ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഈ ബസുകൾ സർവീസ് ആരംഭിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ പത്തനംതിട്ട -കോയമ്ബത്തൂര്‍ റൂട്ടില്‍ ഇന്റര്‍സ്‌റ്റേറ്റ് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. നാഷണല്‍ പെര്‍മിറ്റ് എടുക്കുന്ന ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് എടുക്കാതെ തന്നെ ദേശീയ പാതകളിലടക്കം സഞ്ചരിക്കാം.
ഓരോ മൂന്ന് മാസം കൂടുമ്ബോഴും മൂന്ന് ലക്ഷം രൂപയോളം സര്‍ക്കാരിനു നികുതി ഇനത്തില്‍ ലഭിക്കും. റൂട്ട് ബസുകളെ പോലെ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഇന്റര്‍സ്‌റ്റേറ്റ് പെര്‍മിറ്റില്‍ അനുമതിയുണ്ടെന്നു പറയുന്നു. എന്നാല്‍, ഈ വാദം കെഎസ്ആർടിസി അംഗീകരിക്കുന്നില്ല.
ദീര്‍ഘദൂര പാതകളില്‍നിന്നു സ്വകാര്യ ബസുകളെ ഒഴിവാക്കിയും ഓര്‍ഡിനറി ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്‌തുകൊണ്ട് കെ.എസ്.ആര്‍.ടി.സിയെ സംസ്‌ഥാന സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുമ്ബോഴാണു പുതിയ നിയമം വന്നത്.
കേന്ദ്രനിയമം വന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഈ കുത്തക തകരും. നിലവില്‍ നാഷണല്‍ പെര്‍മിറ്റ് നേടി നിരത്തിലോടിയ ഇന്റര്‍സ്‌റ്റേറ്റ് ബസില്‍ ബോര്‍ഡ് സ്‌ഥാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പത്തനംതിട്ട – കോയമ്പത്തൂർ ബസിന്റെ പെര്‍മിറ്റ് തല്‍ക്കാലം മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരിക്കുകയാണ്.
സംസ്‌ഥാന മോട്ടോര്‍ വാഹന വകുപ്പ് ബസ് തടയുകയാണെങ്കില്‍ നിയമനടപടിയിലേക്കു നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.
ബസുകളുടെ ദേശീയ ശരാശരി ആയിരം പേര്‍ക്ക് 1.33 ബസ് എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. ഇതുപ്രകാരം സംസ്‌ഥാനത്ത് മൂന്നരക്കോടി ജനങ്ങള്‍ക്ക് 46,550 ബസുകള്‍ വേണം. എന്നാല്‍, നിലവില്‍ സ്വകാര്യ കെ.എസ്.ആര്‍.ടി.സി. സംയുക്‌തമായി എടുത്താല്‍ 11,000 ബസുകളേ സംസ്‌ഥാനത്തുള്ളൂ. 7000 സ്വകാര്യബസുകളും 4,000 കെ.എസ്.ആര്‍.ടി.സി. ബസുകളും. സംസ്‌ഥാനത്ത് 35,550 ബസുകളുടെ കുറവുണ്ട്.
നാഷണല്‍ പെര്‍മിറ്റ് നേടുന്ന ബസുകളെ സംസ്‌ഥാന മോട്ടോര്‍ വാഹന വകുപ്പിനു തടയാനാകില്ലെന്ന് നിലവില്‍ പത്തനംതിട്ട – കോയമ്പത്തൂർ ഇന്റര്‍സ്‌റ്റേറ്റ് സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന്റെ ഉടമ ബേബി ഗിരീഷ് പറയുന്നു. ഇന്ത്യയൊട്ടാകെ നാഷണല്‍ പെര്‍മിറ്റില്‍ വാഹനം ഓടിക്കാം. ഒരു വാഹനത്തിന് അതിന്റെ ആദ്യ പന്ത്രണ്ടുവര്‍ഷത്തേക്കു മാത്രമേ ഇന്റര്‍സ്‌റ്റേറ്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഒരു വര്‍ഷംവരെ ഇന്റര്‍സ്‌റ്റേറ്റ് ബസില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും വ്യവസ്‌ഥയുണ്ട് – ഗിരീഷ് പറയുന്നു.
അതേസമയം 2004-ലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ട്രാക്റ്റ് – റൂട്ട് ബസുകളെക്കുറിച്ച് കൃത്യമായ നിര്‍വചനമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടുന്നു. കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തര്‍സംസ്ഥാന യാത്ര നടത്താനുള്ള അനുമതിയാണ് ഓള്‍ ഇന്ത്യാപെര്‍മിറ്റിലൂടെ ലഭിക്കുന്നത്. നികുതിയടയ്ക്കുന്നതിന് ചെക്പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനാണ് ഇത്.
ഒരു ടൂര്‍ ഓപ്പറേറ്റര്‍ക്കോ, വ്യക്തിക്കോ ഒരു കൂട്ടം യാത്രികരെ നിശ്ചിതസ്ഥലത്തേക്ക് കൊണ്ടുപോകാൻ ഇവ ഉപയോഗിക്കാം. സ്ഥിരമായ യാത്രാസമയം, റൂട്ട് എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കറ്റ് നല്‍കാനും റൂട്ട് ബസുകള്‍ക്ക് (സ്റ്റേജ്കാര്യേജ്) മാത്രമാണ് അനുമതിയുള്ളത്. ഈ വ്യവസ്ഥ തെറ്റിച്ച് കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ ഓടിയാല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മോട്ടോര്‍വാഹവകുപ്പിന്റെ സെഷൻ 207 പ്രകാരം ബസ് പിടിച്ചെടുക്കാമെന്നും കെ.എസ്.ആര്‍.ടി.സി. പറയുന്നു.