പത്തനംതിട്ട: വിഷു അടുത്തതോടെ കണ്ണുകൾക്ക് കുളിരായി നാടെങ്ങും കണിക്കൊന്നകൾ പൂത്തു തുടങ്ങി.ഫലമൂലാദികള്‍ക്കൊപ്പം മഞ്ഞയില്‍ ഏഴഴക് വിരിയിക്കുന്ന കൊന്നപ്പൂവുകൂടി ഉള്പ്പെടുമ്പോ ളാണ് മലയാളിയുടെ വിഷുക്കണി പൂർണമാകുന്നത്.
മേടപ്പുലരിയ്ക്കു വളരെ മുമ്പെതന്നെ നഗര- ഗ്രാമ വിത്യാസമില്ലാതെ കാഴ്ചയുടെ കണിയൊരുക്കുകയാണ് കണിക്കൊന്നകള്‍ .ഐതീഹ്യങ്ങളും അത്ര തന്നെ വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് കൊന്നപ്പൂവിന്‍റെ വര്‍ണപ്പൊലിമ.പ്രതീകാത്മകത കൊണ്ടും വര്‍ണപ്പൊലിമ കൊണ്ടും ധാരാളിത്തം കൊണ്ടും കണിയൊരുക്കാന്‍ കൊന്നപ്പൂവല്ലാതെ ഇന്നോളം മലയാളക്കരയില്‍ മറ്റൊരു പൂവില്ല.
ഐതീഹ്യത്തിനപ്പുറം പ്രകൃതിയുടെ സന്തുലനാവസ്ഥയുടെ അളവുകോല്‍ കൂടിയാണ് കണിക്കൊന്ന മരങ്ങൾ. ചൂടേറുന്നതിന്‍റെ സൂചന നൽകിയാണ് ഓരോ മേടപ്പുലരിക്കും മുമ്പേ വിരിഞ്ഞ് വിതറുന്ന കൊന്നപ്പൂവ് നല്‍കുന്നത്.ഇത്തവണ ഫെബ്രുവരി ആദ്യവാരം മുതൽ തന്നെ കണിക്കൊന്നകൾ പൂത്തു തുടങ്ങിയിരുന്നു.