ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റിനെതിരെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിനു തൊട്ടുപിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഒരു ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇതിനു പിന്നലെയാണ് ഹേമന്ത് സോറന്‍ നേരിട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികാര ദുര്‍വിനിയോഗം നടത്തി എന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഹേമന്ത് സോറന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, ഹൈക്കോടതിയിലാണ് ഈ ഹര്‍ജി ആദ്യമെത്തേണ്ടതെന്ന് വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിധിയില്‍ നില്‍ക്കുന്ന വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹേമന്ത് സോറന്റെ ഹര്‍ജിയില്‍ വാദം കേട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹേമന്ത് സോറനു വേണ്ടി ഹാജരായത്.