ലീഗുകാർ നാട്ടുകാരോട് ഇനി എന്ത് പറയും, കോൺഗ്രസ് നിലപാടിൽ പുലിവാല് പിടിച്ച് ലീഗ്
ലീഗിന്റെ നിലപാട് പലപ്പോഴും രാഷ്ട്രീയ കേരളം അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് തകർച്ചയിൽ ലീഗിന്റെ നിലപാടിനെ മതേതര കേരളം ഒട്ടു ബഹുമാനത്തോടെയും നോക്കിയിട്ടുണ്ട്. കടുത്ത മതചിന്തയുള്ള മുസ്ലീങ്ങൾ എന്നാൽ ലീഗിന്റെ ഈ നിലപാടിനെ ഒട്ട് സംശയത്തോടെയാണ് കണ്ടിരുന്നത്. അത് ചില സമാന്തര തീവ്രവാദ സംഘടനകളുടെ വളർച്ചക്കും കാരണമായി. ഇപ്പോഴിതാ പ്രിയങ്കാ ഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിന് നൽകിയ പിന്തുണ ലീഗിനെ വെള്ളത്തിലാക്കിയിരിക്കുന്നു.
ലീഗിനെ പിന്തുണച്ചിരുന്ന സമസ്തയടക്കമുള്ളവർ പ്രിയങ്കയുടെയും കോൺഗ്രസ് നേതാക്കളുടെയും ആശംസയും പിന്തുണയും കണ്ടതോടെ ഇടഞ്ഞിരിക്കുകയാണ്. മുഖപത്രത്തിലൂടെ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സമസ്ത.
അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിനെ പിന്തുണച്ച് ആദ്യം രംഗത്ത് വന്നത് കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥാണ്. പിന്നാലെ മറ്റൊരു കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആശംസ അറിയിച്ച് രംഗത്ത് വന്നു.എന്നാൽ ലീഗിനെ ഇതൊന്നുമല്ല വലച്ചത് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ക്ഷേത്ര നിർമ്മാണത്തിന് ഭാവുകം ഏകിയതോടെ ലീഗ് അക്ഷരാർത്ഥത്തിൽ പുലിവാലു പിടിച്ചു. കോൺഗ്രസിനെ തള്ളണോ കൊള്ളണോ എന്ന ആശയക്കുഴപ്പത്തിൽ ആയി ലീഗ്. സൈബറിടങ്ങളിലെ പരിഹാസങ്ങളും ചാനൽ ചർച്ചകളിലെ വിമർശന ശരങ്ങളും കൂടി ആയപ്പോൾ ലീഗിന്റെ പിടിവിട്ടു.
കോൺഗ്രസ് നിലപാടിനെതിരെ മുസ്ലിം സമുദായത്തിൽ കടുത്ത എതിർപ്പാണ് ഉള്ളത്. മൃദു ഹിന്ദുത്വം ഉപേക്ഷിച്ചില്ലെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്നാണ് സമസ്ത മുഖപത്രം സുപ്രഭാതത്തിലൂടെ താക്കീത് നൽകിയത്. നെഹ്‌റു കുടുംബത്തിൽ നിന്ന് പോലും ക്ഷേത്ര നിർമ്മാണത്തെ പ്രകീർത്തിക്കുന്ന പ്രസ്താവന വന്നതോടെ അണികളോട് എന്തു പറയണം എന്ന അങ്കലാപ്പിൽ ആയി ലീഗ്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകളുമായി പ്രാദേശിക തലത്തിൽ സഹകരിക്കാൻ ലീഗ് തീരുമാനിച്ചിരുന്നു. ഇതിനായി സർക്കുലറും ഇറക്കി. ധാരണ ഏതാണ്ട് നിലവിൽ വരികയും ഒരുവേള സി പി ഐ എം സഖ്യത്തെ ഭയക്കുകയും ചെയ്തു. എന്നാൽ അതിനെയൊക്കെ തകിടം മറിച്ചാണ് കോൺഗ്രസ് ദേശീയ തലത്തിൽ ഇങ്ങിനെ ഒരു നിലപാട് എടുത്തിരിക്കുന്നത്.
ഹൈന്ദവ ആരാധനക്കായി ക്ഷേത്രം പണിയുന്നതിനെ എതിർക്കില്ല. എന്നാൽ മറ്റൊരു ആരാധനാലയം തകർത്ത് ക്ഷേത്രം പണിയുന്നതിനെ ജനാധിപത്യ വിശ്വാസികൾ വേദനയോടെയാണ് കാണുന്നത്. കോൺഗ്രസിലെ ചില നേതാക്കളുടെ നിലപാടുകൾ വ്യക്തിപരമായാണ് കാണുന്നത്. ഇക്കാലമത്രയും പുലർത്തി വന്ന മതേതര നിലപാടിൽ നിന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പുറകോട്ട് പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത് -പിന്നീട് സമസ്ത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.