ന്യൂഡൽഹി: ഔട്ടർ നോർത്ത് ഡൽഹിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ചയാണ് സംഭവം. ഭൽസ്വ ഡയറിയിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാത്രി വൈകിയ ശേഷവും കുട്ടി വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ തന്നെ പോലീസ് മൂന്ന് സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ ഫോട്ടോ സമീപപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയയ്ക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഏഴ് മണിയോടെയാണ് പ്രദേശത്തുള്ള ഒരു പാർക്കിൽ നിന്ന് കുട്ടിയെ കണ്ടുകിട്ടിയത്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടി ബലാത്സംഗത്തിനിരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയെ ഉപേക്ഷിച്ചുകടന്ന പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. പ്രതിയെ വൈകാതെ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ദേവേഷ് കുമാർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗത്തിനിരയാക്കിയതിനും പ്രതിക്കെതിരെ പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.