കോട്ടയം: വൈക്കം വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ ഇത്തവണത്തെ
ആറ്റുവേല ഉത്സവം മാർച്ച് 23ന് നടക്കും.സാധാരണ ക്ഷേത്രോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗംഭീരമായ ഒരു വാട്ടർ കാർണിവലാണ് ഇത്.ഒരു ദേശത്തിന്റെ മുഴുവൻ കൂട്ടായ്മയാണ് ഈ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകത.
ചരിത്രമുറങ്ങുന്ന വൈക്കം ക്ഷേത്രത്തിൽ നിന്നു തലയോലപ്പറമ്പ് റോഡിൽ എകദേശം 6 കിലോമീറ്റർ മാറിയാണു വടയാർ ഇളങ്കാവ് ദേവീക്ഷേത്രം.മൂവാറ്റുപുഴയാറിന് റെ ഇരുവശങ്ങളിലുമുള്ള കരക്കാരുടെ ദേശീയ ഉത്സവമെന്നാണ് ആറ്റുവേല മഹോത്സവം അറിയപ്പെടുന്നത്. രണ്ടു വലിയ കേവുവള്ളങ്ങളിൽ തട്ടിട്ട് അതിൽ ക്ഷേത്രമാതൃകയിൽ മൂന്നു നിലകളിലായി നിർമിച്ച ആറ്റുവേലച്ചാടാണ് ഈ ഉത്സവത്തിന്റെ മുഖ്യ ആകർഷണം.കൂടാതെ, ഘോഷയാത്രയിൽ അലങ്കരിച്ച ചെറിയ തോണികളുടെയും പരമ്പരാഗത ക്ഷേത്ര സംഗീതത്തിന്റെയും അകമ്പടിയുണ്ട്.
ആറ്റുവേല മഹോത്സവം ഒരു വാട്ടർ കാർണിവൽ ആണെന്നു തന്നെ പറയാം. ഇളംകാവ് ദേവിയുടെ സഹോദരിയെ സന്ദർശിക്കാൻ എത്തുന്ന കൊടുങ്ങല്ലൂർ ദേവിയെ സ്വീകരിക്കുന്ന ചടങ്ങാണ് ഇത്. ഭഗവതി ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രണ്ട് ദിവസത്തെ ഉത്സവത്തിൽ എല്ലാവരുടെയും ശ്രദ്ധ വെള്ളത്തിലൂടെ ഒഴുകുന്ന ക്ഷേത്രത്തിന്റെ വലിയ പകർപ്പ് തന്നെ.ക്ഷേത്രത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ആറ്റുവേല കടവിൽ നിന്നാണ് ഈ തോണി ഘോഷയാത്ര ആരംഭിക്കുന്നത്. അതിനാലാണ് ആറ്റുവേല ഉത്സവം എന്ന് ഇത് അറിയപ്പെടുന്നത്.രണ്ടു ദിവസമാണ് ഉത്സവം.