TRENDING

പിറവത്തിന് കോടതി നഷ്ടമായേക്കും

പിറവം: പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി പിറവത്തിന് നഷ്ടപ്പെടാൻ സാദ്ധ്യത. 2014ൽ ആരംഭിച്ച പിറവം കോടതിയുടെ കെട്ടിടവാടക ഒഴിവാക്കി നൽകുന്നത് സംബന്ധിച്ച് തീരുമാനമേടുക്കാത്തതു കൊണ്ട് മുവാറ്റുപുഴയിലേക്ക് മാറ്റുവാനാണ് സാധ്യത. വാടക നൽകി കോടതികൾ പ്രവർത്തിപ്പിക്കുവാനാകില്ല എന്നതാണ് ഹൈക്കോടതി നിലപാട്.

ഇപ്പോൾ കോടതി പ്രവർത്തിക്കുന്ന മാർക്കറ്റ് കോംപ്ലക്സിന്റെ വാടക ഒഴിവാക്കുന്നതിന് നഗരസഭ ഇതുവരെ ശ്രമിച്ചില്ല. മാത്രമല്ല ഇപ്പോൾ വാടക പുതുക്കുവാൻ നഗരസഭ, കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്. 2020 മാർച്ച് വരെ കോടതിയുടെ പ്രവർത്തനത്തിനായി പ്രതിമാസം 45000വീതം സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് നൽകിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുവാനായി 27 കോടതികളാണ് ജില്ലയിൽ ആരംഭിച്ചിരുന്നത്. രണ്ടുവർഷത്തേക്കായി മാത്രം ആരംഭിച്ച ഇത്തരം കോടതികൾ നിലനിർത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും അതിനുവേണ്ട ചിലവ് ബജറ്റിൽ ഉൾക്കൊള്ളിക്കുകയുമായിരുന്നു. എന്നാൽ വാടക രഹിത കെട്ടിടങ്ങൾ ഉണ്ടെങ്കിൽ കോടതി അവിടെ പ്രവർത്തിച്ചാൽമതി എന്ന നിലപാടിലാണ് ഹൈക്കോടതി. പിറവം കോടതി പ്രവർത്തിക്കുന്നതിന് മുവാറ്റുപുഴ കോടതിസമുച്ചയത്തിൽ സൗകര്യമുണ്ട് എന്ന് ബാർ അസോസിയേഷൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളം കോടതി ഇതേതുടർന്ന് മുവാറ്റുപുഴക്ക് മാറ്റിയിരുന്നു. ഈ സമയത്ത് പിറവത്തെ വക്കീലന്മാർ നഗരസഭാ അധികൃതരും, എംഎൽഎയുമായി സംസാരിക്കുകയും, നഗരസഭ വാടക ഒഴിവാക്കിനൽകാമെന്നും മിനി സിവിൽസ്റ്റേഷനിലേക്ക് കോടതി മാറ്റുവാൻ നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

Signature-ad

ഇത്‌ സംബന്ധിച്ച് നഗരസഭ കോടതിയിൽ കത്തും നൽകിയി. ഇതേതുടർന്ന് മൂന്ന് മാസത്തിനകം കോടതി മിനിസിവിൽസ്റ്റേഷനിലേക്ക് മാറ്റുവാൻ 2019 ഡിസംബറിൽ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി നഗരസഭാ കെട്ടിടത്തിൽനിന്നും മാറ്റുന്നതിനോ, വാടക ഒഴിവാക്കുന്നതിനോ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കോടതി പിറവത്ത് നിലനിർത്തുവാൻ ആവശ്യമായ നടപടികൾ എത്രയും വേഗം അധികൃതർ സ്വീകരിക്കണമെന്ന് പിറവം അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജിൻസൺ വി പോൾ ആവശ്യപ്പെട്ടു.

Back to top button
error: