ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റിൽ ദഹി എന്ന് ഹിന്ദിയിൽ ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് വിവാദമായിരിക്കുന്നത്.
കർണാടക മിൽക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആണ് തൈര് പാക്കറ്റുകളിൽ ഹിന്ദിയിൽ ദഹി എന്നെഴുതാനുള്ള നിർദ്ദേശം നൽകിയത്.
ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്.പാക്കറ്റുകളിൽ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റിൽ “മൊസാരു” എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്.