ആലപ്പുഴയുടെ ഭംഗിയും കാഴ്ചകളും പ്രത്യേകിച്ചാരും പറഞ്ഞുതരേണ്ട കാര്യമില്ല. വൈവിധ്യങ്ങൾ നിറഞ്ഞ ഇടങ്ങൾ, ലോകസഞ്ചാരികൾ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങള്‍, ഗ്രാമീണതയുടെ ഭംഗി അങ്ങനെ എങ്ങനെ നോക്കിയാലും ആലപ്പുഴയിലെ കാഴ്ചകൾ കിടിലൻ തന്നെയാണ്.
കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ എത്തിയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുരവഞ്ചിയില്‍(ഹൗസ് ബോട്ട്) കൊച്ചി വരെയുള്ള യാത്ര. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കനാലുകള്‍ വഴി തെങ്ങിന് തോപ്പുകളുടെയും നെല്‍പ്പാടങ്ങളുടെയും നടുവിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്.
മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ്. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറിയ്ക്കുന്ന പലരുചികളും കെട്ടുവള്ളങ്ങളില്‍ സുലഭം.
ഹൗസ്ബോട്ടും കായൽത്തീരവും കഴിഞ്ഞാൽ പിന്നെ സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടൽപ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകളെ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാകുന്നു.
ആലപ്പുഴയിൽ എത്തുന്നവർ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ആലപ്പുഴയിൽ നിന്ന് വെറും 33 കിലോമീറ്റർ സഞ്ചരിച്ചാൽ കുമരകത്തെത്താം.
കേരളത്തിന്റെ നെതർലാൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്.സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ വിശേഷണമുള്ളത്.കുമരകത്തെ കരിമീൻ ലോകപ്രശസ്തമാണ്.
നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലമാണ് വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന പാതിരമണൽ എന്ന ചെറു ദ്വീപ്. പക്ഷിനിരീക്ഷകർക്ക് എന്നുമൊരു പറുദീസയാണ് ഇത്.ആലപ്പുഴ ജില്ലയില്‍ മുഹമ്മ പഞ്ചായത്തില്‍ പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് പാതിരാമണല്‍. കണ്ടല്‍ക്കാടുകളും മറ്റു ജല സസ്യങ്ങളും കുറ്റിച്ചെടികളും ചേര്‍ന്ന് പക്ഷികളുടെ ആവാസകേന്ദ്രമായ ഈ ഭൂമിയ്ക്ക് 50 ഏക്കറോളം വിസ്തൃതിയുണ്ട്.
ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായലിന്റെ ഹൃദയ ഭാഗത്താണ് ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന കുട്ടനാട് സ്ഥിതി ചെയ്യുന്നത്.ഇവിടെ വിളയുന്ന നെല്ലിന്റെ സമൃദ്ധിയാണ് ഈ പ്രദേശത്തിന് ഇങ്ങിനെയൊരു പേരു നല്‍കിയത്.ബോട്ടിൽ മാത്രമല്ല, ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലൂടെ സഞ്ചരിച്ചാലും കുട്ടനാടിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ കഴിയും.
ഈ ഗ്രാമങ്ങളിലേക്കു സഞ്ചാരികള്‍ക്ക് കടന്നു ചെല്ലാം.വിളവെടുപ്പ് കാലത്ത്, നെല്ല് കൊയ്യുന്ന സമയത്ത് പാടത്ത് കൃഷിക്കാരെയും കര്‍ഷക തൊഴിലാളികളെയും കണ്ട് അവരുടെ രീതിയും മനസ്സിലാക്കാം.പാടങ്ങള്‍ കൃഷിയുടെ മാത്രമല്ല വിവിധതരം പക്ഷികളുടെയും മറ്റ് ചെറു ജീവികളുടെയും ആവാസ വ്യവസ്ഥ കൂടിയാണ്.പാടങ്ങളിലും അതിനെ ചുറ്റിയുള്ള തോടുകളിലും ദേശാടനപക്ഷികളെ യഥേഷ്ടം കാണാം, മറ്റ് ജലപക്ഷികളെയും കാണാനാകും.തെങ്ങിന്റെ സമൃദ്ധിയാൽ നിറഞ്ഞ ഇവിടുത്തെ ബണ്ടുകൾ, കള്ളിനും തേങ്ങക്കും വേണ്ടിയുള്ള തെങ്ങു കൃഷി,തെങ്ങിൻ തോപ്പുകളിലെ ഷാപ്പുകൾ, അവിടുത്തെ ഭക്ഷണങ്ങൾ… തുടങ്ങി ധാരാളം കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഇവിടം.പുരവഞ്ചിയില്‍ സവാരി നടത്തിയോ, സാധാരണ ബോട്ടില്‍ സഞ്ചരിച്ചോ സഞ്ചാരികള്‍ക്ക് കുട്ടനാട്ടിനെ അനുഭവിക്കാം.