ഇടക്കാലത്ത് കൊക്കോയും, കാപ്പിയുമൊക്കെ പരീക്ഷിച്ചെങ്കിലും ഉള്ളതില്‍ മെച്ചം കവുങ്ങാണെന്ന് ഭൂരിഭാഗം കര്‍ഷകരും പറയുന്നു.ചുരുങ്ങിയ കാലത്തിനുള്ളില്‍ വിളവെടുക്കാം, ഒപ്പം റബ്ബറിനേക്കാള്‍ ഇരട്ടി വിലയും ലഭിക്കും. അധ്വാനവും പരിചരണച്ചെലവും നാലിലൊന്ന് മാത്രം.
ജില്ലയുടെ കിഴക്കൻ മേഖലകളായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലകളിലാണ് റബ്ബര്‍ പൂര്‍ണമായി വെട്ടിമാറ്റി കവുങ്ങ് കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്. റബ്ബറിന് ഇടവിളയാക്കിയവരും പൂര്‍ണമായി കവുങ്ങ് മാത്രം കൃഷിചെയ്തവരും നിരവധിയാണ്.തോട്ടങ്ങളുടെ അതിരുകളിലും കവുങ്ങുകള്‍ സ്ഥാനം പിടിച്ചു.
ഉണങ്ങിയ കൊട്ടപ്പാക്കിന് 300-310 രൂപ വരെ വിലയുണ്ട്. പഴുത്ത അടയ്ക്കയ്ക്ക് ഏഴ് രൂപയോളം കിട്ടും. ഹൈറേഞ്ച് മേഖലയിലെ വൻകിട തേയില തോട്ടങ്ങളില്‍ പോലും കവുങ്ങുകള്‍ ഇടവിളയായി കൃഷിചെയ്തു തുടങ്ങിയിട്ടുണ്ട്. പരമ്ബരാഗത റബ്ബര്‍ നഴ്സറികള്‍ പലതും തൈകളുടെ ഉത്പാദനം നാലിലൊന്നായി കുറച്ചു.പകരം ലക്ഷക്കണക്കിന് കവുങ്ങിൻ തൈകളാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്.
മംഗള ഇനത്തില്‍പെട്ട കവുങ്ങിനും കുള്ളൻ കവുങ്ങുകള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. കൃഷിചെയ്ത് രണ്ടര മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവ കായ്ച്ചു തുടങ്ങും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവ് ഇരട്ടിയാകും. നാടൻ കവുങ്ങുകളെ അപേക്ഷിച്ച് നാലിരട്ടിയിലേറെ ഉത്പാദനശേഷിയുമുണ്ട്. മുൻപ് അഞ്ച് രൂപ മുതല്‍ 10 രൂപയായിരുന്നു കവുങ്ങിൻതൈ വില. 30 മുതല്‍ 35 രൂപ വരെയാണ് ഇപ്പോള്‍ വില.
ചുരുങ്ങിയ പരിപാലനവും മികച്ച വരുമാനവുമാണ് മറ്റ് വിളകളില്‍നിന്നു കവുങ്ങ് കൃഷിയെ ജനകീയമാക്കുന്നത്.പ്രത്യേക പരിപാലനമോ സ്ഥിരം ജോലിക്കാരോ ആശ്യമില്ല.ഉടമയ്ക്ക് സ്വയം കൃഷിചെയ്യാം. കാലാവസ്ഥയും പ്രശ്നമല്ല.ചുരുങ്ങിയ സ്ഥലങ്ങളില്‍പോലും കവുങ്ങുകള്‍ നടാം.ആറടി അകലത്തില്‍ തൈകള്‍ നട്ടുപിടിപ്പിക്കാം.