ആമസോണ്‍ വനത്തിന്റെ സന്തതി; കേരളത്തിലെ പഴ വിപണി കീഴടക്കാൻ ഇനി ‘അബിയു’
ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നെത്തിയ, കേരളത്തിലെ പഴ വിപണിയിലെ പുത്തൻ താരോദയമാണ് അബിയു. കേരളത്തിലെ പോലെ കൂടിയ അന്തരീക്ഷ ആദ്രതയും സമശീരോഷ്ണ കാലാവസ്ഥയുമാണ് ഈ പഴത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യം. കേരളത്തിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന വിളയാണിത്. വിലയില്ലാതെയും രോഗ – രോഗ കീടബാധ മൂലവും കഷ്ടത്തിലായ കേര കര്‍ഷകര്‍ക്ക് അബിയു നടന്നത് അധിക വരുമാനത്തിന് സഹായിക്കും. തണലിനെ ഇഷ്ടപ്പെടുന്നതിനാല്‍ തെങ്ങിന്‍ തോപ്പുകള്‍ക്ക് ഏറെ അനുയോജ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ട് തന്നെ വിളവു ലഭിച്ചു തുടങ്ങുമെന്നതിനാല്‍ വാണിജ്യക്കൃഷിയായി തെരഞ്ഞെടുക്കാം.
അബിയുവിന്റെ ഉള്ളിലെ കാമ്പ് നല്ല മധുരമുള്ളതും ചാറു നിറഞ്ഞതുമാണ്. ഇളം കരിക്കിനോട് സാമ്യമുള്ള ഈ കാമ്പാണ് ഭക്ഷ്യയോഗ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ടുതന്നെ ആദ്യ വിളവെടുപ്പ് ആരംഭിക്കം. പൂക്കളില്‍ പരാഗണം നടന്നു നാലു മാസം കഴിയുന്നതോടെ പുറംതോട് മഞ്ഞ നിറമാകും. അപ്പോഴാണ് അബിയൂ കഴിക്കാന്‍ പാകമാകുക. തോടുപൊളിക്കാതെ പഴം നെടുകെ മുറിച്ചു സ്പൂണ്‍ കൊണ്ട് അടര്‍ത്തിയെടുത്ത് കഴിക്കുന്ന രീതിയാണ് നല്ലത്. ഐസ്‌ക്രീം പോലുള്ള വിഭവങ്ങള്‍ക്ക് ടോപ്പിങ്ങായും അബിയു ഉപയോഗപ്പെടുത്താം. തണുപ്പിച്ച അബിയുവിന്റെ പള്‍പ്പ് കരിക്കിന്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഉന്‍മേഷദായകമാണ്.
മറ്റു ഫലവൃക്ഷങ്ങള്‍ നടുന്ന രീതി തന്നെ അനുവര്‍ത്തിക്കാം. കുഴികളില്‍ കമ്പോസ്‌റ്റോ കാലിവളമോ മേല്‍മണ്ണുമായി കൂട്ടിക്കലര്‍ത്തി, കൂനകൂട്ടി തൈകള്‍ വയ്ക്കുന്ന രീതിയാണ് അഭികാമ്യം. കൂടെക്കൂടെ നല്ല പച്ചിലവളങ്ങള്‍ തടങ്ങളില്‍ കൊടുത്ത് ജീവാമൃതം ഒഴിച്ചുകൊടുത്താല്‍ ചെടികള്‍ നന്നായി വളരും.
ചെടികളെ രൂപപ്പെടുത്തുന്ന രീതി
തറനിരപ്പില്‍ നിന്നും തായ്തണ്ട് മാത്രമേ നിലനിര്‍ത്താവൂ. ഒരു മീറ്റര്‍ വരെ ശാഖകള്‍ അനുവദിക്കരുത്. അതിനുശേഷം ശാഖകള്‍ അനുവദിച്ച്, മരങ്ങളെ ഒരു കുടപോലെ രൂപപ്പെടുത്തിയാല്‍ വളരെ ഉയരത്തില്‍ വളരാതെ ചെടികള്‍ സ്വാഭാവികമായി പൊക്കം കുറഞ്ഞ് വളര്‍ന്നു കൊള്ളും. മണ്ണില്‍ നല്ല ജൈവാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ധാരാളം ജലം ആവശ്യമുള്ള ഒരു ഫലവൃക്ഷമാണ് അബിയു. അതിനാല്‍ തടങ്ങളില്‍ എപ്പോഴും നനവു നിലനിര്‍ത്തണം. പുതയിട്ട് തടങ്ങളെ ഈര്‍പ്പമുള്ളതാക്കി മാറ്റിയാല്‍ ധാരാളം ഉപകാരികളായ സൂക്ഷ്മജീവികള്‍ വര്‍ദ്ധിച്ചു മരങ്ങളെ വളരെ കരുത്തോടെ വളരാന്‍ സഹായിക്കും. വര്‍ഷത്തില്‍ നാല് പ്രാവശ്യം 250 ഗ്രാം സംയുക്തവളങ്ങള്‍ 18:18:18 അല്ലെങ്കില്‍ ഒരു മരത്തിന് 100 ഗ്രാം വീതം ബ്ലോക്കോണ്‍സ്റ്റാര്‍ നല്‍കേണ്ടതാണ്. കൂടാതെ കായ്കള്‍ക്ക് വലുപ്പവും തൂക്കവും വെക്കാന്‍ നൂറു ഗ്രാം വീതം പൊട്ടാഷ് ഒന്നോ രണ്ടോ തവണ നല്‍കി നന്നായി നനച്ചുകൊടുക്കണം. എന്നാല്‍ മാത്രമേ ഉയര്‍ന്ന ഗുണമേന്മയുള്ളതും വലുപ്പമേറിയതുമായ ഫലങ്ങള്‍ ലഭിക്കൂ.
സപ്പോട്ടയുടെ കുടുബാംഗം
നമുക്ക് സുപരിചിതമായ സപ്പോട്ടയുടെ കുടുംബത്തിലെ അംഗമാണ് അബിയു, പ്യൂട്ടേറിയ കെയ്മിറ്റോ എന്നാണ് ശാസ്ത്രീയനാമം. കൊളംബിയ, പെറു, ബ്രസീല്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലും സുലഭമായി കാണപ്പെടുന്നു. തൈകള്‍ നട്ട് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പുഷ്പിച്ച്, ഫലങ്ങള്‍ നല്‍കുന്ന അബിയു മരങ്ങള്‍ നിറയെ ഇലച്ചാര്‍ത്തുമായി, തൊടിയിലും കൃഷിയിടങ്ങളിലും വളര്‍ന്ന് നല്ല മഞ്ഞ നിറത്തില്‍ കായ്കള്‍ പിടിച്ചു കിടക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ അബിയുവിന്റെ ധാരാളം ഇനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ആസ്‌ട്രേലിയന്‍ ഇനങ്ങളായ Z2, Z4 എന്നിവയാണ് ലോകോത്തര ഇനങ്ങള്‍. കായ്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നല്ല മഞ്ഞനിറവും 250 ഗ്രാം മുതല്‍ 600 ഗ്രാം വരെ തൂക്കവുമുണ്ട്. നിരവധി സസ്യജന്യ സംയുക്തങ്ങളാല്‍ സമ്പുഷ്ടമായ അബിയു അനേകം ജീവിതശൈലീരോഗങ്ങളെ തടയുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്തായാലും നമ്മുടെ തൊടികളില്‍ വളര്‍ത്തുന്ന ഒരു അബിയു മരം ഉദ്യാനത്തിന് വര്‍ണഭംഗിയും വീട്ടുകാര്‍ക്ക് ആരോഗ്യവും പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല.