SportsTRENDING

പക അത് വീട്ടാനുള്ളതാണ്…! കഴിഞ്ഞ ലോകകപ്പിലെ ‘ആ പക’ നീലപ്പട അങ്ങ് വീട്ടി; അരങ്ങ് വാണ് ആൽബിസെലസ്റ്റുകൾ ക്രൊയേഷ്യയ്ക്ക് നൽകിയത് കനത്ത തിരിച്ചടി

♦അലൻ വണ്ടാനത്ത്

ക അത് വീട്ടാനുള്ളതാണ്…! എന്ന പഞ്ച് ഡയലോ​ഗ് പോലെയായിരുന്നു ലുസൈല്‍ സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ക്രൊയേഷ്യ – അർജ​ന്റീന മത്സരം. 2018ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരെ 3-0 തോൽവിക്ക് അതേ നാണയത്തിൽ സുപ്രധാന മത്സരത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് അർജ​ന്റീന. മശിഹാ തുടക്കം കുറിച്ച ​ഗോൾ വേട്ടയോടെ അരങ്ങ് വാണ് ആൽബിസെലസ്റ്റുകൾ ആടിതിമിർക്കുകയായിരുന്നു. നായകൻ ലയണൽ മെസി ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്ത മത്സരത്തിൽ എതിരില്ലാത്ത മൂന്നുഗോളുകൾ നേടിയാണ് നീലപ്പട വിജയിച്ചത്.

 

2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയുമായി ഏറ്റുമുട്ടിയപ്പോൾ മെസ്സിപ്പട 3-0 തോൽവിയായിരുന്നു ഫലം. ആന്റേ റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാൻ റെകിറ്റിച്ച് എന്നിവരാണ് അന്ന് ക്രോട്ട് പടക്കായി വല കുലുക്കിയത്. തുടർന്നും മികച്ച പ്രകടനം നടത്തിയ അവർ ആദ്യമായി ലോകകപ്പ് ഫൈനലിലുമെത്തിയിരുന്നു. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളുമുണ്ടായിരുന്നത്. 2006ലും 2014ലുമായി നടന്ന സൗഹൃദ മത്സരങ്ങളിൽ ഇരുടീമുകളും ഓരോ മത്സരങ്ങളിൽ വിജയിക്കുകയായിരുന്നു. ലോകകപ്പിലും ഇതേ രീതിയിലാണ് മത്സര ഫലം. 2018ൽ അർജ​ന്റീന പരാജയപ്പെട്ടപ്പോൾ 1998ൽ എതിരില്ലാത്ത ഒരു ഗോളിന് ലാറ്റിനമേരിക്കൻ കരുത്തർ വിജയിച്ചിരുന്നു.

33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. 69ാം മിനുട്ടിൽ അൽവാരസ് തന്നെ ക്രൊയേഷ്യൻ ശവപ്പെട്ടിൽ മൂന്നാം ആണിയടിച്ചു. തകർപ്പൻ ഫോമിലയിരുന്ന മെസി നൽകിയ പാസിലായിരുന്നു അൽവാരസ് തന്റെ രണ്ടാം ഗോൾ നേടിയത്. ഇതോടെ എതിരില്ലാത്ത മൂന്നു ഗോളുകൾ അർജ​ന്റീന സ്‌കോർബോർഡിൽ ചേർക്കപ്പെടുകയായിരുന്നു. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. 25ാം മിനുട്ടിലാണ് കളിയിലെ ആദ്യ ഷോട്ട് വന്നത്. എന്നാൽ ഫെർണാണ്ടസെടുത്ത ഷോട്ട് ലിവാകോവിച്ച് തടുത്തിട്ടു. 41ാം മിനുട്ടിൽ മെസിയെടുത്ത കോർണർ ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി.

Back to top button
error: