KeralaNEWS

കടം വാങ്ങിയ വ്യക്തി പണം തിരിച്ചു തരാതെ പണിതന്നോ..? എന്ത്‌ ചെയ്യണം..? നിയമവഴികൾ  അറിയുക

   പണം കടം കൊടുക്കുന്നത ശത്രുക്കളെ സൃഷ്ടിക്കും എന്നതാണ് വസ്തുത. പക്ഷേ അത്യാവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് മനുഷ്യസഹചമായ കാര്യമാണ്. എന്നാല്‍ പലപ്പോഴും ഉപകാരം ഉപദ്രവമായി മാറുന്നതാണ് പതിവ്. കടം കൊടുത്ത പണം തിരികെ ചോദിക്കുമ്പോള്‍ പലരുടെയും മട്ടും ഭാവവും മാറും. ചിലര്‍ മനപൂര്‍വം വൈകിപ്പിക്കും. അതുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ വഴി സൗഹൃദം തെറ്റാനും കാരണമായേക്കാം. നിസാരമായ തുകയാണെങ്കില്‍ ഉപേക്ഷിച്ചേക്കാം എന്ന് വെയ്ക്കാം. വലിയൊരു തുകയാണെങ്കിലോ, ഇത്തരം സാഹചര്യം വന്നാല്‍ എന്തുചെയ്യും..?

പറഞ്ഞ സമയം കഴിഞ്ഞ് കുറേ കാലമായിട്ടും പണം തിരികെ കിട്ടിയില്ലെങ്കിലോ..? ചോദിച്ചിട്ടും ഓര്‍മപ്പെടുത്തിയിട്ടും പണം തിരികെകിട്ടിയില്ലെങ്കില്‍ നിയമ മാര്‍ഗങ്ങളിലേക്ക് നീങ്ങാം.

Signature-ad

ആദ്യപടിയായി ലീഗല്‍ നോട്ടീസ് അയക്കുകയാണ് വേണ്ടത്. ഒരു അഭിഭാഷകനെ കണ്ട് പരാതിയുള്ള ആളിന്റെ വിലാസത്തിലേക്ക് നോട്ടീസ് അയക്കണം. നോട്ടീസില്‍ പണം തിരികെ നല്‍കിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ വിവരിക്കണം. ചില സാഹചര്യങ്ങളില്‍ നോട്ടീസ് കണ്ടാല്‍ തന്നെ നിയമ നടപടികള്‍ പേടിച്ച്‌ അവര്‍ പണം തിരിച്ചു തരും.

ലീഗല്‍ നോട്ടീസ് അയച്ചിട്ടും പണം കിട്ടിയില്ലെങ്കില്‍ പോലിസില്‍ പരാതി നല്‍കാം. തെളിവ് നിര്‍ബന്ധമാണ്. പോലീസ് നിങ്ങളെയും പണം നല്‍കാനുള്ളയാളെയും വിളിച്ച്‌ സംസാരിക്കും. പരാതി വസ്തു നിഷ്ഠമായതിനാല്‍ കോംപ്രമൈസ് ചര്‍ച്ച നടത്താനായിരിക്കും പോലീസ് ശ്രമിക്കുക.

അതുവഴിയും പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നിട്ടും പണം തരില്ല എന്നാണെങ്കില്‍ അവസാന മാര്‍ഗം സ്വീകരിക്കാം. ഒരു മണി റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്യുക തന്നെ. ഇതിനും അഭിഭാഷകന്റെ സഹായം വേണം. കാര്യങ്ങള്‍ കൃത്യമായി സൂചിപ്പിച്ച്‌ ചുമത്താവുന്ന വകുപ്പുകളില്‍ കൃത്യതയോടെ കേസ് ഫയല്‍ ചെയ്യണം.

കടംകൊടുത്ത പണത്തിന് പുറമേ മാനനഷ്ടത്തിനുള്ള തുകകൂടി കണക്കാക്കണം. അതും ചേര്‍ത്തുള്ള നഷ്ടപരിഹാരം നിങ്ങള്‍ക്ക് ലഭിക്കുമെന്നതുറപ്പാണ്. പരാതി സത്യസന്ധമാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യില്‍ ഉണ്ടാകണം.

ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്തതാണ് കാശെങ്കില്‍ യു.പി.ഐ ആപ്പ് സ്‌ക്രീന്‍ ഷോട്ട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, സ്‌ക്രീന്‍ ഷോട്ട്, കിട്ടാനുള്ള പണത്തിന്റെ പേരില്‍ പരസ്പരം അയച്ച മെസേജുകള്‍ തുടങ്ങിയവയൊക്കെ തെളിവായി ഉപയോഗിക്കാം. എന്നാല്‍ നേരിട്ട് കൈമാറിയ പണം ആണെങ്കില്‍ മെസേജുകളോ ഫോട്ടോകളോ മാത്രമാണ് തെളിവായി സമര്‍പ്പിക്കാനാകുക. അതും കോടതി സ്വീകരിക്കും.

Back to top button
error: