KeralaNEWS

‘ഒരു മുറൈ വന്ത് പാർത്തായാ,’ ചിക്കിലിയിത്തിരി പോക്കറ്റിൽ വീഴും!

രുമാനത്തിനുള്ള കാത്തിരിപ്പ് അൽപം നീളുമെങ്കിലും കാര്യമായ മുതൽമുടക്കോ പരിപാലനമോ ഇല്ലാതെ നല്ലൊരു തുക കയ്യിലെത്തിക്കുന്ന സംരംഭമാണ് പോത്തുവളർത്തൽ.
എന്തു കൊടുത്താലും പോത്ത് തിന്നുമെന്നതിനാല്‍  പ്രാദേശിക തീറ്റ നൽകി ചെലവു കുറച്ച്  വളർത്തിയാൽ ലാഭവും കൂടും.പുളിമ്പൊടി വേവിച്ചതും മീനെണ്ണയുംപോലുള്ള സവിശേഷ ഭക്ഷണം നൽകി മേനിക്കൊഴുപ്പ് കൂട്ടിയാൽ മോഹവിലയും ഉറപ്പ്.

മുൻപും പോത്തുകളെയും എരുമകളെയും നമ്മുടെ നാട്ടില്‍ വളർത്തിയിരുന്നു. നാടൻ എരുമകൾക്ക് പാലുൽപാദനം കുറവായതിനാൽ പിൽക്കാലത്ത് അവയോട് താൽപര്യം  കുറഞ്ഞു.കന്നുപൂട്ടിനും ഇറച്ചിക്കുമായി നാടൻപോത്തിനെ പരിപാലിച്ചിരുന്നെങ്കിലും അതും ക്രമേണ ഇല്ലാതായി.

പോത്തുവളർത്തല്‍ ലാഭപ്രതീക്ഷയുണര്‍ത്തിയതു മുറയുടെ വരവോടെയാണ്. അഞ്ചര–ആറു മാസം പ്രായമുള്ള, 100–110 കിലോ ഭാരം വരുന്ന, ലക്ഷണമൊത്ത മുറ പോത്തുകുട്ടികൾക്ക് നിലവിൽ  25,000 രൂപ വരെ വിലയെത്തുന്നുണ്ട്.

നന്നായി പരിപാലിച്ചാൽ മുറ പോത്തുകൾ 3 വയസ്സ് ആകുമ്പോഴേക്കും 850–900 കിലോയിൽ എത്തും. നിലവിൽ കച്ചവടക്കാർ കിലോയ്ക്ക് 115 രൂപ മുതൽ 130 രൂപവരെ വിലയിട്ടാണ് കർഷകരിൽനിന്നു മുറയെ വാങ്ങുന്നത്.

അതായത്, 3 വയസ്സായ മുറയ്ക്ക് ശരാശരി ഒരു ലക്ഷം രൂപ വില. പെരുന്നാൾ സീസൺ നോക്കി കച്ചവടം നടത്തിയാൽ മോഹവിലയ്ക്കും സാധ്യതയുണ്ട്.

പോത്തിനുള്ള കൃത്രിമത്തീറ്റ ഇന്നു  വിപണിയിലുണ്ട്. തമിഴ്നാടന്‍ ബ്രാൻഡുകളാണ് പലതും.ഭക്ഷ്യസംസ്കരണ സംരംഭകരുടെ പ്ലാന്റുകളിൽ മിച്ചം വരുന്നതും വിറ്റുപോകാതെ തിരിച്ചു വരുന്നതുമായ ചപ്പാത്തിപോലുള്ള ഉൽപന്നങ്ങളൊക്കെ വാങ്ങി വേവിച്ച് പോത്തിനു നൽകി തീറ്റച്ചെലവു കുറയ്ക്കുന്നവരുമുണ്ട്.  തീറ്റപ്പുല്ല് വളർത്തി നല്‍കുന്നവരും പ്രാദേശികമായി ലഭിക്കുന്ന പൈനാപ്പിളില നൽകുന്നവരും കുറവല്ല.

മുറ പോത്തുകളെ വളർത്തിയാലുള്ള ലാഭസാധ്യതയെക്കുറിച്ച് മൂന്നോ നാലോ കൊല്ലം മുൻപുവരെ പരിമിതമായ അറിവേ കേരളത്തിലെ കർഷകർക്കുണ്ടായിരുന്നുള്ളൂ. ഇന്നതല്ല സ്ഥിതി. മൃഗസംരക്ഷണ വകുപ്പും സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളും സഹകരിച്ച് പലയിടത്തും നടപ്പാക്കിയ പോത്തുഗ്രാമം പദ്ധതിയുൾപ്പെടെ പലതും മുറയുടെ പേരും പെരുമയും വർധിപ്പിച്ചിരിക്കുന്നു. പോത്തിനെ വളർത്താൻ വിശാലമായ പാടശേഖരവും സമൃദ്ധമായി ജലവുമൊക്കെ വേണം എന്ന തോന്നലും പൊയ്പോയി.അഴിച്ചു വിട്ട്  വളർത്തുന്നതിനു പകരം ബ്രോയിലർ കോഴിയുടെ കാര്യത്തിലെന്നപോലെ പോത്തിനെയും ഇത്തിരിവട്ടത്തിൽ നിർത്തി തൂക്കം കൂട്ടുക എന്ന ലൈനിലേക്ക് മാറിയത് മുറയുടെ വരവോടെയാണ്.

അതായത്  ‘ഒരു മുറൈ വന്ത് പാർത്തായാ’ ചിക്കിലിയിത്തിരി പോക്കറ്റിൽ വീഴുമെന്നർത്ഥം!

Back to top button
error: