വൻ കുടിയേറ്റ നയം പ്രഖ്യാപിക്കാൻ തയ്യാറായി അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ദിനത്തിൽ ആയിരിക്കും പ്രഖ്യാപനം.
ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിന് നേർ വിപരീതമായിരിക്കും ജോ ബൈഡന്റെ നയം. ഇന്ത്യക്കാരുൾപ്പെടെ ഒരു കോടിയിൽ പരം അനധികൃത കുടിയേറ്റക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇങ്ങനെയുള്ളവർക്ക് എട്ടു വർഷത്തിനുള്ളിൽ അമേരിക്കൻ പൗരത്വം ലഭിക്കാൻ സാധ്യതയുള്ള നയം ആകും ജോ ബൈഡൻ പ്രഖ്യാപിക്കാൻ പോവുക എന്നാണ് വിവരം.
2021 ജനുവരിയിൽ അമേരിക്കയിൽ നിയമപരമല്ലാതെ താമസിക്കുന്നവർക്ക് അഞ്ചുവർഷത്തിനുള്ളിൽ പരിശോധനയ്ക്കുശേഷം താൽക്കാലിക നിയമസാധുത നേടാൻ കഴിയും എന്നതാണ് പുതിയ നയത്തിന്റെ പ്രത്യേകത. വ്യക്തിഗത പശ്ചാത്തല പരിശോധന നടത്തിയതിന് ശേഷം ആയിരിക്കും പൗരത്വം നൽകുക. താൽക്കാലിക അനുമതി ലഭിച്ചുകഴിഞ്ഞാൽ മൂന്നുവർഷത്തിനുശേഷം പൗരത്വം നേടാൻ കഴിയുന്ന രീതിയിലായിരിക്കും ബില്ല് കൊണ്ടുവരിക.