കോട്ടയം: ജി 20 ഉച്ചകോടി എത്തിയതോടെ കുമരകം കൂടുതൽ തിളങ്ങുന്നു. കോട്ടയം – കുമരകം റോഡിൽ നിന്ന് അമ്മങ്കരി റോഡിലേക്കു തിരിയുന്ന ഭാഗത്ത് കലുങ്കിന്റെ സംരക്ഷണ ഭിത്തി നീക്കുകയും കുഴി നികത്തുകയും ചെയ്തതോടെ ഇവിടുത്തെ ‘പതിവ്’ അപകടക്കെണി മാറിയിട്ടുണ്ട്.ഒട്ടേറെ അപകടങ്ങൾ നടന്ന വളവാണിത്.
തണ്ണീർമുക്കം മുതൽ കുമരകം വരെയുള്ള റോഡ് നവീകരിച്ചതിനു പിന്നാലെ പാലങ്ങളുടെ മോടി കൂട്ടലും തുടങ്ങിയിട്ടുണ്ട്.പാലത്തിന്റെ വശങ്ങളിൽ അടിഞ്ഞ മണ്ണും മാലിന്യവും നീക്കം ചെയ്തതിനോടൊപ്പം കൈവരികൾ പെയിന്റ് ചെയ്തു മനോഹരമാക്കുകയും ചെയ്യ്തു.റൂട്ടിലെ കലുങ്കുകൾക്കും ഭംഗി കൂട്ടും. കെടിഡിസി കൺവൻഷൻ സെന്ററിലേക്കു വാഹനത്തിൽ എത്തുന്ന വഴിയുടെ വശത്തും തോടിന്റെ കരയിലും ചെടികൾ വയ്ക്കുന്ന ജോലികളും തുടങ്ങി. കൺവൻഷൻ സെന്ററിന്റെ മുൻവശം കായലോരം പ്രത്യേക തരം പുല്ലും വിവിധ ഇനം ചെടികളും കൊണ്ടു മനോഹരമാക്കിയിട്ടുണ്ട്.
ജി 20 സമ്മേളനത്തിനു കുമരകത്ത് എത്തുന്ന പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടിലും പൊലീസ്, മെഡിക്കൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി അഗ്നിരക്ഷാസേന 23ന് മോക്ഡ്രിൽ നടത്തും. സൂരി, ലേക്ക് റിസോർട്ട്, താജ്, കെടിഡിസി, കോക്കനട്ട് ലഗൂൺ എന്നിവിടങ്ങളിലാണു മോക്ഡ്രിൽ നടത്തുന്നത്. പ്രതിനിധികൾ താമസസ്ഥലത്തു നിന്ന് കെടിഡിസി കൺവൻഷൻ സെന്ററിലേക്കു പോകുന്ന ജലപാതയുടെ പരിശോധനയും നടക്കും.
ജലവാഹനങ്ങളിൽ പോകുന്ന പ്രതിനിധികളുടെ സുരക്ഷയ്ക്കായി അഗ്നിരക്ഷാ സേനയ്ക്കൊപ്പം 14 മത്സ്യത്തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട് . കായലിൽ ആഴത്തിൽ മുങ്ങാനുള്ള കഴിവാണ് ഇവരെ തിരഞ്ഞെടുക്കാൻ കാരണം. മീൻപിടിത്തക്കാരെ കൂടി ഉൾപ്പെടുത്തി ജല പാതയിലും മോക്ഡ്രിൽ നടത്തിയേക്കും. വിദേശ മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇവിടങ്ങളിലെ പരിശോധന പൂർത്തിയാക്കി ഇന്നലെ മടങ്ങി.
മാർച്ച് 30 മുതൽ ഏപ്രില്‍ രണ്ടുവരെ കവണാറ്റിന്‍കരയിലെ കെ.ടി.ഡി.സി വാട്ടര്‍ സ്കേപ്സിലാണ് സമ്മേളനം. 10,000 ചതുരശ്ര അടിയില്‍ ശീതീകരിച്ച ഹാളാണ് ഇവിടെ സജ്ജമാക്കുന്നത്.
കോട്ടയത്തെ ഒരു കൊച്ചു ഗ്രാമമായിരുന്ന കുമരകം ഇന്ന് കാണുന്ന രീതിയിൽ ലോക പ്രശസ്തമായത് മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സന്ദർശനത്തോടെയാണ്.ക്രിസ്തുമസ് വെക്കേഷനായി 2000 ഡിസംബർ 25ന് കുമരകത്ത് എത്തിയ വാജ്പേയി 2021 ജനുവരി ഒന്നിനാണ് മടങ്ങിയത്.