ബീജിങ്: ചൈനയിൽ വീണ്ടുംകോവിഡ് പിടിമുറുക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 37 ദശലക്ഷത്തിലെത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ രോഗവ്യാപനമായിരിക്കും ഇതെന്നാണ് വിവരം. കോവിഡിന്റെ പുതിയ ഉപവകഭേദമായ ബി.എഫ്.- 7 ആണ് ഇപ്പോൾ ചൈനയില്‍ പടർന്നുപിടിക്കുന്നത്.
ചൈനയുടെ ജനസംഖ്യയുടെ 18 ശതമാനം, അതായത് 248 ദശലക്ഷത്തിലേറെ പേർക്ക് ഡിസംബർ മാസത്തിലെ ആദ്യ 20 ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിച്ചതായി ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ ബുധനാഴ്ച ചേർന്ന ആഭ്യന്തരയോഗത്തില്‍ വ്യക്തമാക്കിയതായി ചർച്ചയിൽ പങ്കെടുത്തയാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കോവിഡ് വിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് എൻ.എച്ച്.സിയോ കോവിഡിനെ പ്രതിരോധിക്കാനായി കമ്മിഷൻ പുതുതായി രൂപീകരിച്ച നാഷണൽ ഡിസീസ് കൺട്രോൾ ബ്യൂറോയോ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
ബീജിങ്, സെച്വാൻ പ്രവിശ്യ, ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പകുതിയിലേറെപേർക്കും കോവിഡ് ബാധിച്ചതായി ഏജൻസികളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രികളില്‍ രോഗികൾ ദിനംപ്രതി വർധിക്കുന്നതിന്റേയും ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നും കരുതപ്പെടുന്നുണ്ട്.