KeralaNEWS

തിരുവല്ലയിൽ വിളവെടുത്തത് 7500 കിലോയോളം തണ്ണിമത്തൻ; കൃഷിയിൽ കേരളവും മാറുകയാണ് 

തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനുകള്‍ക്ക് വെല്ലുവിളി ഉയർത്തുകയാണ് തിരുവല്ലയ്ക്ക് സമീപം കവിയൂർ ഗ്രാമം.തൊട്ടടുത്ത പായിപ്പാടും മോശമല്ല.ഇവിടെ മൂവായിരത്തി അഞ്ഞൂറ് കിലോ തണ്ണിമത്തൻ വിളവെടുത്തപ്പോൾ കവിയൂരിൽ നാലായിരം കിലോ തണ്ണിമത്തനാണ് വിളവെടുത്തത്.

പഞ്ചായത്തും കൃഷിവകുപ്പും ഒത്തുചേർന്നപ്പോള്‍ രുചിയിലും ഗുണത്തിലും മുന്നിലുള്ള കിരണ്‍ ഇനത്തിലുള്ള 4000 കിലോ തണ്ണിമത്തനാണ് കവിയൂർ പഞ്ചായത്തില്‍ വിളവെടുക്കാനായത്. പ്രഭാ സതീഷ്, എൻ.കെ. രാജപ്പൻ, അശ്വതി സദാനന്ദൻ, ഉഷ അനില്‍കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.

തൈനടീല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ഇവരുടെ രണ്ടരമാസത്തെ അദ്ധ്വാനമാണ് ഫലം കണ്ടത്. തോട്ടഭാഗം, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിലെ പുരയിടങ്ങളിലാണ് കൃഷിയിറക്കിയത് നിരപ്പായ സ്ഥലത്ത് പടരാൻ ആവശ്യമായ പശ്ചാത്തലമുണ്ടെങ്കില്‍ തണ്ണിമത്തൻ കൃഷിയില്‍ സുലഭമായി വിളവെടുക്കാം.

Signature-ad

ഒരു മൂടില്‍ത്തന്നെ ഇരുപതിനടുത്ത് തണ്ണിമത്തല്‍ ലഭിക്കും. ആവശ്യക്കാർ നേരിട്ടെത്തിയാണ് തണ്ണിമത്തൻ വാങ്ങുന്നത്. കിലോയ്ക്ക് 40 മുതല്‍ അമ്ബത് രൂപവരെ ലഭിക്കും. വില്പനയ്ക്കായി കടക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കൊടുക്കാൻ ഉണ്ടാകാറില്ല. ഭൂരിഭാഗവും കൃഷിയിടത്തില്‍വച്ചുതന്നെ വിറ്റുപോകുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.

പൂർണമായി ജൈവകൃഷിരീതി പിന്തുടർന്നതിനാല്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഉണ്ടാകുന്നതെന്ന് കൃഷി ഓഫീസർ സന്ദീപ് പി. കുമാർ പറഞ്ഞു. ചാണകപ്പൊടി, എല്ലുപൊടി എന്നിവയാണ് ഉപയോഗിച്ചത്. വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവയാണ് കീടനാശനി.

ഒന്നു മിനക്കെടാമെങ്കിൽ രണ്ടു – രണ്ടര മാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന കൃഷിയാണ് തണ്ണിമത്തന്റേതെന്ന് അനുഭവസ്ഥർ പറയുന്നു.

Back to top button
error: