SportsTRENDING

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ ഫൈനലിൽ മെസിപ്പടയ്ക്ക് പഴയ കടം വീട്ടാനാകുമോ ?

ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനലിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. റഷ്യൻ ഫുട്ബോള്‍ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് മൂന്നിനെതിരെ നാല് ഗോളിന് അർജൻറീനയെ തോൽപിച്ചിരുന്നു. പകരം വീട്ടാൻ അർജൻറീനയും ജയം ആവർത്തിക്കാൻ ഫ്രാൻസും ഇറങ്ങുമ്പോൾ അന്ന് നേർക്കുനേർ പോരാടിയ താരങ്ങളിൽ ചിലർ ഇത്തവണയും മുഖാമുഖം വരും.

റഷ്യൻ ലോകകപ്പിൽ ഗോൾമേളം കണ്ട മത്സരങ്ങളിലൊന്നായിരുന്നു ഫ്രാന്‍സും അര്‍ജന്‍റീനയും തമ്മില്‍. ഫ്രഞ്ച് യുവ നിരയോട് ഓടിത്തോറ്റ അര്‍ജന്‍റീന ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കസാൻ അരീനയിൽ അര്‍ജന്‍റീനയ്ക്കായി ആദ്യ ഇലവനിൽ ഇറങ്ങിയ ലിയോണൽ മെസി, ഏഞ്ചൽ ഡി മരിയ, നിക്കോളസ് ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരും പകരക്കാരുടെ ബെഞ്ചിലായിരുന്ന അക്യൂനയും ഡിബാലയും ലുസൈലിൽ കണക്ക് ചോദിക്കാൻ വരുന്നവരുടെ കൂട്ടത്തിലുണ്ട്. ഫ്രാൻസിന് വീണ്ടും ജയമൊരുക്കാൻ ഇറങ്ങുന്നത് നായകൻ ഹ്യൂഗോ ലോറിസ്, കിലിയൻ എംബപ്പെ, അന്‍റോയിൻ ഗ്രീസ്‌മാൻ, റാഫേൽ വരാൻ, ബെഞ്ചമിൻ പവാര്‍ഡ്, ഉസ്‌മൻ ഡെംബെലെ എന്നിവര്‍.

Signature-ad

ഇക്കുറി ഖത്തറില്‍ കൂടുതൽ കരുത്തുറ്റ നിരയുമായി അര്‍ജന്‍റീന മുഖാമുഖം വരുമ്പോൾ ഫ്രാൻസ് ഒന്നുകൂടി മിനുക്കിയ ടീമായാണ് എത്തുന്നത്. മെസിപ്പട പകരം വീട്ടുമോ അതോ അവസാന ചിരി ഒരിക്കൽ കൂടി ഹ്യൂഗോ ലോറിസിന്‍റേതാകുമോ എന്ന് കാത്തിരുന്നറിയാം. ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. മെസിക്ക് കനകകിരീടത്തോടെ യാത്രയപ്പ് നല്‍കുകയാവും അര്‍ജന്‍റീനയുടെ ലക്ഷ്യം. അതേസമയം കിരീടം നിലനിര്‍ത്തുക എന്ന വമ്പന്‍ കടമ്പയാണ് ഫ്രാന്‍സിന് മുന്നിലുള്ളത്.

Back to top button
error: