മാനന്തവാടി: മരിച്ചുപോയ പ്രിയപ്പെട്ടവര്‍ ഏറ്റവും സന്തോഷത്തോടെയിരിക്കണം, മോക്ഷപ്രാപ്തി നേടണം എന്ന വിശ്വാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ അര്‍പ്പിക്കുന്നതാണ് ബലിതര്‍പ്പണം. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായാണ് ഹിന്ദുക്കള്‍ ബലിതര്‍പ്പണത്തെ കാണുന്നത്. അതിന് ഏറ്റവും അനുജോജ്യമായ ദിവസമായി കണക്കാക്കി വരുന്നത് കര്‍ക്കിടക വാവ് ആണ്.
കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ അറിയപ്പെടുന്നത്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്ന് കരുതിപ്പോരുന്നു. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. അതിനാല്‍ കൊല്ലത്തില്‍ ഒരു തവണ പിതൃതര്‍പ്പണം നടത്തുന്നത് മരിച്ചുപോയ പ്രിയപ്പെട്ടവരുടെ മോക്ഷപ്രാപ്തിക്കായി ദിവസവും പ്രാര്‍ഥിക്കുന്നതിനു തുല്യമായി കണക്കാക്കപ്പെടുന്നു. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാല്‍ ഈ ദിവസം പിതൃതര്‍പ്പണത്തിന് അനുയോജ്യമായ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി വിശ്വാസികള്‍ കരുതിപ്പോരുന്നു. പ്രശസ്തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. കേരളത്തില്‍ അത്തരത്തില്‍ പിതൃതര്‍പ്പണത്തിന് ഏറ്റവും പേരുകേട്ട സ്ഥലമാണ് വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രം.
പിതൃക്കള്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ ബലിതര്‍പ്പണം നടത്തുന്നതിനൊപ്പം വിശ്വാസികളുടെ മനസിനും വളരെയേറെ ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന അന്തരീക്ഷം തിരുനെല്ലിയിലെ ബലിതര്‍പ്പണത്തെ ഏറെ പ്രശസ്തമാക്കുന്നു. തിരക്കുകള്‍ക്കിടയില്‍ പൂര്‍വികര്‍ക്കായി ഒരു ദിനം മാറ്റിവയ്ക്കുന്നതോടൊപ്പം നിറഞ്ഞ മനശാന്തിയാണ് തിരുനെല്ലി ഇവിടെ എത്തുന്നവര്‍ക്ക് പ്രദാനം ചെയ്യുന്നത്.
വയനാടിന്റെ ഉത്തരദേശത്ത് കുടകുമലനിരകളോടു ചേര്‍ന്ന് ആകാശം മുട്ടെ വ്യാപിച്ചു കിടക്കുന്ന ബ്രഹ്‌മഗിരിയുടെ താഴ്‌വരയിലാണ് പ്രശസ്തമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. ബ്രഹ്‌മാവിന്റെ പാദസ്പര്‍ശം സിദ്ധിച്ചതിനാലാണ് ഇവിടുത്തെ പര്‍വ്വതനിരയ്ക്ക് ബ്രഹ്‌മഗിരി എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു. ബ്രഹ്‌മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കാറ്റ് മാത്രം കടന്നുചെല്ലുന്ന വനഭൂമിക്കു നടുവില്‍ ഏതു കാലത്തെന്നു പറയാന്‍ കഴിയാത്തത്രയും പഴക്കമാര്‍ന്ന ഭാരതത്തിലെ പുണ്യക്ഷേത്രങ്ങളിലൊന്നായ തിരുനെല്ലിക്ഷേത്രം സഹ്യമലക്ഷേത്രമെന്നും ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും അറിയപ്പെടാറുണ്ട്. ബ്രഹ്‌മദേവനാണ് തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതീഹ്യം. ആമലക (നെല്ലിക്ക) ക്ഷേത്രം എന്നും തിരുനെല്ലി ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളില്‍ നെല്ലിമരങ്ങള്‍ ധാരാളമായി കാണാം. മഹാവിഷ്ണു ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പരമശിവന്റെ സാന്നിധ്യവും ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിലുണ്ട്. ഇവിടെ ശിവന്റെ ജ്യോതിര്‍ലിംഗ പ്രതിഷ്ഠ കാണാം. ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകുന്ന പാപനാശിനിപ്പുഴ ഏറെ പ്രസിദ്ധമാണ്.
പാപനാശിനിപ്പുഴ
ക്ഷേത്രത്തില്‍ നിന്ന് മാറി തെല്ലു അകത്തേക്ക് നടന്നാല്‍ പാപനാശിനി മുന്നില്‍ ഏറ്റവും മെലിഞ്ഞു ഒഴുകുന്നത് കാണാം. ജമദഗ്‌നി മഹര്‍ഷി തൊട്ട് നിരവധി പുണ്യാത്മാക്കള്‍ക്ക് മോക്ഷശിലയായ വിശ്രുതമായ പിണ്ണപ്പാറയുള്ളത് പാപനാശിനിയിലാണ്. ഒരിക്കലും ഈ അരുവിയിലെ ഒഴുക്ക് നിലയ്ക്കാറില്ല എന്നാണ് പറയപ്പെടുന്നത്, പക്ഷെ അങ്ങേയറ്റം മെലിഞ്ഞു നീണ്ട അരുവിയാണിത്. മനുഷ്യന്റെ പാപങ്ങള്‍ തീര്‍ക്കാന്‍ ഈ അരുവിയ്ക്ക് കഴിയും എന്നാണ് വിശ്വാസം. ജന്മാന്തരപാപങ്ങളുടെ ഭാരവുംപേറി വരുന്നവര്‍ പാപനാശിനിയില്‍ മുങ്ങിക്കുളിച്ചാല്‍ മനസിന് ശാന്തിയോടെ തിരിച്ചുപോകാം എന്നാണ് പറയപ്പെടുന്നത്.
വിശ്വാസം എന്തുതന്നെ ആയിരുന്നാലും ഈ അരുവിയില്‍ കാല്‍നനയ്ക്കുമ്പോള്‍ അരിച്ചുകയറുന്ന തണുപ്പ് നമ്മെ ആത്മാനുഭൂതിയുടെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്നതില്‍ തര്‍ക്കമില്ല. ബ്രഹ്‌മഗിരിയിലെവിടെയോ പിറവിയെടുക്കുന്ന പാപനാശിനി കാളിന്ദിയിലാണ് ലയിക്കുന്നത്. ഈ പാപാനാശിനിപ്പുഴയുടെ സമീപത്തായിപഞ്ചതീര്‍ത്ഥ കുളവും സ്ഥിതിചെയ്യുന്നു. ഔഷധഗുണപ്രധാനങ്ങളായ അപൂര്‍വ്വ സസ്യങ്ങളുടെ കേദാരം കൂടിയാണ് ബ്രഹ്‌മഗിരി.
പാപനാശിനി ഒഴുകി വരുന്നത് പിണ്ഡപ്പാറയിലേക്കാണ്. മരിച്ചവര്‍ക്കു പിണ്ഡം വയ്ക്കുന്നതിവിടെയാണ്. പാപനാശിനി, പക്ഷിപാതാളം അഥവാ ഋഷിപാതാളം, ത്രിശിലേരി, കാളിന്ദീ എന്നീ നാല് ദിവ്യസ്ഥാനങ്ങള്‍ തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്നു.
പഞ്ചതീര്‍ത്ഥക്കുളം
ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി പാപനാശിനിയിലേക്കുള്ള വഴിയിലാണ് പഞ്ചതീര്‍ത്ഥക്കുളം. ബ്രഹ്‌മഗിരിയില്‍ നിന്നുറവയെടുക്കുന്ന ശംഖതീര്‍ത്ഥം, ചക്രതീര്‍ത്ഥം, പത്മതീര്‍ത്ഥം, ചെറുഗദാതീര്‍ത്ഥം, പാദതീര്‍ത്ഥം( അഭിഷേകതീര്‍ത്ഥം ), എന്നിവ ചേര്‍ന്നതാണ് പഞ്ചതീര്‍ത്ഥം. പണ്ട് ഈ തീര്‍ത്ഥങ്ങള്‍ ഒഴുകിയെത്തുന്ന ഓവുകള്‍( കല്‍പാത്തികള്‍ ) ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇതില്‍ ഒന്നുമാത്രമേ നിലവിലുള്ളൂ എന്നുമാണ് പറയപ്പെടുന്നത്.
തീര്‍ത്ഥക്കുളത്തിന്റെ പുനരുദ്ധാരണവേളയില്‍ പൊട്ടിത്തകര്‍ന്ന മറ്റോവുകള്‍ കണ്ടൂകിട്ടിയത്രേ. ഈ കുളത്തിന്റെ നടുവില്‍ കാണുന്ന പാറയില്‍ ഭഗവത് സാന്നിദ്ധ്യം ഉണ്ടന്ന് പറയപ്പെടുന്നു. പാറയുടെ ഉച്ചിയില്‍ ഭഗവാന്റെ തൃക്കരങ്ങളില്‍ വിലസുന്ന ശംഖ് ചക്രം ഗദ പത്മം എന്നിവയുടേയും ഭഗവത് പാദങ്ങളുടേയും അടയാളങ്ങള്‍ കാണാം.
തിരുനെല്ലി ക്ഷേത്രത്തോടു ചേര്‍ന്ന് മുമ്പ് 64 തീര്‍ത്ഥങ്ങളുണ്ടായിരുന്നെന്നാണ് കരുതപ്പെടുന്നത്. അവയില്‍ വളരെ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം. ഇതായിരുന്നു പണ്ട് ക്ഷേത്രക്കുളം. തീര്‍ത്ഥക്കുളത്തിന് മദ്ധ്യഭാഗത്തായുള്ള പാറയില്‍ രണ്ട് കാലടി രൂപങ്ങള്‍ മഹാവിഷ്ണുവിന്റെ പാദങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ച് കൊത്തിവച്ചിരിക്കുന്നു. കൂടാതെ ശംഖ്, ചക്രം, ഗദ, പത്മം എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍ നിന്നു കൊണ്ടായിരുന്നുവത്രേ മഹാവിഷ്ണു ബ്രഹ്‌മാവിന് ഉപദേശങ്ങള്‍ നല്‍കിയത്. പണ്ട് ശ്രീരാമന്‍ ഇതുവഴി സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാല്‍പ്പാടുകളില്‍ പാറയില്‍ പതിഞ്ഞിട്ടുണ്ടെന്നുമാണ് മറ്റൊരു വിശ്വാസം. പലരും ഇവിടെയും പുഷ്പം അര്‍പ്പിച്ച് ആരാധിക്കുന്നു. ഈ വിസ്തൃതമായ തടാകത്തില്‍ അഞ്ചു തീര്‍ത്ഥക്കുളങ്ങള്‍ വെവ്വേറെ ഉണ്ടായിരുന്നു എന്നാണ് പത്മപുരാണത്തില്‍ പറയുന്നത്.
തിരുനെല്ലിയും പിതൃതര്‍പ്പണവും
കേരളത്തിന്റെ തെക്കുള്ള തിരുവല്ലം പരശുരാമ ക്ഷേത്രവും വടക്കുള്ള തിരുനെല്ലി ക്ഷേത്രവുമാണ് പിതൃകര്‍മ്മങ്ങള്‍ക്ക് പ്രാധാന്യമേറിയ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങള്‍. കാശിയും ഗയയും ഹരിദ്വാറും കഴിഞ്ഞാല്‍ പിതൃകര്‍മ്മത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിലെ പാപനാശിനി. മരണാനന്തരം ആത്മാവ് വിഷ്ണു പാദത്തിലാണ് സായൂജ്യം ചേരേണ്ടതെന്നും, ബ്രഹ്‌മാവിനാല്‍ പ്രതിഷ്ഠിതമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ചെയ്യുന്ന പിതൃകര്‍മ്മത്തോളം ഗുണം വേറൊന്നിനില്ല എന്നതാണു വിശ്വാസം. ഈ പ്രാധാന്യം മനസിലാക്കിയാണ് ജമദഗ്‌നി മഹര്‍ഷി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങി പല മുനിശ്രേഷ്ഠന്മാരും ഐതിഹാസിക പുരുഷന്മാരും പാപനാശിനിയില്‍ വാവു ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തിയത് എന്നാണ് പറയപ്പെടുന്നത്. ഇവിടെവെച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം.
”ശ്രീ തിരുനെല്ലി ക്ഷേത്രത്തെ ഓര്‍ത്താല്‍ ഐശ്വര്യവും മോക്ഷവും ലഭിക്കും. കാശിയില്‍ പരമമായ ശാന്തി ലഭിക്കുന്നതുപോലെ ഇവിടെയും മോക്ഷം നേടാം. ഇവിടെ പിണ്ഡം വച്ചാല്‍ ഗയാ ശ്രാദ്ധം ഊട്ടിയ ഫലം ഉണ്ടാകും.” എന്ന് വിഷ്ണുഭഗവാന്‍ ബ്രഹ്‌മദേവനോട് അരുള്‍ചെയ്തു എന്നാണ് വിശ്വാസം.
മരിച്ചവര്‍ക്കായി പാപനാശിനിയില്‍ പിണ്ഡം വയ്ക്കുന്നത് പിണ്ഡപ്പാറയിലാണ്. തീര്‍ഥജലം പതിച്ച് പിണ്ഡം ഒഴുകിപ്പോകുമ്പോള്‍ പരേതാത്മാവിനു മുക്തി ലഭിക്കുന്നു എന്നാണ് വിശ്വാസം. പാപനാശിനിയിലും ഇവിടെയുള്ള മറ്റു തീര്‍ഥങ്ങളായ പഞ്ചതീര്‍ഥം, ഋണമോചിനി തീര്‍ഥം, ഗുണിക തീര്‍ഥം, ശതബിന്ദു തീര്‍ഥം, സഹസ്രബിന്ദുതീര്‍ഥം, വരാഹതീര്‍ഥം എന്നിവയിലും സ്നാനം ചെയ്യുന്നത് ജന്മാന്തര പാപത്തിന് പ്രായശ്ചിത്തമാകും എന്ന് കരുതപ്പെടുന്നു.
പിണ്ഡം, ബലിയിടല്‍, തര്‍പ്പണം മുതലായവയാണ് ഈ ക്ഷേത്രത്തിലെ തര്‍പ്പണഘട്ടത്തില്‍ ഉള്ള ചടങ്ങുകള്‍. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ നീളുന്ന നിത്യബലിയാണ് ദീക്ഷാപിണ്ഡം. ഇത് ഒരു വഴിപാടാണ്. പ്രതിമ ഒപ്പിക്കല്‍ പിതൃപൂജ, പിതൃനമസ്‌കാരം മുതലായ വഴിപാടും ഇവിടെ നടത്തപ്പെടുന്നു.
ക്ഷേത്രത്തിലെത്താന്‍
മാനന്തവാടിയാണ് തിരുനെല്ലിയുടെ ഏറ്റവും അടുത്തുള്ള ടൗണ്‍. ഇവിടെനിന്നും തിരുനെല്ലിയിലേക്കുള്ള ദൂരം 32 കിലോ മീറ്ററാണ്. ഈ റൂട്ടില്‍ ധാരാളം ബസ് സര്‍വീസുകള്‍ ഇന്ന് നിലവിലുണ്ട്. മൈസൂരിലേക്ക് പോകുന്ന പാതയില്‍ കാട്ടിക്കുളം എന്ന സ്ഥലത്തു നിന്നും ഇടത്തോട്ടുതിരിഞ്ഞ് 18 കിലോമീറ്റര്‍ വനമേഖലയിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാം.
ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ (138 കിലോമീറ്റര്‍ ). ഏറ്റവുമടുത്ത വിമാനത്താവളം: കരിപ്പൂര്‍ വിമാനത്താവളം (166 കിലോമീറ്റര്‍).
ക്ഷേത്ര മേല്‍വിലാസം
തിരുനെല്ലി ക്ഷേത്രം. തിരുനെല്ലി, വയനാട് ജില്ല- 670646
ഫോണ്‍: 084475 02451.