KeralaNEWS

സംസ്ഥാനത്തെ ഏറ്റവും നീളമുള്ള റണ്‍വേ ; ശബരി വിമാനത്താവളം മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം

എരുമേലി: മദ്ധ്യകേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരിമല വിമാനത്താവളം മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കും.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവില്‍ വരുന്ന സംസ്ഥാനമായി കേരളം മാറും.

2,570 ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രസത്തിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ് – അദ്ദേഹം പറഞ്ഞു

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍ ഒരു വർഷത്തിനുള്ളില്‍ പൂർത്തിയാക്കും. ഇതിന് അനുമതി നല്‍കി  ഉത്തരവിറക്കിയിട്ടുണ്ട്. കോട്ടയം തഹസില്‍ദാർക്കാണ് (എല്‍.എ ജനറല്‍) സ്ഥലമെടുപ്പ് ചുമതല. പ്രത്യേക ഓഫീസും തുറന്നു.എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സാമൂഹ്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത് – മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

2027 ന് മുമ്ബായി വിമാനത്താവള നിർമ്മാണം ആദ്യഘട്ടം പൂർത്തിയാക്കും. കണ്ണൂർ, നെടുമ്ബാശേരി വിമാനത്താവളങ്ങളുടെ മാതൃകയില്‍ പൊതു – സ്വകാര്യ പങ്കാളിത്തത്തിലാവും നിർമ്മാണം. ഇവിടെ നിന്ന് 48 കിലോമീറ്ററാണ് ശബരിമലയിലേക്ക്. എരുമേലിക്ക് സമീപം ചെറുവള്ളി എസ്റ്റേറ്റിന്റെ 2268.13 ഏക്കറാണ് ഏറ്റെടുക്കുന്നത്. റണ്‍വേയുടെ ആവശ്യത്തിന് എസ്റ്റേറ്റിന് കിഴക്കുപടിഞ്ഞാറായി 307 ഏക്കർ പിന്നീട് ഏറ്റെടുക്കും.

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഏറ്റവും നീളമുള്ള റണ്‍വേയാണ് എരുമേലിയില്‍ വരിക. 3500 മീറ്റർ നീളത്തില്‍ കിഴക്കു പടിഞ്ഞാറ് ദിശയിലാവും റണ്‍വേ.

കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ ചെറുവള്ളിയിലാണ് നിർദ്ദിഷ്ട ശബരി വിമാനത്താവളം. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്കും ഇവിടെ നിന്ന് യാത്ര എളുപ്പമാണ്. കുമളിയോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവർക്കും എളുപ്പം. തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമലയും മാരാമണ്ണും ചേർന്നുള്ള തീർത്ഥാടന ടൂറിസത്തിനും സാദ്ധ്യത. ടൂറിസം കേന്ദ്രങ്ങളായ കുമരകം, മൂന്നാർ, തേക്കടി, വാഗമണ്‍, ആലപ്പുഴ, കോന്നി ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ക്ക് പ്രയോജനകരം. ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് സുഗന്ധ വ്യഞ്ജനങ്ങളും റബർ, തേയില എന്നിവയും കയറ്റി അയയ്ക്കാം.

Back to top button
error: