IndiaNEWS

ഝാര്‍ഖണ്ഡില്‍ ബസന്ത് സോറന്‍ ഉപമുഖ്യമന്ത്രി? കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി പദം നല്‍കിയേക്കും

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചംപയ് സോറനു ഒപ്പം ഉപമുഖ്യമന്ത്രിയായി ബസന്ത് സോറനും സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ഷിബു സോറന്റെ ഇളയമകനാണ് ബസന്ത് സോറന്‍. ചംപയ് സോറന്‍, ബസന്ത് സോറന്‍ എന്നിവരെ കൂടാതെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീര്‍ ആലം, ഏക ആര്‍ജെഡി നിയമസഭാംഗം സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണു വിവരം.

ആലംഗീറും സത്യാനന്ദും ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. മുന്നണി സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ആലംഗീര്‍ ആലത്തിനെ രണ്ടാം ഉപമുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ട്. പത്ത് ദിവസത്തിനകം വിശ്വാസ വോട്ട് നേടണമെന്നാണ് ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ ചംപയ് സോറനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാനുളള നിയമസഭയുടെ പ്രത്യേക സമ്മേളനം അടുത്ത ആഴ്ച ചേരും.

Signature-ad

അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചംപയ് സോറനെ ഗവര്‍ണര്‍ ക്ഷണിച്ചത്. സത്യപ്രതിജ്ഞ വൈകിപ്പിച്ച് അധികാരം പിടിക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയില്‍ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാന്‍ ഇന്നലെ രാത്രി ജെഎംഎം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

Back to top button
error: