ചാലക്കുടി: രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്നാണ് നിയമമെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് പരാതി.
രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകൾ നിർത്തേണ്ടത്.സ്ത്രീകൾ, മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്നും ജീവനക്കാർക്ക് കർശന നിർദേശം നൽകിയിരുന്നു.എന്നാൽ യാത്രക്കാർ കൈകാണിച്ചാലോ,ഇറങ്ങണമെന്ന് ആവശ്യപ്പെട്ടാലോ വണ്ടി നിർത്താറില്ലെന്നാണ് പരാതി.
അതേസമയം സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എസി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നും കെഎസ്ആർടിസി അറിയിച്ചു.
രാത്രിയിൽ ദീർഘദൂര സർവീസുകളൊഴികെ മറ്റ് സർവീസുകൾ വളരെ കുറച്ചു മാത്രമാണ് ഉള്ളതെന്നിരിക്കെ അത്യാവശ്യത്തിന് യാത്ര ചെയ്യേണ്ട ലോക്കൽ യാത്രക്കാർ ഇതുമൂലം രാത്രിയിൽ പെരുവഴിയിലാകുന്ന അവസ്ഥയാണുള്ളത്.