കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറത്ത് എന്നുള്ള പഴമൊഴിയൊക്കെ പണ്ടത്തെ നാട്ടുപുരാണമായി.ഇന്ന് കഴിയ്ക്കാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യമുള്ള മുടിയ്ക്കുമെല്ലാം കറിവേപ്പില നല്ലൊരു ഒറ്റമൂലിയാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു.
കറികൾക്ക് രുചിയും മണവും നൽകുന്ന കറിവേപ്പിലയിൽ അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം തുടങ്ങി ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ പല അസുഖങ്ങളും ശമിപ്പിക്കാനും ഉതകുന്നതാണ് കറിവേപ്പില.
കറികൾക്ക് രുചിയും ഗുണവും നൽകുന്ന അത്യാവശ്യ ഘടകമായതിനാൽ മിക്കവരും കറിവേപ്പ് വീടുകളിൽ വച്ച് പിടിപ്പിക്കാറുണ്ട്.വേണ്ടവിധം പരിചരിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്ന് വലുതാവുന്ന ഒന്നാണ് കറിവേപ്പില.ചില പൊടിക്കൈകളും നല്ല വളപ്രയോഗങ്ങളും പയറ്റിയാൽ കറിവേപ്പില തഴച്ചുവളരും.വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇങ്ങനെ ചെയ്യാവുന്നതാണ്.
രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിച്ച് കറിവേപ്പ് നന്നായി വളരണമെങ്കിൽ വീട്ടിൽ മീൻ കഴുകിയ വെള്ളം മതി. ഇത് ആഴ്ചയിൽ ഒരു തവണ എന്ന രീതിയിൽ കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. മീൻ കഴുകുന്ന വെള്ളം പോലെ ഇറച്ചി കഴുകുന്ന വെള്ളവും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച വളമാണ്. വേറൊരു വളവും ഇല്ലാതെ കറിവേപ്പ് വളർന്നുപൊങ്ങാനുള്ള മികച്ച ഉപായമാണിത്.
മുട്ടത്തോട് കാൽസ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. തണ്ടിന് ബലമുണ്ടാകാൻ മുട്ടത്തോട് പൊടിച്ച് ചുവട്ടിലിട്ട് കൊടുക്കുക. മുട്ടത്തോടിൽ ഫോസ്ഫറസിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ കറിവേപ്പിന്റെ തണ്ടിന് ശക്തി ലഭിക്കും.അതേപോലെ നാരങ്ങാവെള്ളത്തിനും മറ്റും പിഴിഞ്ഞെടുത്ത നാരങ്ങയുടെ തോട് ഇനി കളയാതെ വെള്ളത്തിലിട്ട് വയ്ക്കുക. ഒരു ദിവസം ഇങ്ങനെ ഇട്ടുവച്ച ശേഷം കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയിൽ കാര്യമായ മാറ്റം കാണാൻ സാധിക്കും.
കഞ്ഞിവെളളം
കറിവേപ്പിലയിലെ കീടങ്ങളും പുഴുക്കളുമെല്ലാം തുരത്താൻ കഞ്ഞിവെളളം നല്ലൊരു പരിഹാരമാര്‍ഗമാണ്.തലേ ദിവസത്തെ പുളിച്ച കഞ്ഞിവെളളം ഇലകളില്‍ ഒഴിച്ചുകൊടുത്താല്‍ കറിവേപ്പില തഴച്ചു വളരുകയും ചെയ്യും
മീനുകളുടെ അവശിഷ്ടം
മത്തി പോലുളള മീനുകള്‍ കഴുകിയ വെളളവും അതിന്റെ അവശിഷ്ടങ്ങളുമെല്ലാം കറിവേപ്പിലത്തൈയുടെ ചുവട്ടിലായി ഒഴിച്ചുകൊടുക്കാം. ഇത് കറിവേപ്പില വളരാന്‍ സഹായിക്കും.
ചാണകം
ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവയും കറിവേപ്പിലയ്ക്കുളള നല്ല വളങ്ങളാണ്.ഇവ വെളളത്തില്‍ കലര്‍ത്തി ഒഴിക്കുന്നത് കറിവേപ്പിലയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.പുളിച്ച അര ബക്കറ്റ് കഞ്ഞിവെള്ളത്തില്‍ അരക്കിലോ കടലപ്പിണ്ണാക്ക് വാങ്ങി കുതിർത്ത ശേഷം അത് നേര്‍പ്പിച്ച് കറിവേപ്പിന്റെ താഴെ നിന്ന് ഒഴിച്ചുനല്‍കാം.