KeralaNEWS

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

തൃശൂര്‍: ഗാനരചയിതാവ് ജി.കെ. പള്ളത്ത് (82) അന്തരിച്ചു. 60 ലധികം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. തൃശൂര്‍ പള്ളത്തുവീട്ടില്‍ നാരായണന്‍ നായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, ഗോവിന്ദന്‍കുട്ടിയെന്ന ജി.കെ.പള്ളത്ത്.

ഏഴാംക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ജി.കെ.യുടെ കവിതകള്‍ അച്ചടിച്ചുവന്നു. 1958ല്‍ തൃശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്.ജോര്‍ജും സുലോചനയും ചേര്‍ന്നാലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു.

പിന്നീട് അമച്വര്‍ നാടകങ്ങള്‍ക്കും ബാലെകള്‍ക്കും ഗാനങ്ങളെഴുതിക്കൊണ്ട് അദ്ദേഹം കലാരംഗത്തേക്ക് കടന്നു. നാടകരചനയിലേക്ക് ശ്രദ്ധതിരിച്ച ജി.കെ.പള്ളത്ത് ധൂര്‍ത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വര്‍ നാടകങ്ങളെഴുതി. അവ വലിയ വിജയങ്ങളായതോടെ പ്രൊഫഷണല്‍ രംഗത്തേക്ക് തിരിഞ്ഞു. എല്‍.പി.ആര്‍.വര്‍മ്മ, എം.കെ.അര്‍ജ്ജുനന്‍, കോട്ടയം ജോയി തുടങ്ങിയവരുടെ സംഗീതത്തില്‍ അനേകം നാടകങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി.

നടനും സുഹൃത്തുമായ ടി.ജി.രവിയാണ് പാദസരം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് സിനിമയില്‍ അവസരംനല്‍കിയത്. ഈ ചിത്രത്തില്‍ ജി ദേവരാജന്‍ ഈണം നല്‍കിയ കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു എന്ന ഗാനം ഇന്നും ക്ലാസിക് പട്ടികയിലാണ്. കാളീചക്രത്തിലെ അമൃതകിരണം പുല്‍കും, ചാകരയിലെ സുഹാസിനീ സുഭാഷിണീ, ചോര ചുവന്ന ചോരയിലെ ശിശിര പൗര്‍ണമി വീണുറങ്ങി, അമൃതഗീതത്തിലെ മാരിവില്ലിന്‍ സപ്തവര്‍ണജാലം, കുങ്കുമപ്പൊട്ടിലെ പുല്ലാനിക്കാട്ടിലെ തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് പള്ളത്ത് ഗാനരചന നിര്‍വഹിച്ചു.

സിനിമാഗാനങ്ങള്‍ കൂടാതെ ചിങ്ങനിലാവ്, മനസ്സിലെ ശാരിക തുടങ്ങി അനേകം ആല്‍ബങ്ങള്‍ക്കും പാട്ടുകളെഴുതിയിട്ടുണ്ട്. സംഗീതസംവിധായകന്‍ ടി.കെ.ലായനുമായി ചേര്‍ന്ന് അനേകം ചിത്രങ്ങള്‍ക്കും പാട്ടുകളെഴുതി്. സംസ്‌കാരം പാറമേക്കാവ് ശാന്തി ഘട്ടില്‍ നടത്തി. ഭാര്യ:എന്‍.രാജലക്ഷ്മി. മക്കള്‍: നയന (യു.കെ) സുഹാസ്, രാധിക (ചിക്കാഗോ). മരുമക്കള്‍: പ്രദീപ് ചന്ദ്രന്‍, സുനീഷ് മേനോന്‍, ശ്രീലത മേനോന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: