NEWS

ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ; അറിയാം കണ്ണൂർ ജില്ലയിലെ നദികളെ 

15 കിലോമീറ്ററിൽ കൂടുതൽ പ്രവാഹ ദൈർഘ്യമുള്ള പുഴകളെ ആണ് കേരളത്തിൽ നദികളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.
ആ രീതിയിൽ നോക്കുമ്പോൾ കണ്ണൂർ ജില്ലയിലാകെ ഏഴ് നദികളാണ് ഉള്ളത്..
രാമപുരം നദി.
തലശ്ശേരി പുഴ
അഞ്ചരക്കണ്ടി പുഴ
പെരുമ്പ നദി
മയ്യഴിപ്പുഴ
കുപ്പം പുഴ.
വളപട്ടണം പുഴ
1) രാമപുരം നദി. നീളം  19 K M
കണ്ണൂർ ജില്ലയിലെ ഏഴു നദികളിൽ ഒന്നാണ്
രാമപുരം നദി .കണ്ണൂർ ജില്ലയിലെ ഏറ്റവും ചെറിയ നദിയും ഇതാണ്. 19 കിലോമീറ്റർ മാത്രമാണ് നീളം.
ജില്ലയുടെ കിഴക്ക് ഇരിങ്ങൽ മലനിരകളിൽ നിന്ന്  ഉത്ഭവിച്ച് പരിയാരം,  ചെറുതാഴം, മാടായി എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി കവ്വായി കായലിൽ അവസാനിക്കുന്നു.
പഴയങ്ങാടിയ്ക്ക് സമീപം രാമപുരത്തു കൂടി ഒഴുകുന്നതിനാലാണ് ഈ പേരു വന്നത്. ഏഴിമലയോടടുത്തു രണ്ടായി പിരിഞ്ഞ് ഒരു ഭാഗം പാലക്കോടു പുഴയായി കടലിൽ ചേരുന്നു.
2) തലശ്ശേരി പുഴ .നീളം 28 KM
കണ്ണൂർ ജില്ലയിൽ ,തലശ്ശേരിയ്ക്ക്  കിഴക്ക് പാട്യത്തിന് സമീപം കുന്നോത്ത് വനങ്ങളിൽ  ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്നൊഴുകി  ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യാലിപ്പുഴ അഥവാ. തലശ്ശേരി പുഴ .   മുറിയ പുഴ എന്ന പോഷക നദിയുമുണ്ട്, തലശ്ശേരി പട്ടണം ഈ നദിയുടെ കരയിലാണ്.
ചെറുവാഞ്ചേരി, മുതിയങ്ങ, പാട്യം, മൊകേരി, പന്തക്കൽ (മയ്യഴി) എന്നീ ഗ്രാമങ്ങളിലൂടെയും തലശ്ശേരി നഗരാതിർത്തിയിലൂടെയും ഒഴുകുന്ന ഈ നദിക്ക് 28 കി.മീ. ദൈർഘ്യമുണ്ട്. നദിയുടെ നീർത്തടത്തിന് 157.59 കി. മീ. വിസ്തീർണ്ണമുണ്ട്.
3) അഞ്ചരക്കണ്ടി പുഴ .നീളം 48 KM
കണ്ണൂർ ജില്ലയിലെ  കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്‌വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് അഞ്ചരക്കണ്ടി പുഴ.
അഞ്ചരക്കണ്ടി പട്ടണത്തിലൂടെ ഒഴുകുന്നതുകൊണ്ടാണ് ആ പേരിൽ ഈ നദി അറിയപ്പെടുന്നത്.
 48 കിലോമീറ്ററാണ്  നീളം.
  കുറ്റിമലയിൽ നിന്നും ചെറിയ ഉറവയായി ആരംഭിച്ച് പെരുമ്പൂത്ത് വഴി ഏകദേശം നാലു കിലോമീറ്ററോളം വനത്തിലൂടെ ഒഴുകുന്നു. പിന്നീട് കൊളപ്പമലയിൽ വച്ച് നദി 60 മീറ്റർ താഴേക്കു പതിക്കുന്നു. അവിടെ നിന്നും വീണ്ടും 14 കിലോമീറ്റർ ദൂരം വനത്തിലൂടെ ഒഴുകുന്നു. തുടർന്ന് എടയാറിനടുത്തു വച്ച് ജനവാസകേന്ദ്രത്തിൽ എത്തിച്ചേരുന്നു.
മട്ടന്നൂർ മുൻസിപ്പൽ അതിർത്തിയിലൂടെയും കോളയാട് , ചിറ്റാരിപ്പറമ്പ്, മാലൂർ, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, പിണറായി, ധർമ്മടം, കടമ്പൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു.
ഈ രണ്ട് പതന സ്ഥാനങ്ങൾക്ക് ഇടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് ധർമ്മടം
 കണ്ടൽ കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ  തുരുത്തുകൾ അഴിമുഖത്തോട് ചേർന്ന് കാണപ്പെടുന്നു.
മുഴപ്പിലങ്ങാട് – ധർമ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ  മൊയ്തു പാലം അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരിന്നു.
4 ) പെരുമ്പ നദി . നീളം 51 K M.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മലനിരയായ കല്ലൻ കുന്നുകളിൽ ഉത്ഭവിച്ച് പയ്യന്നൂർ പട്ടണത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന ശുദ്ധജല നദിയാണ് പെരുമ്പപ്പുഴ .
പെരാമ്പ്ര നദി, പെരുമ്പുഴ, പെരും പുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ പാണപ്പുഴ എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു.
 51 കിലോമീറ്റർ നീളമുള്ള ഈ നദിക്ക് വണ്ണാത്തിപ്പുഴ, കല്ലംകുളം തൊട്ടി, പങ്കടം തോട് എന്നീ പോഷക നദികളുണ്ട്. എരമം, കുറ്റൂർ, മാതമംഗലം എന്നീ സ്ഥലങ്ങളിലൂടെയും ഒഴുകുന്നു.
 കവ്വായി കായലിലാണ് പതനം .
ബി.സി.ഒന്നാം ശതകം മുതൽ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത് പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തിൽ കാനം എന്നാൽ
പുഴ എന്നാണ് അര്ത്ഥം.
5) മയ്യഴിപ്പുഴ (Mahe River) നീളം 54 കി.മീ.
വയനാടൻ കുന്നുകളിൽ ഉത്ഭവിക്കുന്ന മയ്യഴിപ്പുഴ 54 കിലോമീറ്റർ ഒഴുകി മാഹിയ്ക്ക് സമീപം വച്ച് അറബിക്കടലിൽ പതിക്കുന്നു   .
മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോൾ മാത്രമാണ്. മറ്റിടങ്ങളിൽ അതത് സ്ഥലങ്ങളുടെ പേരുമായി ചേർത്താണ് പുഴ അറിയപ്പെടുന്നത്.
മയ്യഴി പട്ടണത്തിന്റെ വടക്കേ അതിർത്തി മയ്യഴി പുഴയാണ്.
നരിപ്പറ്റ, വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങാനൂര്, ത്രിപ്പങ്ങത്തൂർ, പെരിങ്ങളം, എടച്ചേരി, കച്ചേരി, ഏറാമല, പാറക്കടവ്, കരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂർ, മാഹീ എന്നിങ്ങനെ നിരവധി ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും ജീവനാഡിയാണ് മയ്യഴിപ്പുഴ
കേരളത്തിലെ നദികളിൽ ഇത് ശ്രദ്ധേയമാകുന്നത് കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായുള്ള ബന്ധം കൊണ്ടാണ്. പുതുച്ചേരിയുടെ ഭാഗമായ മാഹി അഥവാ മയ്യഴിയിലൂടെ ഈ പുഴ ഒഴുകുന്നു
 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീർണം.
ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള യാത്രകൾക്കും മയ്യഴിയിലേക്കും ഉൾനാടൻഗ്രാമങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനുമായി പണ്ട് ഈ പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലിൽ ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാൽ അഴിമുഖത്തോട് ചേർന്നുള്ള കടൽത്തീരത്താണ് ഇപ്പോൾ മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുന്നത്.
 വിനോദസഞ്ചാരികളെ മയ്യഴിയിലേക്ക് ആകർഷിക്കുന്നതിൽ ഈ പുഴ നിർണ്ണായകമായ പങ്ക് വഹിക്കുന്നു
 എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലൂടെയാണ് ഈ പുഴ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്.
യൂറോപ്യന്മാരുടെ ഭരണകാളത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് ഈ പുഴയെ  വിളിച്ചിരുന്നു.
 ഇംഗ്ലീഷ് ചാനലാണ്  ഫ്രാൻസിനേയും ബ്രിട്ടണേയും വേർതിരിക്കുന്നത്. അതുപോലെ ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മയ്യഴിയെ, തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ് എന്നതിനാലാണത്.
6) കുപ്പം പുഴ. നീളം  88 KM
പശ്ചിമഘട്ട മലനിരകളിൽ കർണാടക അതിർത്തിയിൽ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ   പട്ടണത്തിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദിയാണ്  കുപ്പം.
കണ്ഠമംഗലം പുഴ എന്നൊരു നാമവും കുപ്പം പുഴക്ക് ഉള്ളതായ് പറയപ്പെടുന്നു.  പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും കുപ്പം പുഴയെ പറയാറുണ്ട്.
തെരണ്ടി,   ചെറിയൂർ,  പാച്ചേനി,   ഇരിങ്ങൽ, കുപ്പം, പട്ടുവം പയങ്ങാടി എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്നു.
88 കിലോമീറ്ററാണ് നീളം. കേരളത്തിലെ ഏറ്റവും ആഴമുള്ള പുഴയും കുപ്പമാണ്.
പയങ്ങാടി ഗ്രാമത്തിൽ ഈ നദി പയങ്ങാടിപ്പുഴ എന്നറിയപ്പെടുന്നു. കുപ്പം നദിക്ക് ചിരിയതോട്,  കുട്ടിക്കോൽപ്പുഴ, മുക്കൂട്ടത്തോട്, ആള്കുട്ടത്തോട്, പക്കത്തുപുഴ എന്നിങ്ങനെ നിരവധി കൈവഴികളും പോഷകനദികളുമുണ്ട്.
 ഉദയഗിരി ഗ്രാമപഞ്ചായത്തിലെ വായികമ്പപുഴ മാമ്പൊയിൽ പുഴ ചീക്കാട് മണക്കടവ് പുഴ എന്നിവ മുക്കടയിൽ ഒന്നുചേർന്ന് ഒഴുകി കുപ്പം പുഴയുടെ ഭാഗമാകുന്നു.
(മൂന്ന് കടവുകൾ ഒന്നുചേർന്ന് ഒഴുകുന്ന സ്ഥലത്തെ  മുക്കടവ് എന്ന് വിളിച്ചിരുന്നു അത്  ലോപിച്ച് മുക്കട എന്ന പേര്  വന്നു),
ആലക്കോട് .ഗ്രാമപഞ്ചായത്ത്   ചപ്പാരപ്പടവ്ഗ്രാമ പഞ്ചായത്ത് പരിയാരം ഗ്രാമപഞ്ചായത്ത്,ഏഴോം ഗ്രാമപഞ്ചായത്ത് തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും  ഒഴുകി അഴീക്കൽ വച്ച് വളപട്ടണം പുഴയുമായി ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു.
വിവിധ   സ്ഥലങ്ങളിൽ പുഴ രണ്ടായി പിരിഞ്ഞു ഒഴുകുന്നതിനാൽ അതി മനോഹരമായ കുറേ തുരുത്തുകളും കുപ്പം പുഴയിൽ ഉണ്ട് .
പണ്ടുകാലത്ത് യാത്രാവശ്യത്തിനായി ബോട്ട് സർവ്വീസുകൾ ഉണ്ടായിരുന്നു.റോഡുകൾ കൂടുതലായി വന്നതും പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം
ബോട്ടു സർവ്വീസ് നിർത്തിവെച്ചു  .
ജലഗതാഗതത്തിനായി പണ്ട്  നിർമ്മിച്ച സുൽത്താൻതോടിനാൽ കുപ്പം പുഴയെ രാമപുരം പുഴയുമയി ബന്ധിപ്പിച്ചിട്ടുണ്ടു്
7 ) വളപട്ടണം പുഴ 110 K M.
കേരളത്തിലെ നദികളിൽ വലിപ്പത്തിൽ പത്താം സ്ഥാനമുള്ള പുഴയാണ് വളപട്ടണം പുഴ.ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നുമാണിത്.കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയുമാണിത്.
 കർണാടകം അതിർത്തിയിലെ ബ്രഹ്മഗിരി റിസേർവ് വനങ്ങളിൽ ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലൂടെ ഒഴുകി അഴിക്കൽ തുറമുഖത്തിനടുത്ത് അറബിക്കടലിൽ ചേരുന്നു. വളപട്ടണം ഈ നദിയുടെ കരയിലാണ്. ഇരിക്കൂർ പുഴ, ശ്രീകണ്ഠപുരം പുഴ, ബാവലി പുഴ, വേണിപുഴ, ബാരാപ്പോൾ പുഴ, ആറളം പുഴ എന്നിവ ഈ നദിയുടെ പോഷക നദികളാണ്.
 ആണ്ട് മുഴുവൻ ജല സമൃദ്ധമായൊഴുകുന്ന വള പട്ടണം പുഴ വെള്ളത്തിന്റെ അളവ് വച്ചു നോക്കിയാൽ  കേരളത്തിലെ നാലാമത്തെ വലിയ പുഴയാണ്‌.
  കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട്   നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.
തെർലയി, കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ ഈ  പുഴയിലാണ്.
ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.
പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: