NEWS

വീട്ടമ്മമാർക്ക് ഒരു കൈത്താങ്ങ്; സ്ത്രീകൾക്ക് സ്വന്തമായി തൊഴിൽ ചെയ്യാൻ സഹായിക്കുന്ന ചില സർക്കാർ പദ്ധതികൾ 

സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ്സ് ചെയ്യുവാനും വരുമാനം നേടാനും അനുകൂലമായ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.പുതിയതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്കായി സർക്കാരിന്റെ ചില മികച്ച പദ്ധതികൾ ചുവടെ ചേർക്കുന്നു.
അന്നപൂർണ പദ്ധതി 
അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങൾക്കായി ഫുഡ് കാറ്ററിംഗ് ബിസിനസ്സ് നടത്തുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.അടുക്കളയിലേക്ക് പുതിയ വസ്തുക്കൾ വാങ്ങുന്നതും ആവശ്യമായ അടുക്കള ഉപകരണങ്ങൾ വാങ്ങുന്നതിനും തുക നൽകുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.അന്നപൂർണ പദ്ധതി പ്രകാരം അപേക്ഷിക്കുന്ന വനിതയ്‌ക്ക്‌ ബിസിനസ്സിനായി അനുവദിക്കുന്ന പരമാവധി തുക 50,000 രൂപയാണ്.മൂന്നു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതിയാകും.
ഭാരതിയ മഹിള ബാങ്ക് ബിസിനസ് ലോൺ 
സ്വയം ജീവിതമാർഗ്ഗം കണ്ടെത്താൻ ആഗ്രഹിക്കുന്ന നിരാലംബരായ വനിതകളെ ശാക്തീകരിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഈ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഈ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു. ഉയർന്ന കച്ചവട സാധ്യത ഉള്ള ബിസിനസ്സ് ആശയങ്ങൾക്കായി ബാങ്ക് സ്ത്രീകൾക്ക് ഇരുപത് കോടി വരെ നൽകും.ഈ വായ്പയുടെ പലിശ നിരക്ക് 10.25 ശതമാനം ആണ്.
മുദ്ര പദ്ധതി
ടെയ്‌ലർ ഷോപ്പുകൾ, ട്യൂഷൻ സെന്ററുകൾ, ചെറിയ തുണിക്കടകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായാണ് ഈ പദ്ധതി.ഈ പദ്ധതിക്ക് വായ്പ വിതരണത്തിന് ഈട് കാണിക്കേണ്ടതില്ല.അൻപതിനായിരം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് വായ്പ ലഭിക്കുക.
 സംരംഭത്തിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ പരിഗണിച്ചാണിത്.
ഓറിയൻറ് മഹിള വികാസ് യോജന സ്കീം 
മഹിളകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഇനിഷ്യൽ തുകയ്ക്ക് വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.അതായത്, ഒരു സ്ത്രീ സംരംഭക പദ്ധതിയിൽ 51 ശതമാനം തുക മുടക്കിയിരിക്കണം.ബാക്കി തുക സർക്കാർ വായ്പയായി നൽകും. അനുവദിച്ച വായ്പകൾക്ക്, പലിശ നിരക്കിന് 2% കിഴിവ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.ഏഴ് വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ചാൽ മതിയാകും.
ഉദ്യോഗിനി പദ്ധതി
18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈ പദ്ധതിയിൽ വേഗത്തിൽ ലഭിക്കും. അപേക്ഷകയുടെ കുടുംബത്തിന്റെ ഒരു വർഷത്തെ വരുമാന തുക 45,000 രൂപയിൽ താഴെയായിരിക്കണം. പക്ഷെ, നിരാലംബയായ സ്ത്രീ, അംഗവൈകല്യം ബാധിച്ച സ്ത്രീ, വിധവയായ സ്ത്രീ ഇവർക്ക് ഈ വരുമാന പരിധി ബാധകമായിരിക്കില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
വനിത മിത്ര

രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് ഇത് പ്രകാരം അനുവദിക്കുന്നത്.വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്‌സിന്റെ മൂന്നു ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്.15 ശതമാനം പരമാവധി മൂന്നു ലക്ഷം വരെ മൂലധന സബ്‌സിഡിയും ലഭിക്കും.വനിതാ വികസന കോര്‍പ്പറേഷന്റെ www.kswdc.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

 

കഴിവും സ്ഥിരോത്സാഹവുമുള്ളവര്‍ക്കു സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാം. അതുവഴി സ്വയംതൊഴില്‍ നേടുകയും മറ്റുള്ളവര്‍ക്കു തൊഴില്‍ നല്കുകയും ചെയ്യാം.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൊഴില്‍മേഖല: സംരംഭം തുടങ്ങേണ്ട മേഖല തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. ഒരാളുടെ കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുയോജ്യമായ മേഖലയില്‍ സംരംഭം തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. പരിചയമില്ലാത്ത രംഗത്തു പ്രവര്‍ത്തനം തുടങ്ങിയാല്‍ പരാജയസാദ്ധ്യത വളരെ കൂടുതലായിരിക്കും.
ഉത്പന്നങ്ങളുടെ വിപണനം,പരമ്പരാഗത വ്യവസായങ്ങളുമായി ബന്ധപ്പെട്ട ചെറുകിട സംരംഭം തുടങ്ങി ഐടി മേഖലയിലെ പുതിയ ട്രെന്‍റായ സ്റ്റാര്‍ട്ട് അപ്പ് വരെ ഏതു രംഗത്തും സാദ്ധ്യതകളുണ്ട്. തിരഞ്ഞെടുക്കുന്ന മേഖലയെക്കുറിച്ചു വസ്തുനിഷ്ഠമായ പഠനം നടത്തണം. സാദ്ധ്യതകളെയും പരിമിതികളെയും തിരിച്ചറിയണം. ആദ്യചുവടു പിഴച്ചാല്‍ എല്ലാം പിഴച്ചു എന്നത് ഓര്‍മ വച്ചുകൊണ്ടു വേണം സ്വയം തൊഴിലിനുള്ള മേഖല കണ്ടെത്തുവാന്‍.

 

സാങ്കേതികവിദ്യ: ഏതു സംരംഭമാണു തുടങ്ങേണ്ടതെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനാവശ്യമായ സാങ്കേതികവിദ്യകള്‍ ഏതെല്ലാമെന്നു മനസ്സിലാക്കണം. സാങ്കേതികവിദ്യയുടെ ലഭ്യത, ആവശ്യമായ മുതല്‍മുടക്ക്, എന്തെല്ലാം കഴിവുകളുള്ളവരെ ആവശ്യമായി വരും, അവരുടെ ലഭ്യത എന്നിവയെല്ലാം പരിഗണിക്കണം. സാങ്കേതിക അറിവിനും പ്രയോഗത്തിനും മറ്റുള്ളവരെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നത് അഭികാമ്യമല്ല. സ്വന്തം ശേഷിയില്‍ ഊന്നി നിന്നുകൊണ്ടു മുന്നോട്ടു നീങ്ങുന്നതാണ് ഉചിതം.

 

മൂലധനം: പുതുസംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മൂലധനത്തിന്‍റെ ലഭ്യതയാണ്. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി മൂലധനസ്രോതസ്സുകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ മൂലധനസംഭരണം ഒരിക്കലും എളുപ്പത്തിലാവില്ല. അതിനാല്‍ മൂലധനത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ സംരംഭകര്‍ക്കുണ്ടാവണം.
സംരംഭം തുടങ്ങാന്‍ എത്ര പണം വേണം? എത്ര കാലംകൊണ്ടു സംരംഭം ലാഭകരമായി മാറും? അതുവരെ ഓരോ ഘട്ടത്തിലും പ്രവര്‍ത്തന മൂലധനം എത്ര വേണ്ടിവരും? എന്നെല്ലാം കൃത്യമായി കണക്കാക്കണം. തുടക്കത്തിലെ നിക്ഷേപത്തിനായി സ്വന്തം സമ്പാദ്യം, രക്ഷിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പക്കല്‍നിന്നുള്ള കടം എന്നിവയെ ആശ്രയിക്കുന്നതാണ് ഉത്തമം.

 

ബാങ്ക് ലോണുകള്‍: പുതുസംരംഭകര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമൊക്കെ ലോണ്‍ നല്കുന്നതിനു ബാങ്കുകള്‍ക്ക് ഉദാരമായ സ്കീമുകളുണ്ട്. വിവിധ ബാങ്കുകള്‍ സന്ദര്‍ശിച്ചു വായ്പയുടെ ലഭ്യത, അവയ്ക്കാവശ്യമായ യോഗ്യത, രേഖകള്‍ എന്നിവയെക്കുറിച്ചു മനസ്സിലാക്കണം. ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു പ്രോജക്ട് റിപ്പോര്‍ട്ട്, മറ്റു രേഖകള്‍ എന്നിവ തയ്യാറാക്കിയാല്‍ വായ്പ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഒരു ബാങ്കുവായ്പ ലഭിച്ചാല്‍ ഒരു ബിസിനസ്സ് തുടങ്ങാം എന്ന മനോഭാവം ഒരു ഗുണവും ചെയ്യില്ല.ചെറിയ തോതില്‍ ഒരു സംരംഭം തുടങ്ങിയശേഷം അതിന്‍റെ വളര്‍ച്ചയും സാദ്ധ്യതകളും ബാങ്കിനെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ലോണ്‍ കിട്ടുവാന്‍ എളുപ്പമാകും.

 

സര്‍ക്കാര്‍ സ്കീമുകള്‍: ചെറുകിട വ്യവസായികളെയും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരെയും സഹായിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിരവധി സ്കീമുകളുണ്ട്. ചെറുകിട വ്യവസായികള്‍ക്കുള്ള കമ്പോള വികസന പദ്ധതി, വ്യക്തിഗത സഹായം, മൂലധന സബ്സിഡി, മാര്‍ജിന്‍ മണി വായ്പാപദ്ധതി, ക്രെഡിറ്റ് ഗ്യാരന്‍റി ഫണ്ട് സ്കീം, ടെക്നോളജി ഡവലപ്പ്മെന്‍റ്, പരിശീലനം, സ്ത്രീകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്കവിഭാഗക്കാര്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍ തുടങ്ങി സര്‍ക്കാര്‍ സ്കീമുകള്‍ അനേകമുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്ന പേരില്‍ വ്യാപകമായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളും സ്റ്റാര്‍ട്ട് അപ്പ് പോളിസികളുമുണ്ട്.

 

ജില്ലാ വ്യവസായകേന്ദ്രങ്ങള്‍, ഖാദി കമ്മീഷന്‍ ഓഫീസുകള്‍, ഖാദി ബോര്‍ഡ്. കേന്ദ്ര സര്‍ക്കാരിന്‍റെ സ്മാള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് വകുപ്പ്, വനിതാ വികസന കോര്‍പ്പേറഷന്‍, നബാര്‍ഡ്, പിന്നോക്ക വികസന കോര്‍പ്പറേഷന്‍, പട്ടികജാതി-പട്ടികവര്‍ഗവകുപ്പ്,കുടുംബശ്രീ മിഷന്‍, സാമൂഹ്യ ക്ഷേമവകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാല്‍ വിവിധ പദ്ധതികളെക്കുറിച്ചു മനസ്സിലാക്കാനാകും.

മനുഷ്യവിഭവശേഷി: പുതുസംരംഭങ്ങളുടെ ഏറ്റവും വലിയ സ്വത്തു മനുഷ്യശേഷിയാണെന്ന തിരിച്ചറിവില്‍ വേണം മുന്നോട്ടു പോകേണ്ടത്. സംരംഭം തിരഞ്ഞെടുക്കുമ്പോഴും ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോഴും ഇക്കാര്യം പ്രത്യേകം മനസ്സില്‍ കരുതണം. സംരംഭകനും ജീവനക്കാര്‍ക്കും തുടര്‍ച്ചയായ പരിശീലനം ഉറപ്പുവരുത്തുകയും വേണം.

വ്യവസ്ഥിതി വേണം: കൃത്യമായ രീതികളും വ്യവസ്ഥിതികളും (സിസ്റ്റം) തുടക്കം മുതല്‍തന്നെ നടപ്പിലാക്കണം. പുതുസംരംഭകര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. നമ്മുടെ അസാന്നിദ്ധ്യത്തിലും ബിസിനസ്സ് ഭംഗിയായി നടക്കണമെങ്കില്‍ ഇത്തരമൊരു സിസ്റ്റം അത്യന്താപേക്ഷിതമാണ്. കൃത്യമായി ഒരു സിസ്റ്റത്തിലൂടെ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ കാര്യക്ഷമത പലമടങ്ങായി വര്‍ദ്ധിക്കും.
കൂട്ടായ്മ: പുതുസംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ കൂട്ടായ്മകള്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ സമാന മനസ്കര്‍ ഒന്നിച്ചുകൂടുന്നതാണു നല്ലത്. സംരംഭ ത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമൊക്കെ കൂട്ടുസംരംഭങ്ങള്‍ ഉത്തമംതന്നെ.

ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും പരാജയങ്ങളില്‍ തളരാതിരിക്കുവാനുള്ള മനസ്സുമുണ്ടെങ്കില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ വിജയിക്കുമെന്നതില്‍ സംശയമില്ല.


വെബ്സൈറ്റുകള്‍: www. startupindia.gov.in; www. startupmission.keral.gov.in; www. msme.goc.inwww.kvic.org.in.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: