ഭൻവർലാൽ രഘുനാഥ് ദോഷി എന്ന പേര് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ കഥയറിഞ്ഞാൽ ഈ പേര് ആരും മറക്കില്ലെന്ന് തീർച്ച. മുൻ കോടീശ്വരൻ എന്ന് വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. കാരണം ഒരു സുപ്രഭാതത്തിൽ 600 കോടി രൂപ മൂല്യംവരുന്ന സ്വന്തം സ്വത്തുക്കൾ ദാനം നൽകി ലോകത്തെ അമ്പരപ്പിച്ച മനുഷ്യനാണ് ഇദ്ദേഹം. 2015-ൽ സന്ന്യാസ ജീവിതം തിരഞ്ഞെടുത്തതാണ് ഇദ്ദേഹത്തെ വാർത്തകളിൽ എത്തിച്ചത്.
ഒരുകാലത്ത് ഡൽഹിയിലെ പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഭൻവർലാൽ രഘുനാഥ് ദോഷി. സന്ന്യാസിയും ജൈനമത പ്രഭാഷകനും ആകാനായി 600 കോടിയുടെ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം ഉപേക്ഷിച്ചത്. ആഗോള വ്യാപാര സ്ഥാപനമായ ഡി.ആർ ഇന്റർനാഷണലിന്റെ സ്ഥാപകനാണ് ദോഷി. കൈവച്ച മേഖലയിലെല്ലാം വെന്നിക്കൊടി പാറിക്കൻ അദ്ദേഹത്തിനായി. അതിനാൽ തന്നെ വളർച്ച വളരെ വേഗത്തിലായിരുന്നു. രാജസ്ഥാനിലെ ചെറുകിട തുണി വ്യാപാരിയായ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 30,000 രൂപയുമായാണ് ദോഷി തന്റെ ബിസിനസ് യാത്ര ആരംഭിച്ചത്.
രണ്ട് ആൺമക്കളുടെയും ഒരു മകളുടെയും പിതാവായ ദോഷിക്ക് 1982 മുതൽ സന്ന്യാസിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ബിസിനസ് ചുമതലകൾ അദ്ദേഹത്തെ തീരുമാനം നീട്ടാൻ പ്രേരിപ്പിച്ചു. പക്ഷേ നാളുകൾ കഴിയുന്തോറും അദ്ദേഹം സന്ന്യാസത്തിലേയ്ക്ക് അടുത്തു കൊണ്ടിരുന്നു. ആത്മീയമായ ആ അടുപ്പം ഭൻവർലാൽ രഘുനാഥ് ദോഷിയെ ഒരു മികച്ച ജൈന പ്രഭാഷകനാക്കി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ആലോചനയ്ക്കൊടുവിൽ അദ്ദേഹം സുപ്രധാനമായ ആ ചുവടുവെപ്പ് നടത്തുകയായിരുന്നു. ഇതിനിടെ സ്വന്തം കുടുംബത്തിൽ നിന്ന് സമ്മതം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. 2015ൽ അഹമ്മദാബാദിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ജൈന ആചാര്യ ശ്രീ ഗുണരത്‌ന സുരിശ്വർജി മഹാരാജിന്റെ മാർഗനിർദേശപ്രകാരം ദോഷി ജൈന സന്ന്യാസിയായി. സുരീശ്വർജി മഹാരാജിന്റെ 108-ാമത്തെ ശിഷ്യനാണ് ദോഷി.
അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. 1000 ആത്മീയ നേതാക്കളും കൂടാതെ ഒന്നരലക്ഷത്തോളം കാണികളും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഘോഷയാത്രയിൽ 1000 ജൈന സന്യാസിമാരും 12 രഥങ്ങളും ഒമ്പത് ആനകളും ഒമ്പത് ഒട്ടകവണ്ടികളും പങ്കെടുക്കുകയുമുണ്ടായി. അതിഥികൾക്കായി ഏകദേശം 500 ഹോട്ടൽ മുറികളും അന്ന് ബുക്ക് ചെയ്തിരുന്നു.
ഇവർക്ക് ഭക്ഷണം അടക്കമുള്ളവ എത്തിക്കുന്നതിനു മാത്രം 1,500 ഓളം പരിചാരകരുണ്ടായിരുന്നു. അസംബ്ലി ഹാൾ തന്നെ 3.25 ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയതായിരുന്നു.
രാജ്യവും സമ്പത്തും ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചതിന്റെ കഥകൾ നാം ചരിത്രപുസ്തകങ്ങളിൽ കേട്ടിരിക്കും. പക്ഷേ ആധുനിക കാലത്ത് ഇത്തരം പരിത്യാഗികൾ തുലോം പരിമിതമാണ്.
മകളും മകനും ചെറുപ്രായത്തിൽ സന്ന്യാസ ജീവിതം സ്വീകരിച്ചതിനെ തുടർന്ന്, ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരിയായ ദിപേഷ് ഷായും, ഭാര്യ പിക്കാ ഷായും സന്ന്യാസികളാകാൻ തീരുമാനിച്ചത് കുറച്ചു കാലം മുമ്പാണ്. സൂറത്തിലെ ഏറ്റവും വിജയകരമായ വജ്രവ്യാപാരികളിൽ ഒരാളായിരുന്നു ദിപേഷ് ഷാ. പ്രതിവർഷം 15 കോടിയിലധികം രൂപ വിറ്റുവരവുള്ള സ്ഥാപനത്തിന്റെ ഉടമയായിരുന്നു ഇദ്ദേഹം.