Life StyleNEWS

നിങ്ങളുടെ സ്വന്തം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നത് കുറ്റകരമാണോ അല്ലയോ?

ത് മുന്നണി സംസ്ഥാനം ഭരിച്ചാലും ഖജനാവിന്റെ വരുമാന സ്രോതസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യ നിര്‍മ്മാണത്തില്‍ നിന്നും വില്പനയില്‍ നിന്നും ലഭിക്കുന്ന വമ്പിച്ച നികുതി. മദ്യനിരോധനത്തിനായുള്ള പ്രഹസന സമരങ്ങളും ഉപരിപ്ളവ പ്രചരണങ്ങളും എത്ര ആകര്‍ഷകമായി നടത്തിയാലും നല്ലൊരു വിഭാഗം പുരുഷന്മാരും (ചുരുക്കം സ്ത്രീകളും) മദ്യം ഉപയോഗിക്കുന്നുണ്ട് എന്നതാണ് വസ്തുത. മദ്യത്തിന്റെ ഉത്പാദനത്തിനും വില്പനയ്ക്കും അനുമതി നല്‍കിയതിനു ശേഷം ‘മദ്യം ആരോഗ്യത്തിന് ഹാനികരം’ എന്ന് ജാഗ്രതാ മുന്നറിയിപ്പ് നല്കുന്നത് ഒരേസമയം കൗതുകകരവും വിരോധാഭാസവുമായി തോന്നിയേക്കാം.

ചരിത്രാതീതകാലം മുതല്‍ മദ്യം മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ലഹരി പാനീയമാണ്. വേദകാലഘട്ടത്തില്‍ സോമലതയുടെ നീരുകൊണ്ട് ഉത്പാദിപ്പിക്കുന്ന ‘സോമം’ എന്ന മദ്യം യാഗങ്ങളില്‍ ദേവന്മാര്‍ക്ക് അര്‍പ്പിക്കുകയും അത് പാനം ചെയ്യുകയും ചെയ്തിരുന്നു. കാടി പുളിപ്പിച്ച് അതില്‍ നിന്നുണ്ടാക്കുന്ന ‘സുമ’ എന്നൊരു മദ്യവും അക്കാലത്ത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. മഹാഭാരത കഥയില്‍, കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മുപ്പത്താറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യാദവര്‍ ഒത്തുകൂടി അമിതമായി മദ്യപിച്ച് തമ്മില്‍ത്തല്ലി യാദവകുലം നശിച്ചുവത്രേ. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി അമിത മദ്യപാനത്താല്‍ സ്വബോധം നഷ്ടപ്പെട്ട്, ഉറ്റ സുഹൃത്തായ ക്ളീറ്റസിനെ വധിച്ചതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Signature-ad

ബോധം നഷ്ടമാകുംവരെ മദ്യപിക്കുന്നതാണ് ചിലര്‍ക്ക് ശീലം. അപകര്‍ഷതാ ബോധം, നിരാശ, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങള്‍ മദ്യപാനത്തിലേക്ക് നയിക്കുമ്പോള്‍, ചിലര്‍ സന്തോഷം വന്നാലും സന്താപം വന്നാലും നിയന്ത്രണമില്ലാതെ മദ്യപിക്കുന്നതായി കാണുന്നു. ഇതൊക്കെത്തന്നെയാണ് മദ്യപാനത്തിന്റെ ആപത്കരമായ തീരാദോഷവും. ‘യുക്തൃാനുസാരം ഔഷധം; അന്യഥാ വിഷം’ (ആവശ്യത്തിന് മദ്യം കഴിക്കുന്നത് ഔഷധം പോലെ ഗുണകരവും, അല്ലെങ്കില്‍ അത് വിഷവുമാണ്), ‘മദ്യം ന പേയം, പേയം വാ ബഹുവാരി’ (മദ്യം കഴിക്കരുത്, അഥവാ കഴിക്കുന്നെങ്കില്‍ ധാരാളം വെള്ളം ചേര്‍ത്ത് കഴിക്കുക) എന്നൊക്കെയാണ് മദ്യപാനത്തെക്കുറിച്ച് കേള്‍വിയുള്ള പ്രാമാണിക വചനങ്ങള്‍. പുരാതനകാലം മുതല്‍ മദ്യ നിര്‍മ്മാണത്തിനും ഉപയോഗത്തിനും നിയമവും നിയന്ത്രണവുമൊക്കെ നിലനിന്നിരുന്നു. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വിവരിക്കുന്നത്, അക്കാലത്ത് മദ്യത്തിന്റെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാന്‍ ഒരു സുരാദ്ധ്യക്ഷന്‍ നിയമിക്കപ്പെട്ടിരുന്നു എന്നാണ്!

അബ്കാരി നിയമം

നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും മദ്യത്തെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളത്തിലും മദ്യനിര്‍മ്മാണം, വില്പന, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവയ്ക്ക് വ്യക്തമായ നിയമ സംഹിതയുണ്ട്. അബ്കാരി ആക്ട്- 1967 എന്നറിയപ്പെടുന്ന ഈ നിയമം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ അബ്കാരി നിയമങ്ങള്‍ ക്രോഡീകരിച്ച് ഒരു ഏകീകൃത നിയമമായി നിലവില്‍ വന്നത് 1967-ല്‍ ആണ്. കാലക്രമേണ നിരവധി ഭേദഗതികളും ഈ നിയമത്തിനുണ്ടായി. അബ്കാരി നിയമത്തിന്റെ അടിസ്ഥാന പ്രമാണം ഏറ്റവും ചെറിയ ഉപഭോഗത്തില്‍നിന്ന് ഏറ്റവും കൂടിയ വരുമാനം ഉണ്ടാക്കുക എന്നാണ്.

മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉത്പാദനം, വില്പന, കടത്തിക്കൊണ്ടുപോകല്‍, നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെപ്പറ്റി 1967- ലെ അബ്കാരി ആക്ടിലും, തുടര്‍ന്നുവന്ന നിരവധി ഭേദഗതികളിലും പ്രതിപാദിച്ചിട്ടുണ്ട്. അവയില്‍, ഇനി പറയുന്ന അബ്കാരി കുറ്റങ്ങള്‍ക്ക് പത്തുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കാം.

  • ചാരായം ഉത്പാദനം, വില്പന, കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍
  • മദ്യമോ ലഹരിപദാര്‍ത്ഥമോ നിയമാനുസൃതമായ അനുമതിയില്ലാതെ വിറ്റാല്‍
  • അനധികൃതമായി മദ്യനിര്‍മ്മാണശാല സ്ഥാപിക്കുകയോ മദ്യം നിര്‍മ്മിക്കുകയോ കടത്തുകയോ ചെയ്താല്‍
  • നിരോധിത മേഖലയിലേക്ക് മദ്യം കടത്തിക്കൊണ്ടുവന്നാല്‍
  • മദ്യനിര്‍മ്മാണത്തിനു വേണ്ടി ‘വാഷ്’ സൂക്ഷിക്കുന്നതോ വാറ്റ് സെറ്റ് ഘടിപ്പിച്ചിരിക്കുന്നതോ കാണപ്പെട്ടാല്‍
  • അനധികൃതമായി മദ്യം വില്പനയ്ക്കായി സംഭരിക്കുകയോ വില്പന നടത്തുകയോ ചെയ്താല്‍
  • ലൈസന്‍സില്‍ പറയുന്ന മദ്യമല്ലാതെ ഷാപ്പില്‍ മറ്റു മദ്യങ്ങള്‍ സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍
  • കള്ളുഷാപ്പില്‍ വിദേശമദ്യം സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍.

മദ്യം കഴിക്കുന്നവര്‍ തന്നെ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മദ്യപിക്കുവാന്‍ പാടില്ല. തെരുവുകള്‍, പൊതുസ്ഥലങ്ങള്‍, റസ്റ്റ് ഹൗസുകള്‍, ടിബികള്‍, ഹോട്ടലുകള്‍, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ മുതലായവയില്‍ വച്ച് മദ്യപിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവും. 500 രൂപവരെ പിഴയും ലഭിക്കാം. 23 വയസിനു താഴെയുള്ളവര്‍ മദ്യം കൈകാര്യം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. 23 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് മദ്യം വില്‍ക്കുകയോ കൈമാറ്റം ചെയ്യുവാനോ പാടില്ലാത്തതാകുന്നു. ഈ കുറ്റത്തിന് രണ്ടു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

സൂക്ഷിക്കാന്‍ അളവുണ്ട്

വ്യക്തിക്ക് സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അവളവ് ഇനി പറയും പ്രകാരമാണ്: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം: 3 ലിറ്റര്‍, വിദേശ നിര്‍മ്മിതി വിദേശമദ്യം: 2.5 ലിറ്റര്‍, കൊക്കോ ബ്രാന്‍ഡി: 1 ലിറ്റര്‍, ബിയര്‍: 3.5 ലിറ്റര്‍, വൈന്‍: 3.5 ലിറ്റര്‍, കള്ള്: 1.5 ലിറ്റര്‍. തെങ്ങ്, പന, ചൂണ്ടപ്പന എന്നിവയില്‍ നിന്ന് കള്ള് ചെത്തിയെടുക്കുന്നതിന് അവകാശമുള്ളയാള്‍, ലൈസന്‍സ് ലഭിച്ചിട്ടുള്ള വ്യക്തിക്ക് വില്‍ക്കാവുന്നതാണ്. സൈനിക ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച സൈനികര്‍ക്കും അവര്‍ക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയില്‍ കവിയാത്ത അളവില്‍ മദ്യം കൈവശം സൂക്ഷിക്കാം. സൂക്ഷിക്കുന്ന മദ്യം അനുവദിച്ചതിന്റെ ബില്ലോ, ക്യാന്റീന്‍ ഓഫീസറുടെ സാക്ഷ്യപത്രമോ ബന്ധപ്പെട്ടവര്‍ പരിശോധനയ്ക്ക് ആവശ്യപ്പെട്ടാല്‍ യഥാസമയം ഹാജരാക്കണം. വീട്ടിലെ സ്വകാര്യ ചടങ്ങുകളിലും പ്രായപൂര്‍ത്തിയായ സ്ഥിരാംഗങ്ങളുടെ കൈവശം വയ്ക്കാവുന്ന അത്രയും അളവ് മദ്യമേ പ്രസ്തുത ചടങ്ങുകള്‍ക്ക് വിളമ്പാവൂ.

മദ്യത്തിന്റെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും മദ്യത്തിന്റെ ഉപഭോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സമ്പൂര്‍ണ മദ്യനിരോധനം അപകടകരവും അപ്രയോഗികവുമാണെന്ന് ലോകമെങ്ങും തെളിഞ്ഞിട്ടുണ്ട്. മദ്യം നിരോധിച്ചാല്‍ വ്യാജമദ്യവും വിഷമദ്യവും സുലഭമാകുന്നതാണ് ഏറ്റവും ദുഃഖകരമായ ഭവിഷ്യത്ത്. 1920-ല്‍ അമേരിക്ക മദ്യനിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പരാജയപ്പെട്ടു. കാനഡയില്‍ 1907 മുതല്‍ 1917 വരെ മദ്യനിരോധനം ഏര്‍പ്പെടുത്തിയെങ്കിലും അവിടെയും പരാജയപ്പെട്ടു. മദ്യാസക്തിയും മദ്യ ഉപഭോഗവും കുറയ്ക്കുവാന്‍ മദ്യത്തിനെതിരെയുള്ള ശക്തവും യുക്തിപ്രദവുമായ ബോധവത്കരണം മാത്രമാണ് ഫലപ്രദമായ മാര്‍ഗം. മദ്യാസക്തിയുള്ളവര്‍ സ്വയം നിയന്ത്രിച്ച് ജീവിതം ചിട്ടപ്പെടുത്തിയാല്‍ മദ്യംകൊണ്ട് ഉണ്ടാകുന്ന വിപത്ത് ഒരു പരിധിവരെ ലഘൂകരിക്കാന്‍ സാധിക്കും.

 

 

Back to top button
error: