കൊച്ചി: നാലു വർഷത്തിനു ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തി. എന്നാൽ വിലകൂടിയപ്പോൾ വിൽക്കാൻ ഏലക്കായില്ലാത്ത അവസ്ഥയിലാണ് കർഷകർ. മൺസൂൺ മഴ കുറഞ്ഞതിനെ തുടർന്ന് ഉത്പാദനം ഗണ്യമായി ഇടിഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. 2019 ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ ഏലയ്ക്കാ വില കിലോയക്ക് 7000 രൂപയെന്ന റെക്കോർഡിനെത്തി. എന്നാൽ കൊവിഡിനെ തുടർന്ന് ഏലയ്ക്ക വിപണി തകർന്നു. ഒരു കിലോ ഏലയ്ക്കായുടെ ചില്ലറ വില്പന 700 രൂപ വരെ കുറഞ്ഞു. മെയ് മാസം അവസാനം വില ആയിരം രൂപക്കടുത്തെത്തി. മഴ കുറയുമെന്ന് ഉറപ്പായതോടെ വില കൂടാൻ തുടങ്ങി. ഈ മാസം ഏഴിന് വില കിലോയ്ക്ക് രണ്ടായിരം രൂപയിലെത്തി.
കഴിഞ്ഞ ദിവസത്തെ ലേലത്തിൽ 2152 രൂപയായിരുന്നു ശരാശരി വില. കൂടിയ വില 2899 ഉം. ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് ചെറുകിട കർഷകർക്ക് വില കിട്ടുന്നത്. ഓഗസ്റ്റ് മാസമായിട്ടും കാര്യമായി മഴ കിട്ടാതായതോടെ ഉൽപ്പാദനത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഒപ്പം പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഉയർന്നതും വില കൂടാൻ കാരണം. വില ഉയർന്നപ്പോൾ ചെറുകിട കർഷകരുടെ കൈയിലൊന്നും ഏലയ്ക്കയില്ല. കടം വാങ്ങി വളവും കീടനാശിനിയും തളിച്ചതോടെ പലരും കടക്കെണിയിലായി.
ഈ സീസണിൽ ഇതുവരെ 10 ദിവസം മാത്രമാണ് ശരാശരി മഴ കിട്ടിയത്. സെപ്റ്റംബർ ആദ്യവാരമെങ്കിലും മഴ കിട്ടുമെന്ന് പ്രതീക്ഷയിലാണ് കർഷകർ. മഴ കുറഞ്ഞതോടെ ഏലം സംരക്ഷിക്കാനായി ചെടികൾ നനയ്ക്കാനുള്ള ഒരുക്കങ്ങളും കർഷകർ തുടങ്ങി. എന്നാൽ ഏതാനും ആഴ്ചകൾ ഉപയോഗിക്കാനുള്ള വെള്ളം മാത്രമാണ് കുളങ്ങളിലുള്ളത്.