KeralaNEWS

മൂന്നു വർഷത്തിനുള്ളിൽ ശബരിമല വിമാനത്താവളം

കോട്ടയം: ചെറുവള്ളി വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതോടെ ശബരിമല വിമാനത്താവളം എന്ന സ്വപ്ന പദ്ധതിക്ക് ചിറക് മുളച്ചിരിക്കുകയാണ്. വിമാനത്താവള നിർമ്മാണത്തിനായി ഇനി പാരിസ്ഥിതിക, വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതിയാണ് ലഭിക്കാനുള്ളത്. ഇവകൂടി ലഭിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ വിമാനത്താവളം യാഥാർത്ഥ്യമാകും.
സാങ്കേതിക,സാമ്പത്തിക, പരിസ്ഥിതി,സാമൂഹ്യ ആഘാത പഠനങ്ങൾ ആറ് മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് ആവശ്യമായ 3.5 കി മി വൺവേ അടക്കം 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നീളമുള്ള റൺവേ ശബരിമല വിമാനത്താവളത്തിന്റേതാകും.
ശബരിമല വിമാനത്താവളം വരുമ്പോൾ  തിരുവനന്തപുരം, കൊച്ചി, മധുര വിമാനത്താവളങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.നെടുമ്പാശേരി വിമാനത്താവളം 88 കിമി ആകാശ ദൂരപരിധിയിലും തിരുവനന്തപുരം വിമാനത്താവളം 120 കിമി അകലെയുമാണ്. 200 കിമി അകലെയാണ് മധുര വിമാനത്താവളം. അതിനാൽ സിഗ്നലുകൾ കൂടിക്കലരാനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആശങ്ക അസ്ഥാനത്താണെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.എയർസ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിനെ മറികടക്കാനാകും എന്നാണ് സംസ്ഥാനത്തിന്റെ മറുപടി. ചെന്നൈ, മുംബൈ, കണ്ണൂർ, കരിപ്പൂർ, വിമാനത്താവളങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം റബ്ബർ തോട്ടമായതിനാൽ പാരിസ്ഥിതികാനുമതി ലഭിക്കാൻ പ്രയാസമുണ്ടായേക്കില്ല. കേന്ദ്രാനുമതി ലഭിച്ചാൽ വിമാനത്താവള കമ്പനി രജിസ്റ്റർ ചെയ്യും. ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്കെ ഭീഷണിയില്ല. രണ്ട് ദേശീയ പാതകളും അഞ്ച് സംസ്ഥാന പാതകളുടെയും സാമീപ്യമുണ്ട്. വിമാനത്താവളത്തിൽ നിന്നും ശബരിമലയിലേക്ക് 52 കി മി ദൂരവും കോട്ടയത്തേക്ക് 40 കി മി ദൂരവുമാണുള്ളത്. ഇവയെല്ലാം പദ്ധതിക്കുള്ള അനുകൂല ഘടകങ്ങളാണ്.കൂടാതെ മധ്യകേരളത്തിലെ 25 ലക്ഷത്തോളം വിദേശ മലയാളി കുടുംബങ്ങൾക്കും ശബരിമല തീർത്ഥാടകർക്കും പദ്ധതി ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: