KeralaNEWS

മൂന്നാം സീറ്റിലുറച്ച് മുസ്‌ലിം ലീഗ്; മുമ്പത്തെ പോലെയല്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ലീഗിന് മൂന്നാംസീറ്റ് വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ സമയത്തേയും പോലെയല്ല, സാദിഖലി തങ്ങള്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയാല്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ”ലീഗിന് സീറ്റില്ലെന്ന വാര്‍ത്ത ശരിയല്ല. മൂന്നാം സീറ്റ് ആവശ്യപെട്ടിട്ടുണ്ട്. നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ്. അതില്‍ ഒരു തീരുമാനവും ആയിട്ടില്ല. എല്ലാ സമയത്തേയും പോലെയല്ല, ഇത്തവണ സീറ്റ് വേണം”… കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് സമയം ഇനിയുമുണ്ട്.. ബാക്കി ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. സീറ്റിന് അര്‍ഹതയുമുണ്ട്. വേണമെങ്കില്‍ സീറ്റ് തരാവുന്നതുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയത്. ഇതോടെ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ആശയവിനിമയം നടത്തി. മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ്(ജോസഫ്)മായും കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ചര്‍ച്ച നടത്തും. കോട്ടയം സീറ്റുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളും പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും.

ലോക്‌സഭാ സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമാണ് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനും ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഉചിതമായ അവസരത്തില്‍ ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

 

Back to top button
error: