Fiction

നല്ല സൗഹൃദങ്ങൾ, അകന്നു നിൽക്കുമ്പോഴും സുഗന്ധം പ്രസരിപ്പിക്കുന്നു

വെളിച്ചം

തന്റെ മരണം അടുത്തെത്താറായി എന്ന് അയാള്‍ക്ക് മനസ്സിലായി. തന്റെ മകനെ അടുത്ത് വിളിച്ച് അയാൾ പറഞ്ഞു:

“നീ  ഒരു കരിക്കട്ടയും ചന്ദനവും കൊണ്ടുവരിക…”
അവന്‍ അടുക്കളയില്‍ നിന്നും കരിക്കട്ടയും പറമ്പിലെ ചന്ദനമരത്തില്‍ നിന്ന് ഒരു കൊമ്പും ശേഖരിച്ചു കൊണ്ടുവന്നു.  രണ്ടും രണ്ടുകയ്യില്‍ കുറച്ച് നേരം മുറുകെ പിടിച്ച ശേഷം താഴെയിടാന്‍ അയാള്‍ ആവശ്യപ്പെട്ടു. രണ്ടും താഴെയിട്ടപ്പോള്‍ അച്ഛൻ ചോദിച്ചു:

“ഇപ്പോള്‍ രണ്ടു കൈകളിലും എന്ത് കാണുന്നു…?”
അവന്‍ പറഞ്ഞു:

“ഒരു കയ്യില്‍ നിറയെ കരിയാണ്.  മറ്റെ കയ്യില്‍ ഒന്നുമില്ല…”

ആ കൈ ഒന്ന് മണത്തുനോക്കാന്‍ അച്ഛൻ ആവശ്യപ്പെട്ടു. അപ്പോള്‍  മകന് ചന്ദനത്തിന്റെ ഗന്ധം കിട്ടി.
അച്ഛന്‍ പറഞ്ഞു:

“നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന ബന്ധങ്ങളും ഇതുപോലെയാണ്. ചിലത് കരിയും ചെളിയും സമ്മാനിക്കും. ചിലത് സുഗന്ധവും…”

എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബന്ധങ്ങളുടെയേും തുടര്‍ച്ച തീരുമാനിക്കേണ്ടത്.  അടുത്തുണ്ടായിരിക്കുമ്പോള്‍ ഉള്ള ആസ്വാദ്യതയേക്കാള്‍ മുഖ്യമാണ് അകന്നുകഴിയുമ്പോഴുള്ള അടയാളങ്ങള്‍. ന്യൂനതകളില്ലാത്തവരുമായി ബന്ധം പുലര്‍ത്താനോ എല്ലാം തികഞ്ഞവരെ കണ്ടെത്താനോ നമുക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷേ, സ്വന്തം ആത്മാവിനെ നശിപ്പിക്കുന്ന ബന്ധങ്ങളില്‍ നിന്നും നമുക്ക് വിടപറയാന്‍ സാധിക്കും.  പ്രത്യക്ഷത്തില്‍ ഒന്നും തരുന്നില്ലെന്ന് തോന്നിപ്പിക്കുന്ന ചില ബന്ധങ്ങളുണ്ട്. ഒരിക്കലവര്‍ അകന്നുപോയാലും ആ സുഗന്ധം അനുനിമിഷം പ്രസരിച്ചുകൊണ്ടേയിരിക്കും.  എന്നും കാണുന്നതിലോ ആശ്ലേഷിക്കുന്നതിലോ സമ്മാനങ്ങള്‍ കൈമാറുന്നതിലോ അല്ല ബന്ധങ്ങളുടെ സൗന്ദര്യം. അത്യപൂര്‍വ്വമായി കണ്ടുമുട്ടുമ്പോഴും ആയുസ്സിന് കൂട്ടാകുന്ന ചിലത് അവശേഷിപ്പിക്കുന്ന ബന്ധങ്ങള്‍. അത്തരം ബന്ധങ്ങളെ നമുക്ക് കൂടെ കൂട്ടാം.

ശുഭദിനാശംസകൾ.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: