Fiction

അബദ്ധധാരണകളല്ല, ആഴമുള്ള അനുഭവങ്ങളായിരിക്കണം ജീവതത്തിൻ്റെ വഴികാട്ടി

വെളിച്ചം

ആ രാജ്യത്ത് ആര്‍ക്കും തോല്‍പിക്കാൻ കഴിയാത്ത മിടുക്കനായ പടയാളിയായിരുന്നു അദ്ദേഹം.
തന്റെ കാലശേഷവും തന്നെപോലെ വൈദഗ്ദ്യമുള്ള ഒരു പടയാളി വേണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി.  അതില്‍ ഏറ്റവും മിടുക്കനായ ആളെ കണ്ടെത്തി തന്റെ കഴിവുമുഴുവന്‍ പകര്‍ന്നുനല്‍കി.   വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനു ഗുരുവിനെ തോല്‍പിച്ച് പേരെടുക്കണമെന്ന ആഗ്രഹം തോന്നി.ഗുരു ആ വെല്ലുവിളി സ്വീകരിച്ചു.

Signature-ad

അപ്പോഴാണ് ശിഷ്യന് ഒരു സംശയം  തോന്നിയത്. ഇനി, തന്നെ പഠിപ്പിക്കാത്ത ഏതെങ്കിലും വിദ്യ ഉണ്ടാകുമോ?  അദ്ദേഹം ആ വിദ്യ ഉപയോഗിച്ച് തന്നെ തോല്‍പിക്കുമോ? പരസ്യപോരാട്ടത്തിന്റെ ദിവസമടുക്കും തോറും ശിഷ്യനു സമ്മര്‍ദ്ദമേറി. അയാള്‍ ഗുരുവിനെ രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഗുരു 15 അടി നീളമുള്ള വാളുറ പണിയിക്കുന്നത് കണ്ടു. ശിഷ്യന്‍ ഉടൻ 16 അടി നീളമുള്ള വാളും വാളുറയും പണിതു.  മത്സരദിവസമെത്തി.  ഗുരു ആ വലിയ വാളുറയില്‍ നിന്നും സാധാരണ വാള്‍ പുറത്തെടുക്കുന്നത് കണ്ട് ശിഷ്യന്‍ തലതാഴ്ത്തി.

അബദ്ധധാരണകളായിരിക്കും അനുഭവങ്ങളില്ലാത്തവരുടെ ഭ്രമണപഥം.   പരിശീലനകളരിയിലൂടെ ലഭിക്കുന്നത് അടിസ്ഥാന അറിവ് മാത്രമാണ്.  എന്നാല്‍ വൈദഗ്ദ്യം സ്വയം ശിക്ഷണത്തിലൂടെ രൂപപ്പെടുന്നതാണ്.  ബാലപാഠങ്ങളില്‍ ചവിട്ടിനിന്ന് അവനവന്‍ ആര്‍ജ്ജിക്കേണ്ടതാണ് പ്രാഗല്ഭ്യം.

ഓരോ അറിവും കൊടുമുടിയുടെ അഗ്രമായി വ്യാഖ്യാനിക്കാതെ, താഴ്വരയാണെന്ന് കരുതി മുകളിലേക്ക് കയറാന്‍ ശ്രമിക്കുക.  പാഠങ്ങളെല്ലാം തുടരന്വേഷണത്തിന്റെ പടവുകളായി കരുതുന്നവര്‍ക്ക് മാത്രമേ അനുഭവങ്ങളിലൂടെ സഞ്ചരിക്കാനാകൂ.

ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: