CrimeNEWS

റെഡ്, ബ്ലൂ, ബ്ലാക്ക്; കുറ്റവാളികളിലേക്ക് വതില്‍ തുറക്കുന്ന ഇന്റര്‍പോളിന്റെ 7 കളര്‍ നോട്ടീസുകള്‍

ളിവില്‍ കഴിയുന്ന ജനതാദള്‍ (സെക്കുലര്‍) എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകള്‍ വൈറലായതിനെത്തുടര്‍ന്ന് പ്രജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്തണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് എന്നും ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ചും മനസ്സിലാക്കാം.

ആവശ്യമുള്ള വ്യക്തികളെക്കുറിച്ചോ കുറ്റകൃത്യങ്ങളെക്കുറിച്ചോ ആഗോളതലത്തില്‍ വിവരങ്ങള്‍ പങ്കിടാന്‍ ഇന്റര്‍പോള്‍ ഉപയോഗിക്കുന്ന ഒരു തരം അലേര്‍ട്ടാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഇന്റര്‍പോള്‍ എന്നത് ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പോലീസ് സംഘടനയാണ്.

ലോകമെമ്പാടുമുള്ള പൊലീസ് സഹകരണത്തിനും കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുന്ന ഇതിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ലിയോണ്‍ ആണ്. 196 അംഗരാജ്യങ്ങളുള്ള ഇന്റര്‍പോളിന് ലോകമെമ്പാടുമയി ഏഴ് പ്രാദേശിക ബ്യൂറോകളുമുണ്ട്. ഇന്റര്‍പോള്‍ ലോകമെമ്പാടുമുള്ള നിയമപാലകര്‍ക്ക് പിന്തുണയും വൈദഗ്ധ്യ പരിശീലനവും നല്‍കുന്നു.

തീവ്രവാദം, സൈബര്‍ കുറ്റകൃത്യം, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നീ മൂന്ന് മേഖലകളിലാണ് പ്രധാനമായും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കൂടാതെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, കുട്ടികളുടെ അശ്ലീലം, മയക്കുമരുന്ന് കടത്ത്, ഉല്‍പ്പാദനം, രാഷ്ട്രീയ അഴിമതി, ബൗദ്ധിക സ്വത്തവകാശ ലംഘനം, വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം കുറ്റകൃത്യങ്ങളും ഇന്റര്‍പോളിന്റെ അന്വഷണ പരിധിയില്‍ വരുന്നുണ്ട്. ദേശീയ നിയമ നിര്‍വ്വഹണ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിലും ഏജന്‍സി പ്രധാന പങ്കുവഹിക്കുന്നു.

അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങളും സഹായ അഭ്യര്‍ത്ഥനകളും കൈമാറാന്‍ ഇന്റര്‍പോളിന്റെ കളര്‍ കോഡ് നോട്ടീസുകള്‍ രാജ്യങ്ങളെ സഹായിക്കുന്നു. ചുവപ്പ്, മഞ്ഞ, നീല, കറുപ്പ്, പച്ച, ഓറഞ്ച്, പര്‍പ്പിള്‍ എന്നിങ്ങനെ ഏഴ് തരം നോട്ടീസുകളാണ് ഇന്റര്‍പോള്‍ ഉപയോഗിക്കുന്നത്. ഓരോ അറിയിപ്പിനും വ്യത്യസ്തമായ ഉദ്ദേശ്യങ്ങളും പ്രത്യാഘാതങ്ങളുമാണുള്ളത്.

ഒരു അംഗരാജ്യത്തിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്റര്‍പോള്‍ ഈ അറിയിപ്പുകള്‍ പുറപ്പെടുവിക്കുകയും അവ എല്ലാ അംഗരാജ്യങ്ങളുമായും പങ്കിടുകയും ചെയ്യുന്നു.

പൊതുവേ, ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് മുമ്പോ അതിന് തൊട്ടുപിന്നാലെയോ ബ്ലൂ നോട്ടീസുകള്‍ പുറപ്പെടുവിക്കാറുണ്ട്. അതേസമയം ഒളിച്ചോടിയ ആളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന റെഡ് നോട്ടീസുകള്‍ സാധാരണയായി ക്രിമിനല്‍ ശിക്ഷകള്‍ക്ക് ശേഷമാണ് പുറപ്പെടുവിക്കാറുള്ളത്.

പ്രജ്വല്‍ രേവണ്ണയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായാണ് അന്വേഷണ ഏജന്‍സി നിലവില്‍ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങന്നത്. സിബിഐ ഇതിനെ ‘ബി സീരീസ് (നീല) നോട്ടീസ്’ അല്ലെങ്കില്‍ ‘എന്‍ക്വയറി നോട്ടീസ്’ എന്ന് വിളിക്കുന്നു. ഒരാളുടെ ക്രിമിനല്‍ റെക്കോര്‍ഡ് നേടുന്നതിനും കാണാതായ വ്യക്തികളെ കണ്ടെത്തുന്നതിനും അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട അന്താരാഷ്ട്ര കുറ്റവാളികളെ കണ്ടെത്തുന്നതിനും ഈ നോട്ടീസുകള്‍ പുറപ്പെടുവിക്കുന്നു. അവരെ കൈമാറാന്‍ ആവശ്യപ്പെടാനും ഇതുവഴി സാധിക്കും.

2019ല്‍ ലൈംഗികാതിക്രമവും ബലാത്സംഗവും ആരോപിച്ച് രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയെ കണ്ടെത്താന്‍ 2020ല്‍ ഇന്റര്‍പോള്‍ ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്റര്‍പോളിന്റെ കളര്‍ നോട്ടീസുകള്‍

  • റെഡ് നോട്ടീസ്: നടപടി നേരിടുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്യുന്ന വ്യക്തികളുടെ ലൊക്കേഷനും മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിന്.
  • മഞ്ഞ നോട്ടീസ്: കാണാതായ ആളുകളെ, പലപ്പോഴും പ്രായപൂര്‍ത്തിയാകാത്തവരെ കണ്ടെത്താന്‍ സഹായിക്കുന്നതിന്.
  • നീല നോട്ടീസ്: ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് വ്യക്തിയുടെ ലൊക്കേഷന്‍, ഐഡന്റിറ്റി അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്.
  • ബ്ലാക്ക് നോട്ടീസ്: അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിന്.
  • ഗ്രീന്‍ നോട്ടീസ്: പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള വ്യക്തിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന്.
  • ഓറഞ്ച് നോട്ടീസ്: പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകാന്‍ സാധ്യതയുള്ള സംഭവത്തെയോ, വ്യക്തിയെയോ, വസ്തുവിനെയോ അല്ലെങ്കില്‍ പ്രക്രിയയെയോ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന്.
  • പര്‍പ്പിള്‍ നോട്ടീസ്: കുറ്റവാളികളുടെ പ്രവര്‍ത്തനരീതി, ഉപയോഗിക്കുന്ന വസ്തുക്കള്‍, ഉപകരണങ്ങള്‍, എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയോ നല്‍കുകയോ ചെയ്യുന്നതിന്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: