രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഈറോഡ് എറണാകുളം, കോട്ടയം, ആലപ്പുഴ വഴികളിലൂടെ തിരുവനന്തപുരം ആയിരുന്നു ആദ്യ പാദം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനെ മെയിന്‍ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ പ്രാഥമിക സര്‍വെയ്ക്കുള്ള തുക ബജറ്റില്‍ വകയിരുത്തിയതും അദ്ദേഹമാണ്. തിരുവനന്തപുരം റെയില്‍വേസ്റ്റേഷന്‍ ആധുനീകരിക്കുകയും രണ്ടാമതൊരു പ്രവേശന കവാടവും പാര്‍ക്കിങ് സ്ഥലവും ബുക്കിങ് കൗണ്ടറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.
തിരുവനന്തപുരത്തേയ്ക്ക് കൂടുത്തല്‍ ട്രെയിനുകള്‍ കൊണ്ടുവരാന്‍ കൊച്ചുവേളിയില്‍ ഒരു പുതിയ ടെര്‍മിനല്‍ സ്ഥാപിച്ചു. പുതിയതായി 4 ഉം 5 ഉം പ്ലാറ്റ്‌ഫോമുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ടെര്‍മിനലില്‍ സജ്ജമാക്കി.കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ റെയില്‍വേ യാര്‍ഡ് വിപുലമാക്കി. തിരുവനന്തപുരത്തെ ‘എ’ ക്യാറ്റഗറി റെയില്‍വേ സ്റ്റേഷനാക്കാന്‍ ആധുനീകരിച്ച സ്ലാബ് സിസ്റ്റം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് റൂട്ട് റിലെ സിസ്റ്റം ഏര്‍പ്പെടുത്തി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തി.
ജനപ്രിയ റ്റ്രെയിനുകളായ ജനശതാബ്ദി, അമൃത എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്നും നാഗര്‍കോവില്‍ വഴി എഗ്മൂറിലെക്കുള്ള അനന്തപുരി എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി മംഗലാപുരത്തെക്കുള്ള മാവേലി എക്സ്‌പ്രസ്, കൊല്‍ക്കത്തയിലേക്കുള്ള ഗുരുദേവ് എക്സ്‌പ്രസ് എന്നിവ എത്തുന്നതും രാജഗോപാലിന്റെ മന്ത്രിപദവി കാലത്താണ്.