CrimeNEWS

കലൂരില്‍ ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭിണിയെന്ന് കൂടെത്താമസിച്ചവര്‍ അറിഞ്ഞിരുന്നില്ല

കൊച്ചി: ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണു യുവതി.

ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഇന്നലെ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണു വിവരം പൊലീസിനെ അറിയിച്ചത്.

Signature-ad

കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ പൊലീസ് എറണാകുളത്തേക്കു വിളിപ്പിച്ചു. പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നു നോര്‍ത്ത് പൊലീസ് അറിയിച്ചു.

 

 

Back to top button
error: