ഐ.സി.സി ഹാള്‍ ഓഫ് ഫെയിം പുരസ്‌കാരം; ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഇനി ഇന്ത്യക്കാരി ലിസയും
ലോക ക്രിക്കറ്റ് ചരിത്രത്തില്‍ പേര് എഴുതി ചേര്‍ക്കപ്പെട്ട ഓള്‍റൗണ്ടറില്‍ ഇടം ചേര്‍ക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യക്കാരി ലൈല എന്ന ലിസ സ്തലേക്കര്‍. ഐ.സി.സി ഹാള്‍ ഓഫ് ഫെമിയില്‍ പുരസ്‌കാരത്തിനാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുളള ജാക് കാലിസ്, പാകിസ്ഥാനില്‍ നിന്നുളള സഹീര്‍ അബ്ബാസ് എന്നിവരില്‍ മൂന്നാമതായി ലിസയും ഇടം നേടിയത്. ഓണ്‍ലൈന്‍ ആയി നടന്ന ചടഹ്ങില്‍ സുനില്‍ ഗവാസ്‌കര്‍, മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്ക് എന്നിവരും മുഖ്യാതിഥികളായിരുന്നു.
ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന 27-ാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് ലിസ സ്തലേക്കര്‍. ബെലിന്‍ഡ ക്ലാര്‍ക്ക് ബെറ്റി വില്‍സണ്‍, കാരെന്‍ റോള്‍ട്ടണ്‍, കാതറിന്‍ ഫിറ്റ്‌സ്പാട്രിക്ക് എന്നിവര്‍ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ ഓസീസ് വനിതാ ക്രിക്കറ്ററും. വനിതാ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ലിസ 2013-ലാണ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ഏകദിനത്തില്‍ 2000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കിയ ആകെയുള്ള അഞ്ചു വനിതാ താരങ്ങളില്‍ ഒരാളാണ്. 125 ഏകദിനങ്ങളില്‍ നിന്ന് 2728 റണ്‍സും 146 വിക്കറ്റും നേടിയിട്ടുണ്ട്. ഓസീസ് വനിതാ ടീമിനൊപ്പം നാല് ലോകകപ്പ് വിജയങ്ങളിലും ലിസ പങ്കാളിയായി (2005, 2013 ഏകദിന ലോകകപ്പും 2010, 2012 വര്‍ഷങ്ങളിലെ ട്വന്റി 20 ലോകകപ്പും).
ലിസയുടെ ജീവിത കഥയെക്കുറിച്ച് പുരസ്‌കാര ചടങ്ങില്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് എല്ലാവര്‍ക്കും മാതൃക നല്‍കുന്ന ഒന്നായിരുന്നു. ലിസ അത്ഭുതമാണ്, ഓസ്‌ട്രേലിയയ്ക്കും ഒപ്പം ഇന്ത്യയ്ക്കും പ്രചോദനമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. പിന്നീട് അദ്ദേഹം തുറന്നുകാട്ടിയ കഥയിലെ നായിക ലിസ സ്തലേക്കര്‍ ആയിരുന്നു.
പൂണെയിലെ ഒരു അനാഥാലയത്തില്‍ ജനിച്ച ലൈല എന്ന പെണ്‍കുട്ടി പിന്നീട് ക്രിക്കറ്റിലെ ഇതിഹാസ താരമായി മാറി. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ വളര്‍ത്താനുളള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അവര്‍ ആ കുഞ്ഞിനെ പൂണെയിലെ സാസൂണ്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശ്രീവല്‍സ എന്ന അനാഥാലയത്തിനു നല്‍കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയിലെ മിഷിഗനില്‍ താമസിക്കുന്ന ഹാരെന്‍-സ്യൂ ദമ്പതികള്‍ ആ സമയം ഒരു ആണ്‍കുട്ടിയെ ദത്തെടുക്കണമെന്ന ആഗ്രഹവുമായി അവിടെ എത്തി. അങ്ങനെ ആണ്‍കുട്ടിയെ കിട്ടാതെ മടങ്ങാനിരിക്കവെ അവര്‍ ലൈലയെ കണ്ടുമുട്ടുകയായിരുന്നു. അങ്ങനെ ഒരുമാസം മാത്രം പ്രായമുളള ലൈലയെ അവര്‍ ദത്തെടുത്ത് ലിസ എന്ന് പേരിട്ടു. അങ്ങനെ സ്ഥലേകര്‍ ദമ്പതികള്‍ ആദ്യം ദത്തെടുത്ത മകള്‍ക്കൊപ്പം ലിസയും വളര്‍ന്നു. പിതാവ് ഹാരെന്റ് ജോലി സംബന്ധമായി അവര്‍ കെനിയയിലേക്ക് പോവുകയും പിന്നീട് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ താമസമാക്കുകയും ചെയ്തു.
തുടര്‍ന്നാണ് അവള്‍ക്ക് ക്രിക്കറ്റില്‍ താല്പര്യം ഉണ്ടായത്. അങ്ങനെ പടിപടിയായി ക്രിക്കറ്റില്‍ വളര്‍ന്ന ലിസ 2001 ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ ഓസീസിനു വേണ്ടി അരങ്ങേറി. ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റ് നേട്ടവും പിന്നിട്ട ആദ്യ വനിതാ താരമായി.
നിങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ലിസയുടെ മറുപടി ഇല്ല എന്നായിരുന്നു. 100 കോടി ജനങ്ങളില്‍നിന്ന് 1979ല്‍ എനിക്കു ജന്മം നല്‍കിയവരെ എങ്ങനെ കണ്ടെത്താനാണ് ലിസ പറഞ്ഞു.
ഹാള്‍ ഓഫ് ഫെയിം
ലോക ക്രിക്കറ്റിലെ അതുല്യ നേട്ടങ്ങള്‍ക്ക് നല്‍കുന്ന ബഹുമതിയാണ് ഹാള്‍ ഓഫ് ഫെയിം. പുരസ്‌കാരം ഏര്‍പ്പെടുത്തിയത് 2009-ല്‍. ഇതുവരെ 90-പേര്‍ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍നിന്നാണ്, 28 പേര്‍. ഓസ്‌ട്രേലിയയുടെ 26 താരങ്ങളും പട്ടികയിലുണ്ട്.