രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാമെന്ന തമിഴ്നാട് മന്ത്രിസഭാ ശുപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ട ഗവര്‍ണറുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് 2002 മേയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
പേരറിവാളനെ മോചിപ്പിച്ച് ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, ഭൂഷണ്‍ ആര്‍ ഗവായ് എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ‘ഗവര്‍ണര്‍ എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഷോര്‍ട്ട്ഹാന്‍ഡ് എക്സ്പ്രഷന്‍ (ചുരുക്കെഴുത്ത്) ആണെന്നാണ് ഭരണഘടനയുടെ തീര്‍പ്പ്’ എന്ന സുപ്രധാന നിരീക്ഷണവുണ്ട്. പേരറിവാളനെ ജയില്‍മോചിതനാക്കാമെന്ന സംസ്ഥാനമന്ത്രിസഭയുടെ ശുപാര്‍ശ സ്വന്തം താല്‍പ്പര്യാനുസരണം രാഷ്ട്രപതിക്കുവിട്ട തമിഴ്നാട് ഗവര്‍ണറുടെ നടപടിയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
ശിക്ഷാഇളവ് നല്‍കാന്‍ ഗവര്‍ണറേക്കാള്‍ കൂടുതല്‍ അധികാരം രാഷ്ട്രപതിക്കാണെന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണവും കോടതി തള്ളി. ഫെഡറലിസത്തിന്റെ അടിവേര് പറിക്കുന്ന ന്യായമാണിതെന്നും കോടതി പ്രതികരിച്ചു.
ഭരണഘടനയുടെ 163–-ാം അനുച്ഛേദം അനുസരിച്ച് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുടെ ഉപദേശനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. വിവേചനാധികാരപ്രകാരം ചില വിഷയങ്ങളില്‍ തീരുമാനമെടുക്കാമെങ്കിലും അത് എന്തൊക്കെയാണെന്നത് സുപ്രീംകോടതി നിരവധി ഉത്തരവുകളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഷംസേര്‍സിങ് –- സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1974) കേസില്‍ ‘ഭരണഘടനയുടെ താല്‍പ്പര്യം അനുസരിച്ചുള്ള നടപടികള്‍ക്കാണ് നിയമസാധുതയെന്നും അത് രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ വ്യക്തിതാല്‍പ്പര്യമല്ലെന്നും’ സുപ്രീംകോടതി വ്യക്തമാക്കി.
മരുറാം–- യൂണിയന്‍ ഓഫ് ഇന്ത്യ (1980) കേസില്‍ ഗവര്‍ണര്‍ മന്ത്രിസഭ ഉപദേശാനുസരണം കടമകള്‍ നിര്‍വഹിക്കണമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിശദീകരണങ്ങള്‍ അവഗണിച്ചാണ് ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തുന്നത്.