ഗുരു രാം ദാസ് ഉത്തരവിട്ടത്രേ.അതിൽ നിന്നാണ് നഗരത്തിന്റെ ഈ പേര് ലഭിച്ചത് എന്നാണ് വിശ്വാസം.
 
സിഖുകാരുടെ അഞ്ചാമത്തെ ഗുരുവായ അർജുൻ സിങ് ഇതിന്റെ മധ്യഭാഗത്ത് ഒരു ക്ഷേത്രം സ്ഥാപിച്ചു. മഹാരാജ രഞ്ജിത് സിങ്ങിന്റെ (1801-39) ഭരണകാലത്ത്, ക്ഷേത്രത്തിന്റെ മുകൾ ഭാഗം സ്വർണം കൊണ്ട് പൊതിഞ്ഞ ഒരു ചെമ്പ് താഴികക്കുടം കൊണ്ട് അലങ്കരിക്കുകയും അതിനുശേഷം ഈ ക്ഷേത്രത്തിനെ സുവർണ ക്ഷേത്രം എന്ന് വിളിക്കുകയും ചെയ്തു.
 
ചെരുപ്പ് വെക്കാൻ, ക്യു നിൽക്കാനൊക്കെ വളരെ കൃത്യമായ സംവിധാനമുണ്ട് സുവർണ ക്ഷേത്രത്തിൽ.ദർശനത്തിനു വരുന്ന ഭക്ത ജനങ്ങൾ ആണായാലും പെണ്ണായാലും മുടി മറക്കണം.ഷാൾ കൊണ്ട് വന്നില്ലെങ്കിൽ അവിടെ നിന്നും ലഭിക്കും.ക്യു സമയത്ത് വെള്ളം നൽകാനൊക്കെ സന്നദ്ധ പ്രവർത്തകരുണ്ട്.

പതിനാലാം നൂറ്റാണ്ടിൽ ജാതി വ്യവസ്ഥയിൽ മനം നൊന്ത ഗുരു നാനാക്ക് പുതിയ ഒരു കൂട്ടായ്മക്ക് രൂപം കൊടുത്തുവത്രെ. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാവരെയും ഒന്നായി കാണുന്ന ഒരു മതം. അതാണ് സിക്കിസം.വർഷങ്ങൾ പിന്നിട്ടപ്പോൾ അനുയായികൾ വർദ്ധിച്ചു വരുന്നതിൽ അസ്വസ്ഥനായ മുഗൾ രാജാവ് അഞ്ചാമത്തെ ഗുരുവായ അർജുൻ സിങിനെ പീഡിപ്പിച്ചു കൊന്നു. ആറാമത്തെ ഗുരു അതോടെ രണ്ടു വാളുകൾ സ്വീകരിച്ചു – പീരി ( ദൈവീക ശക്തി) , മീരി ( മാനുഷിക ശക്തി). അന്ന് മുതലാണ് സിക്കുകർ യുദ്ധമുറകളിലും പ്രാവീണ്യം നേടാൻ തുടങ്ങിയത്. മുഗൾ വംശത്തിനെത്തിരെ പല യുദ്ധവും അതിനു ശേഷം ഇവർ ജയിക്കുകയും ചെയ്തു.ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഭിവാജ്യ ഘടകമാണ് സിക്കുകാർ.

പത്താമത്തെ ഗുരുവായ ഗോവിന്ദ് സിംഗാണ് സിഖുകാരുടെ ഇടയിൽ ബാപ്റ്റ്റിസം കൊണ്ട് വന്നത്. അങ്ങനെയുള്ള സിക്കുകാരെ( സ്ത്രീ/ പുരുഷൻ) ഖൽസ എന്നാണ് വിളിക്കുന്നത്. പുരുഷൻ സിംഗ് എന്നും സ്ത്രീയെ കൗർ എന്നും വിളിക്കും. അവരുടെ പക്കൽ 5 കാര്യങ്ങൽ എപ്പോഴും കാണണം – കേഷ് ( വെട്ടാത്ത മുടി), കാങ്ങ(ചീപ്പ്), കാച (മുട്ടോളം വരുന്ന നിക്കർ), കാര (ഇരുമ്പ് വള), കിർപൻ (വാൾ). മുടിയും താടിയും അവർ വെട്ടില്ല. അത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെ പ്രതീകമാണ് പോലും. ഈ നീളൻ മുടി സൂക്ഷിക്കാനായി അവരു തലപ്പാവ് വെക്കുന്നു.വൃത്തി ഇവർക്ക് പരമ പ്രധാനമാണ്. അതാണ് ചീപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ വൃത്തി അമൃത്സറിലെവിടെയും പ്രകടമാണ്. ലക്ഷകണക്കിന് തീർത്ഥാടകർ വന്നിട്ടും ഗുരു ദ്വാരയും ചുറ്റുമുള്ള പ്രദേശവും നല്ല വൃത്തിയിലാണ് അവർ എപ്പോഴും സൂക്ഷിച്ചിരിക്കുന്നത്.നഗരത്തിൽ പല ഇടങ്ങളിലും സൗജന്യ കുടിവെള്ള വിതരണവുമുണ്ട്. കുടിച്ച പാത്രം സോപ്പ് ഇട്ട് കഴുകിയാണ് അടുത്ത് ആൾക്ക് കുടിക്കാൻ കൊടുക്കുക.അവരുടെ ഈ വൃത്തി എടുത്ത് പറയാതെ തരമില്ല !


ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷണമുണ്ട്. ഒരുപാട് പേർക്ക് ഒന്നിച്ചു ഇരിക്കാവുന്ന ലങ്കാർ ഹാളിൽ ഒന്നുകിൽ റൊട്ടി അല്ലെങ്കിൽ ചാവൽ (അവരുടെ ചോറ്) കൂടെ കറിയും ലഭിക്കും. ഇവിടുത്തെ ലങ്കർ എന്ന കമ്മ്യൂണിറ്റി കിച്ചൻ അല്ലെങ്കിൽ അന്നദാനവും ഒരതിശയമാണ്. ഒരുപക്ഷെ ലോകത്തു ആദ്യമായി എല്ലാ മത, ജാതി, വർണ്ണ, വർഗ്ഗ വ്യവസ്ഥിതിയിലും പെട്ടവർക്ക് ഒരേപോലെ, ഒരേസമയം, ഒന്നിച്ചിരുന്നു ആഹാരം കഴിക്കാനുള്ള സംവിധാനം ആദ്യമായി ഗുരു നാനാക് ആവണം തുടങ്ങിയിരിക്കുക. പിന്നീട് സിക്കുകാർ അത് നിലനിർത്തിക്കൊണ്ടു പോരുന്നു.
1924 ൽ, വൈക്കം സത്യാഗ്രഹം നടന്ന സമയത്തു സത്യാഗ്രഹികൾക്കു ആഹാരം നൽകാനായി സിഖ് അകാലികൾ വൈക്കത്തു വന്നു ലങ്കർ തുടങ്ങിയിരുന്നു. നമ്മുടെ ഇടയിലേക്ക് ചപ്പാത്തിയും റൊട്ടിയും വന്ന വഴിയാണ് പറയുന്നത് എങ്കിലും അകാലി ഭക്ഷണശാലയുടെ സഹായഹസ്തങ്ങൾ  സത്യാഗ്രഹികൾ സ്വീകരിക്കുന്നത് യുക്തിയല്ലെന്ന് ഗാന്ധിജിക്ക് തോന്നിയത് കാരണം അദ്ദേഹവും കെ എം പണിക്കരും ഇടപെട്ട് അത് നിർത്തിച്ചെന്ന് ചരിത്രം.
മക്കി കി റൊട്ടി സരസോം കാ സാഗ്‌ എന്ന പഞ്ചാബി ഭക്ഷണം ഉൾപ്പെടെ. ലങ്കറിനു പുറമെ കുൽച്ചകളും, ലസ്സികളും, പറാത്തകളും, മഖനികളും വയറുനിറക്കാൻ ധാരാളമായി അമൃതസറിൽ ലഭിക്കും.ഇവക്കു ശേഷം  സ്പെഷ്യൽ കുൽഫികളും കൂടി ഉണ്ടെങ്കിൽ കുശാൽ.ഇവരുടെ ചോലെ ബട്ടൂര ഒരുപാട് ആരാധകരുള്ളൊരു വിഭവമാണെന്ന് പറയാം. കേരളത്തിന്‍റെ തനത് വിഭവങ്ങളില്‍ പെടുന്നതല്ല ഇതെങ്കിലും കേരളത്തിലും മോശമല്ലാത്ത ആരാധകര്‍ ചോലെ ബട്ടൂരയ്ക്കുണ്ട്.കൂട്ടത്തിൽ അമൃത്സർ കുൽചയുടെ രുചി എടുത്തു പറയേണ്ടതാണ്.
സുവർണ ക്ഷേത്രത്തിൽനിന്നു ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് ജാലിയാൻ വാലാബാഗ് സ്ഥിതി ചെയ്യുന്നത്.ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ്‌ ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 13 ഏപ്രിൽ 1919ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. എന്നാൽ ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ട് പോവുകയും, യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ പട്ടാളക്കാരോട് ഉത്തരവിടുകയുമായിരുന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് പത്തു മിനിറ്റോളം പട്ടാളക്കാർ 1,650 റൗണ്ട്  വെടിവെച്ചെത്രേ. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരിച്ചെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ആയിരത്തിലധികം ആളുകൾക്ക് പരിക്കുമേറ്റു.
ഇവിടെ അടുത്തുതന്നെയാണ് ഷാഹിദ് ഉദ്ധം സിംഗ് പ്രതിമ. ജാലിയൻ വാലാ കൂട്ടകൊലക്ക് ഉത്തരവിട്ട അന്നത്തെ പഞ്ചാബ് ഗവർണ്ണർ റെണാൾഡ്‌ ഡൈർ എന്ന സായിപ്പിനെ കൊല്ലാൻ പ്രതിജ്ഞ എടുത്ത ഇന്ത്യയുടെ ധീരനായ പുത്രനാണ് ഉദ്ധം സിംഗ്. തന്റെ പ്രതിജ്ഞ നിറവേറ്റാൻ 21 വർഷം ഡൈർനെ അന്വേഷിച്ചു നടന്നു, പിന്നീട് ഇംഗ്ലണ്ടിലേക്ക് കള്ള വണ്ടി കയറി ആയിരത്തി തൊള്ളായിരത്തി നാൽപ്പതിൽ ഇംഗ്ലണ്ടിൽ വച്ച് അയാളെ വെടി വച്ച് വീഴ്ത്തുക തന്നെ ചെയ്തു.
ഇതുപോലെ നമ്മുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഒരു സ്ഥലമാണ് പാർട്ടീഷൻ മ്യൂസിയം.ഇന്ത്യ-പാക് വിഭജനത്തിന്റെ യഥാർഥ ചിത്രം വിളിച്ചോതുന്ന മ്യൂസിയം. വർഷങ്ങളായി ജീവിച്ചു വന്ന വീടും സ്ഥലവും എല്ലാം ഉപേക്ഷിച്ചു മറ്റൊരു രാജ്യത്തേക്ക് പോകേണ്ടി വന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ പൊള്ളുന്ന ജീവിത കഥകൾ ഇവിടെയുണ്ട്.ഒരുപക്ഷെ നമുക്ക് ഒരു സിനിമ പോലെ സാങ്കല്പികമായി തോന്നി പോകും.അത്രമേൽ  അവിശ്വസനീയമായ പലതുമാണ് വിഭജന സമയത്ത് അവർ അനുഭവിച്ച കാര്യങ്ങൾ!

അമൃത്സറിൽ കാണാൻ ഇനിയും ഒത്തിരി ബാക്കിയുണ്ട്.കണ്ടതാകട്ടെ വീണ്ടും കാണാൻ മോഹം ജനിപ്പിക്കുകയും ചെയ്യും.തൽക്കാലം ജോ ബോലെ സോ നിഹാൽ, സത് ശ്രീ അകാൽ…!

കൊച്ചുവേളി- അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12483/12484)

കൊച്ചുവേളിയിൽ നിന്ന് എല്ലാ ബുധനാഴ്ചയും പുലർച്ചെ 4.50 ന് കൊച്ചുവേളി- അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483) പുറപ്പെടും. പത്ത് സംസ്ഥാനങ്ങളും 28 സ്റ്റോപ്പുകളും പിന്നിട്ട് 3597 കിലോമീറ്ററാണ് ഈ ട്രെയിന്‍ ആകെ സഞ്ചരിക്കുന്നത്. മൂന്നു ദിവസം അതായത് 57 മണിക്കൂർ യാത്രയ്ക്കൊടുവിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്രെയിന്‍ അമൃത്സർ ജംങ്ഷനിൽ എത്തിച്ചേരും.

വാഗാ ബോർഡറിലേക്ക്

ഇന്ത്യയും പാക്കിസ്ഥാനും അതിർത്തി പങ്കിടുന്ന വാഗാ ബോർഡറിലേക്ക് കൂടി പോയാലേ പഞ്ചാബ് യാത്ര പൂർത്തിയാകൂ. പഞ്ചാബിലെ അമൃത്സറിനും പാക്കിസ്ഥാനിലെ ലാഹോറിനും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ വാഗാ അതിര്‍ത്തിയുള്ളത്. അമൃത്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ ദൂരമുണ്ട്. ക്യാബുകൾ ഇവിടേക്ക് സർവീസ് നടത്തുന്നു.

അമൃത്സറില്‍ നിന്ന് തിരികെ കേരളത്തിലേക്ക്

അമൃത്സറില്‍ നിന്ന് തിരികെ കേരളത്തിലേക്ക് എല്ലാ ഞായറാഴ്ചയും ആണ് ASR KCVL SF EXP (12484) ന്റെ മടക്ക യാത്ര. ഞായറാഴ്ച പുലർച്ചെ 5.55ന് പുറപ്പെടുന്ന ട്രെയിൻ 56 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചുവേളിയിലെത്തും.

Back to top button
error: