LIFE

യാത്രയ്‌ക്കൊരുങ്ങി കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്

രു കോട്ടയംകാരന്‍ പയ്യനും അമേരിക്കന്‍ പെണ്‍കുട്ടിയും ഒരുമിച്ച് ബൈക്കില്‍ ഹിമാലയത്തിലേക്ക് യാത്ര പോവുന്നു. ഒറ്റ വരിയില്‍ ഇതാണ് ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് കീലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ കഥ. പക്ഷേ കേള്‍ക്കുമ്പോള്‍ ലളിതമായി തോന്നുമെങ്കിലും ചിത്രം പറഞ്ഞ് പോവുന്ന വിഷയം കുറച്ച് തീവ്രതയുള്ളതാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സൂചിപ്പിച്ചു. മലയാളത്തിലാദ്യമായി ടെലിവിഷനില്‍ നേരിട്ട് പ്രദര്‍ശനത്തിനെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന്. ഓണനാളില്‍ ഏഷ്യാനെറ്റിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. ടൊവിനോ തോമസിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യ ജാര്‍വിസെന്ന വിദേശ നടിയാണ്.

ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ഷൂട്ട് ചെയ്ത ചിത്രമാണിത്. പല നാടുകളും, പല സംസ്‌കാരങ്ങളും ചിത്രത്തില്‍ കാണാം. ആദ്യ ചിത്രമായി സംവിധാനം ചെയ്യാനാഗ്രഹിച്ച സിനിമ സാമ്പത്തിക ചിലവ് കൂടുതലായതിനാല്‍ നടക്കാതെ പോവുകയായിരുന്നു. പലര്‍ക്കും കഥ ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടി വരുന്ന വലിയ സാമ്പത്തിക ചിലവ് ഓര്‍ത്തപ്പോള്‍ പിന്മാറുകയായിരുന്നു-സംവിധായകന്‍ പറയുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ട പല താരങ്ങളും ചിത്രത്തിന്റെയൊപ്പം സഹകരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അതൊക്കെ നടക്കാതെ പോയി. കഥ ഇഷ്ടപ്പെട്ട് സിനിമയുടെ ഭാഗമാകാന്‍ തയ്യാറായ ടൊവിനോ ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി സഹകരിക്കാമെന്ന് പറഞ്ഞതോടെ ചിത്രം സംഭവിക്കുകയായിരുന്നു.

2010 ല്‍ മറിമായം പ്രോഗ്രാമിന്റെ രചയിതാവായി എഴുത്തിലേക്ക് കടന്നു വന്ന ജിയോ ബേബി പിന്നീട് എം80 മൂസ, ഉപ്പും മുളകും തുടങ്ങിയ പ്രോഗ്രാമുകളുടെ എഴുത്തുകാരനായി ടെലിവിഷന്‍ രംഗത്ത് സജീവമാകുകയായിരുന്നു. പിന്നീട് കവിയൂര്‍ ശിവപ്രസാദ്, പ്രഭു രാധാകൃഷ്ണന്‍, ഗിരിഷ് മനോ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന് മുന്‍പ് ജിയോ ബേബി സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും ദേശിയ തലത്തിലും പ്രശംസ പിടിച്ചു പറ്റിയവയാണ്. രണ്ട് ചിത്രങ്ങളിലെയും അഭിനേതാക്കള്‍ക്ക് സംസ്ഥാന ദേശിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

Back to top button
error: