KeralaNEWS

തൃശൂരിനെ വിറപ്പിച്ച് ടൂറിസ്റ്റ് ബസുകളില്‍ എത്തിയ ‘അയല്‍ക്കൂട്ട’ സംഘങ്ങള്‍! 75 ഇടങ്ങളില്‍ കയറി

തൃശൂര്‍: സംസ്ഥാനം കണ്ട ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് കഴിഞ്ഞദിവസം തൃശൂരില്‍ നടന്നത്. ജില്ലയിലെ വിവിധ സ്വര്‍ണാഭരണ നിര്‍മ്മാണശാലകളിലായി നടത്തിയ മിന്നല്‍ റെയ്ഡില്‍ 104 കിലോ സ്വര്‍ണം പിടികൂടിയതായാണ് റിപ്പോര്‍ട്ട്. ‘ടെറെ ദെല്‍ ഓറോ’ അഥവാ സ്വര്‍ണഗോപുരം എന്നു പേരിട്ട പരിശോധനയില്‍ 650 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. വിവരം ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് ചോരാതിരിക്കാന്‍ പരിശീലന ക്‌ളാസ് എന്ന പേരിലാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്.

അഞ്ച് ടൂറിസ്റ്റ് ബസുകളിലും, എഴ് വാനുകളിലുമായിട്ടാണ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഇവര്‍ സംഘടിച്ചു. തൃശൂരില്‍ വന്ന ശേഷം വിനോദസഞ്ചാര ബാനര്‍ ബസില്‍ കെട്ടി. അയല്‍ക്കൂട്ട സംഘങ്ങളുടെ ഉല്ലാസയാത്ര എന്ന പേരിലായിരുന്നു ബാനര്‍.

Signature-ad

തുടര്‍ന്ന് ഓപ്പറേഷന്‍ ആരംഭിച്ചു. 75 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥര്‍ കയറി. 10 പേര്‍ എന്ന വീതമാണ് ഓരോ സ്ഥാപനത്തിലും ഉദ്യോഗസ്ഥര്‍ റെയ്ഡിന് കയറിയത്. സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വര്‍ണം പല സ്ഥാപനങ്ങളില്‍നിന്നു പിടിച്ചു. ഒരു കിലോ സ്വര്‍ണം കണക്കില്‍പ്പെടാതെ പിടിച്ചാല്‍ അഞ്ചു ശതമാനം വരെയാണ് പിഴ. കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നും പരിശോധിക്കും. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വര്‍ണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: