NEWSPravasi

ഷാർജയുടെ തീരവും ഖോർഫുക്കാനിലെ പാറയും

യു.എ.ഇയുടെ പിറവിക്ക് മുമ്പ് തന്നെ മലയാളത്തിന് സുപരിചിതമായ സ്ഥലമാണ് ഖോര്‍ഫുക്കാന്‍. മലയാളികള്‍ പ്രവാസത്തിലേക്ക് തിരിച്ച യാത്രകള്‍ അവസാനിച്ചതോ അല്ലെങ്കിൽ ആരംഭിച്ചതോ ഇവിടെ നിന്നായിരുന്നു

 

ഗഫൂറിനെ ഓർമ്മയില്ലേ…?
‘നാടോടിക്കാറ്റ്’ എന്ന സിനിമയിൽ  ദുബായിലേക്കെന്ന് പറഞ്ഞ് വിജയനെയും ദാസനെയും പറ്റിച്ച് ഉരുവിൽ കയറ്റി മദ്രാസിൽ ഇറക്കുന്ന ഗഫൂർ കാ ദോസ്തിനെ…!!

 

“കാലിഫോർണിയയിലേക്ക് ചരക്കു കേറ്റാൻ പോന്ന ഉരുവാണ്.ഇങ്ങ്ക്ക് രണ്ടാള്ക്കും ബേണ്ടി വേണോങ്കി ഞമ്മളത് ദുബായി കടപ്പുറം വഴി തിരിച്ചു വിടാം”

 

ദാസനെയും വിജയനെയും ദുബായിലാണെന്ന് പറഞ്ഞ് മദ്രാസ്സിലിറക്കി പറ്റിച്ച മാമുക്കോയയുടെ ഗഫൂറിനെ ‘നാടോടിക്കാറ്റ്’ കണ്ടവരാരും മറക്കുമെന്ന് തോന്നുന്നില്ല.ഇതേപോലെ

ദുബായ് എന്നു പറഞ്ഞ് പത്തേമാരിക്കാർ പണ്ട് യാത്രക്കാരെ ഇറക്കിവിട്ടിരുന്ന ഒരു പാറക്കെട്ട് ഇപ്പോഴും യു.എ.ഇയിലെ ഫുജൈറയ്ക്ക് സമീപം ഖോര്‍ഫുക്കാൻ കടലിടുക്കിൽ തലയെടുപ്പോടെ ഉയർന്നു നില്‍പ്പുണ്ട്. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ ഈ കടല്‍തീരത്തിനും പറയാന്‍ കഥകൾ ഏറെ.

 

അതെ ഇത് ഖോർഫുക്കാൻ…ജീവിതം കരുപ്പിടിപ്പിക്കുവാൻ രണ്ടും കൽപ്പിച്ചിറങ്ങിയവർ ഒരുകാലത്ത് നീന്തിക്കയറിയിരുന്ന സ്വപ്നങ്ങളുടെ മനോഹര തീരം !
മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ച 1960 കാലത്ത് ജീവിതമാര്‍ഗം തേടി മുംബൈയില്‍ നിന്ന് കടല്‍താണ്ടിയെത്തിയവരെ ഉരു ഉടമകള്‍ ഇറക്കിവിട്ടിരുന്നത് ഖോര്‍ഫുക്കാനിലെ ഈ പാറക്കെട്ടിലാണ്.
ഹോര്‍മുസ് കടലിടുക്ക് ചുറ്റി ദുബൈയിലെത്തിയാല്‍ പൊലീസ് പിടിയിലാവാൻ സാധ്യതയുള്ളതുകൊണ്ടാണ് ഫുജൈറയ്ക്കടുത്തുള്ള വിജനമായ ഖോര്‍‍‍ഫുക്കാൻ തീരത്തെ അവര്‍ അക്കാലത്ത് ആശ്രയിച്ചത്.

മണിക്കൂറുകളോളം പാറക്കെട്ടില്‍ കഴിഞ്ഞ് പൊലീസില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇങ്ങനെ തീരത്തേക്ക് നീന്തിക്കയറി ജീവിതം കൊയ്തെടുത്തവരും ജീവൻ കടലിൽ കളഞ്ഞവരും ധാരാളം.സ്വപ്നഭൂമിതേടിയെത്തിയവരില്‍ നീന്തലറിയാത്ത എത്രയോ പേര്‍ ഈ കടലിൽ മരിച്ചു വീണിട്ടുണ്ട്.
ചരിത്രം എന്നും വിജയികളോടൊപ്പമായതുകൊണ്ട് ഇവരുടെ കഥ എവിടെയും രേഖപ്പെടുത്താതെ പോയി എന്നുമാത്രം!

 

കടല്‍തീരത്തു കൂടി കാല്‍നടയായും മലയിറങ്ങി വന്ന അറബികളുടെ വണ്ടികളില്‍ വലിഞ്ഞുകയറിയും ദുബായിലും അതുവഴി മറ്റു ദേശങ്ങളിലുമെത്തി ജീവിതം കരുപിടിപ്പിച്ച പൂര്‍വികരുടെ കഥ ഒരുപക്ഷെ പുതുതലമുറയ്ക്ക് ഇന്ന് ചിന്തിക്കാന്‍ പോലുമാവില്ല; ജീവിതം കടലാഴങ്ങളിൽ ഹോമിക്കേണ്ടി വന്ന ആ ജൻമങ്ങളുടെയും!

 

 

യുഎഇയിലെ ഏഴ് എമിറേറ്റുകളിലൊന്നായ ഷാർജയുടെ ഭാഗമാണ് ഖോർഫുക്കാൻ കടൽത്തീരം.കടലിനടിയിൽ നിന്നും നഗരത്തെ നോക്കി തലയുയര്‍ത്തി നില്‍ക്കുന്ന ആ പാറയാണ് ഖോർഫുക്കാന്റെ അടയാളവും.പ്രവാസത്തിലേക്കുള്ള ദൂരത്തിന്റെയും ദുരന്തത്തിന്റെയും എന്നത്തെയും മായാത്ത അടയാളം പോലെ അത് ഇന്നും അവിടെ തലയുയർത്തി നിൽക്കുന്നു.

Back to top button
error: