നെഞ്ചുവിരിച്ചു പോരാടാൻ നിശ്ചയദാർഢ്യമുള്ള മനുഷ്യരുള്ളതു കൊണ്ടു മാത്രം യാഥാർഥ്യമായ സ്വപ്നമാണു രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് ട്രെയിൻ.
ഉദ്യോഗസ്ഥ യാഥാസ്ഥിതികത്വത്തിനും രാഷ്ട്രീയ പിടിവലികൾക്കുമിടയിൽ പാളം തെറ്റിക്കിടന്ന ആശയത്തെ പ്രാവർത്തികമാക്കിയെടുത്തതിനു പിന്നിൽ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഒരു സംഘം മനുഷ്യരുടെ രാപകലില്ലാത്ത അധ്വാനവും വിയർപ്പുമുണ്ട്.
സുധാംശു മണിയെന്ന ഐസിഎഫ് റിട്ട. ജനറൽ മാനേജർ ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും വന്ദേഭാരത് വിദൂരമായ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേനെ.18 മാസം കൊണ്ടാണു സമ്പൂർണ ഇന്ത്യൻ നിർമിത ട്രെയിൻ യാഥാർഥ്യമായത്. രണ്ടായി നിന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിൽ എത്തിച്ചതു മുതൽ സുധാംശു നടത്തിയ യാത്ര പാഠപുസ്തകമാണ്.
ലക്നൗ സ്വദേശിയാണു സുധാംശു മണി. കോളജ് പഠനത്തിനു പിന്നാലെ ബിഹാർ, ജമൽപൂരിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പരിശീലനം. 1981ൽ കൊൽക്കത്തയിൽ, ഇൗസ്റ്റേൺ റെയിൽവേ അസിസ്റ്റന്റ് മെക്കാനിക്കൽ എൻജിനിയറായി തുടക്കം. തുടർന്ന് 38 വർഷം റെയിൽവേക്കായി ജീവിച്ചയാൾ. ഹൃദയമിടിപ്പിനു പോലും ട്രെയിനുകളുടെ താളം. പ്രവർത്തനങ്ങളിലെ കണിശതയും കൃത്യതയും സുധാംശുമണിയെ വളരെ വേഗം ഉന്നത സ്ഥാനങ്ങളിലെത്തിച്ചു.
സുധാംശു മണി ഐസിഎഫിൽ ജനറൽ മാനേജർ കസേരയിൽ ഇരുന്നതിനു പിന്നാലെയാണ്, 2016ൽ സെമി-ഹൈ സ്പീഡ് ട്രെയിൻ ഇറക്കുമതി ചെയ്യാൻ റെയിൽവേ പദ്ധതിയിട്ടത്. ഇറക്കുമതി ട്രെയിനുകളോടു വേഗത്തിലും ഗുണമേന്മയിലും മത്സരിക്കാൻ കഴിയുന്ന തദ്ദേശീയ സാങ്കേതിക വിദ്യയോടെ സെമി-ഹൈ സ്പീഡ് ട്രെയിൻ ഇവിടെ ഉണ്ടാക്കാമല്ലോ എന്നു പറഞ്ഞപ്പോൾ പരിഹാസമായിരുന്നു ആദ്യ പ്രതികരണം. സുധാംശു നേരെ ഡൽഹിക്കു വിമാനം കയറി. റെയിൽവേ ബോർഡ് ചെയർമാനായിരുന്ന എ.കെ.മിത്തലിനെ നേരിൽക്കണ്ടു. വെറും രണ്ടു ട്രെയിനുകൾ നിർമിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. വിരമിക്കാൻ കേവലം 14 മാസം മാത്രം ബാക്കിയുണ്ടായിരുന്ന മിത്തലിന് മറ്റൊരു ഓഫർ കൂടി കൊടുത്തു : ‘സർ നിങ്ങൾ വിരമിക്കും മുൻപ് ആദ്യ ട്രെയിൻ പുറത്തിറങ്ങിയിരിക്കും. ഞാൻ ഇപ്പോൾ നിങ്ങളുടെ കാലു പിടിക്കാൻ പോവുകയാണ്. അനുമതി നൽകാതെ ഞാൻ പോവില്ല…’ സുധാംശുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മിത്തലിന്റെ പുഞ്ചിരി വിടർന്നു. വിമാനത്തിൽ ചെന്നൈയിൽ വന്നിറങ്ങും മുൻപേ ഐസിഎഫിന്റെ ഔദ്യോഗിക ഇ മെയിലിൽ ചെയർമാന്റെ അനുമതിക്കത്ത് കാത്തിരിപ്പുണ്ടായിരുന്നു. 200 കോടി രൂപയായിരുന്നു വന്ദേഭാരതിന്റെ മൂലധനം.
സെമി-ഹൈ സ്പീഡ് ബോഗികളുടെ ചട്ടക്കൂട് തയാറാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതു നിർമിക്കാൻ കഴിയുന്ന കമ്പനിയെ കാൻപുരിൽ കണ്ടെത്തി. 50 റെയിൽവേ എൻജിനീയർമാരും 500 ഫാക്ടറി തൊഴിലാളികളും അടങ്ങുന്ന സംഘം 18 മാസം കൊണ്ട് വന്ദേ ഭാരതിന്റെ പ്രോട്ടോടൈപ്പ് റാക്ക് രൂപകൽപന ചെയ്തെടുത്തു. രൂപകൽപനയിൽ ബോഗികൾക്ക് അടിയിൽ എൻജിൻ ഘടിപ്പിക്കാനുള്ള ഇടം കൂടി ഉൾപ്പെടുത്തി. ഡിസൈൻ തയാറാക്കുമ്പോൾ റെയിൽവേ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ഇത്. ഒടുവിൽ 18 മാസം കൊണ്ട്, 2018ൽ പൂർത്തിയായ ട്രെയിനിനെ ‘ട്രെയിൻ 18’ എന്ന പേരോടെ പുറത്തിറക്കി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് വന്ദേ ഭാരത് എന്ന് പുനർനാമകരണം ചെയ്തത്. പിന്നാലെ, സുധാംശു റെയിൽവേയിൽ നിന്നു വിരമിച്ചു.
2019 ഫെബ്രുവരി 19ന് വന്ദേഭാരത് ഇന്ത്യൻ പാളങ്ങളെ വിറപ്പിച്ചുകൊണ്ട് തന്റെ ആദ്യ സർവീസ് പൂർത്തിയാക്കി-ഡൽഹിക്കും വാരാണസിക്കും ഇടയിൽ !