ന്യൂഡല്‍ഹി: വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിനായി പ്രിയങ്കാ ഗാന്ധിയാകും മത്സരിക്കുക എന്ന് സൂചന. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പേര് ഉയർന്നുവന്നിരിക്കുന്നത്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വിധി ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ ഉയര്‍ത്തി ലോക്‌സഭാ മത്സരത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്കയാകും തിരിഞ്ഞെടുപ്പ് ഉടന്‍ നടന്നാല്‍ സ്ഥാനാര്‍ത്ഥിയെന്ന സൂചന കെപിസിസിക്കും ഹൈക്കമാണ്ട് നല്‍കിയിട്ടുണ്ട്. രാഹുലിനേക്കാള്‍ മികച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ഉറപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
അതിനിടെ വയനാട് ഉപതിരഞ്ഞെടുപ്പ് വേണമോ എന്ന ചിന്ത കമ്മീഷനുണ്ട്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാല്‍ ആറു മാസത്തില്‍ കൂടുതല്‍ ഒരു മണ്ഡലവും ഒഴിച്ചിടരുതെന്നാണ് ചട്ടം. എല്ലാ നിയമോപദേശവും തേടിയ ശേഷമേ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കൂ എന്നാണ് വിവരം.ബിജെപിയുടെ നിലപാടും ഇക്കാര്യത്തിൽ നിര്‍ണ്ണായകമാകും.