FeatureNEWS

ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾക്കും ലൈസൻസ് നിർബന്ധം;  രജിസ്ട്രേഷൻ ഇപ്രകാരം 

ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് നല്ല ഡിമാന്‍ഡുണ്ട്.പ്രത്യേകിച്ച് കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾക്ക്. കോവിഡ്19 കാലത്താണ് കൂടുതല്‍ പേര്‍ ഹോം മെയ്ഡ് കേക്ക് ഉൾപ്പടെയുള്ള നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്നു വരുമാനം നിലച്ച പലരുടെയും ആശ്രയം ഇത്തരം ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ തന്നെയായിരുന്നു.
എന്നാൽ ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വിപണനം നടത്തിയാല്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച്‌ ജയില്‍വാസവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പലർക്കും അറിയില്ല.വാസ്തവത്തില്‍ ലൈസന്‍സ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്. വീട്ടില്‍ ഇരുന്ന് തന്നെ പ്രോസസ് ചെയ്യാവുന്നതുമാണ് ഇത്.

2006-ല്‍ കേന്ദ്ര പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2011 ഓഗസ്റ്റ് 5 മുതല്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വന്നു. ദില്ലി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (fssai) ആണ് ഈ നിയമം നടപ്പാക്കുന്നതിനുള്ള അധികാര സ്ഥാപനം. ഈ നിയമപ്രകാരം ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍, സൂക്ഷിക്കുന്നവര്‍ വ്യാപാരവും വിപണനവും നടത്തുന്നവര്‍ എന്നിവര്‍ നിര്‍ബന്ധമായും fssai ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം.

ആരൊക്കെയാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത് ?

Signature-ad

വീടുകളിലും മറ്റും ഉല്‍പ്പന്നം നടത്തുന്ന ഇടത്തരക്കാരാണ് രജിസ്‌ട്രേഷന്റെ കീഴില്‍ വരുന്നത്.

ആകെ വിറ്റുവരവ് 12 ലക്ഷത്തില്‍ താഴെ വരുന്നവര്‍

100 കിലോ വരെ ഭക്ഷ്യ-ഖര ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍

100 ലിറ്റര്‍ വരെ ലിക്വിഡ് ഫുഡ് ഉണ്ടാക്കുന്നവര്‍

ദിവസേന 2 വലിയ മൃഗങ്ങളെ വരെ കശാപ്പ് ചെയ്ത് വില്‍ക്കുന്നവര്‍

50 കോഴികളെ വരെ ഒരു ദിവസം വില്‍ക്കുന്നവര്‍

form a യില്‍ www.foscos.fssai.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ-മെയില്‍, മൊബൈല്‍ നമ്ബര്‍ എന്നിവ നിര്‍ബന്ധമാണ്.

100 രൂപയാണ് പ്രതിവര്‍ഷ ഫീസ്

ഫോട്ടോ, ആധാര്‍, ബിസിനസ് ഉടമസ്ഥത തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപ് ലോഡ് ചെയ്യണം

ആരൊക്കെയാണ് ലൈസന്‍സ് എടുക്കേണ്ടത്

വാര്‍ഷിക വിറ്റുവരവ് 12 ലക്ഷത്തിന് മുകളില്‍ വരുന്നവര്‍, രജിസ്‌ട്രേഷന്‍ പരിധിയിലും അധികം ഉല്‍പാദനം, വിതരണം, വ്യാപാരം നടത്തുന്നവര്‍ നിര്‍ബന്ധമായും കേന്ദ്ര സംസ്ഥാന ലൈസന്‍സ് എടുക്കേണ്ടതാണ്.

form b യിലാണ് അപേക്ഷിക്കേണ്ടത്. 2000 മുതല്‍ 7500 രൂപ വരെയാണ് പ്രതിവര്‍ഷ ഫീസ്

എയര്‍പോര്‍ട്ട്, സീപോര്‍ട്ട് എന്നിവിടങ്ങളില്‍ ഭക്ഷ്യ വിപണനം നടത്തുന്നവര്‍ വാര്‍ഷിക വിറ്റുവരവ് എത്രയായിരുന്നാലും കേന്ദ്ര ലൈസന്‍സ് എടുക്കേണ്ടതാണ്.

ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ഒരുമിച്ച്‌ രജിസ്‌ട്രേഷന്‍ / ലൈസന്‍സ് ലഭിക്കുന്നതാണ്. ഫീസ് അതനുസരിച്ച്‌ അടച്ചാല്‍ മതി. പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നവരും വിതരണം നടത്തുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ / ലൈസന്‍സ് എടുക്കണം. കര്‍ഷകര്‍, ക്ഷീര ഉല്‍പാദനത്തിലുള്ളവര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ / ലൈസന്‍സ് ആവശ്യമില്ല.

Back to top button
error: