ആലപ്പുഴ:100 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രമാണ് കേരളത്തിലുടനീളം മണ്ണ്-ജലസംരക്ഷണ പദ്ധതികളിലും റോഡ് നിർമ്മാണത്തിനുമായി ഉപയോഗിച്ചിരിക്കുന്നത്. പരിസ്ഥിതിയോടിണങ്ങി സൗന്ദര്യവൽക്കരണത്തിനൊപ്പം സംരക്ഷണകവചമായും പ്രവർത്തിക്കുന്ന കയർ ഭൂവസ്ത്രങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ കാലത്ത് ആവിഷ്കരിച്ച ഫ്ലാഗ്ഷിപ്പ് പോഗ്രാമാണ്.പ്രതിസന്ധി നേരിടുന്ന കയർ മേഖലയ്ക്കാകെ ആശ്വാസമേകിയ കയർ ഭൂവസ്ത്രങ്ങൾ നിലവിൽ റോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങളിലും ഉപയോഗിച്ചുവരുന്നു.
സംസ്ഥാനത്തെ 584 കയർ സഹകരണ സംഘങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കയറിന് ആഭ്യന്തര വിപണി കണ്ടെത്തുന്നതിൽ കയർഭൂവസ്ത്രം പദ്ധതിക്ക് വലിയ പങ്കുണ്ട്. ഈ കയറുപയോഗിച്ച് ഭൂവസ്ത്രം നിർമ്മിക്കുന്നതും സംസ്ഥാനത്തെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കയർ സംഘങ്ങളാണ്. ഈ മേഖലയിൽ 95 ശതമാനവും സ്ത്രീകളാണ് തൊഴിലെടുത്ത് ഉപജീവനം നടത്തുന്നത് എന്നതിനാൽ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടുന്ന ഒരു പദ്ധതി കൂടിയാണ് ഇത്. പൊതുമേഖലാ സ്ഥാപനങ്ങളായ കയർഫെഡ്, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഇതിന് ആവശ്യമായ കയർ ഭൂവസ്ത്രം സംഭരിച്ച് നൽകുന്നത്.