KeralaNEWS

മഴ തുടരും; ഇടിമിന്നലിൽ നിന്നും രക്ഷ നേടാൻ ചെയ്യേണ്ടത്

തിരുവനന്തപുരം:കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ഏതാനും ദിവസങ്ങൾ കൂടി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ പലഭാഗങ്ങളിലും വേനൽ മഴ ലഭിച്ചിരുന്നു.വടക്കൻ കേരളത്തിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യതയെന്നും ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാകും മഴയെന്നും റിപ്പോർട്ടിൽപറയുന്നു.
 ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പറഞ്ഞിരിക്കുന്നതിനാൽ ജനങ്ങൾ ഏറെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.കഴിഞ്ഞദിവസം കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചിരുന്നു.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

 

Signature-ad

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ പുറത്തേക്ക് പോകരുത്.

 

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിലും അതീവ ജാഗ്രതാ പുലർത്തണം.

Back to top button
error: