IndiaNEWS

2024 ഫെബ്രുവരി 1 ന് കേന്ദ്ര ബഡ്ജറ്റ്

ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിര്‍മ്മല സീതാരാമൻ.

 മോദി സര്‍ക്കാരിനായി നിര്‍ണായക ഇടക്കാല ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുന്നതെന്നതിനാൽ സംസ്ഥാനങ്ങളും പ്രതീക്ഷയോടെയാണ് ബഡ്ജറ്റിനായി കാത്തിരിക്കുന്നത്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി 31 ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. വിലക്കയറ്റം നേരിടാനും നിലവിലുള്ള പണപ്പെരുപ്പ പ്രവണതകള്‍ പരിഹരിക്കാനും സാധ്യതയുള്ള നികുതി ഇളവുകള്‍ പോലുള്ള ധനപരമായ നടപടികള്‍ നടപ്പിലാക്കുന്നത് നിര്‍മല സീതാരാമന്‍ ബജറ്റില്‍ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Signature-ad

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബഡ്ജറ്റാണിത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെയുള്ള ഇടക്കാല ബഡ്ജറ്റാണ് ഫെബ്രുവരി ഒന്നിനു ധനമന്ത്രി അവതരിപ്പിക്കുന്നത്.അതിനാൽ തന്നെ പുതിയ പ്രത്യക്ഷ നികുതി വ്യവസ്ഥയിൽ  എന്തെങ്കിലും വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ല.അതേസമയം റയിൽവെ മേഖലയിൽ കാര്യമായ ‘സംഭാവന’ നൽകുന്നതായിരിക്കും ഇടക്കാല ബഡ്ജറ്റെന്നാണ് സൂചന.

മികച്ച കണക്റ്റിവിറ്റി ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത് സർക്കാരിന്റെ മുൻഗണനയായതിനാൽ ധനമന്ത്രി സീതാരാമന് റെയിൽവേ മേഖലയ്ക്ക് ഉയർന്ന മൂലധന വിഹിതം നൽകാൻ കഴിയും. 2023-24 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേ മന്ത്രാലയത്തിന് 2.4 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു.നടപ്പു സാമ്പത്തിക വർഷം മൂലധന ചെലവുകൾക്കായി 1.85 ലക്ഷം കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.

2024-ലെ ബജറ്റ് പ്രധാനമായും രണ്ട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും – സുരക്ഷാ നടപടികൾക്കായി ഫണ്ട് അനുവദിക്കുക, യാത്രക്കാരുടെ യാത്രയിലെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് പുതിയ ട്രെയിനുകൾ നിർമ്മിക്കുക. കൃത്യസമയത്ത് ട്രെയിനുകൾ എത്തിച്ചേരുന്ന സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള ഇൻഫ്രാ വർദ്ധിപ്പിക്കുക എന്നുള്ളതാണ് അത്.

മറ്റൊരു പരിഗണന കാർഷിക മേഖലയ്ക്കാണ്.കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയായി ഉയർന്നിരുന്നു. 2015 സാമ്പത്തിക വർഷത്തിൽ 22,652 കോടി രൂപ ആയിരുന്ന സ്ഥാനത്ത്  24 സാമ്പത്തിക വർഷത്തിൽ 1.15 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. 2024ലെ ബജറ്റിലും ഈ പ്രവണത തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

കർഷക സമരം പോലുള്ള സാഹചര്യത്തിൽ ഭൂവുടമകളായ കർഷകർക്കുള്ള വാർഷിക പേഔട്ട് 12,000 രൂപയായി (ഇരട്ടിയാക്കാൻ) സർക്കാർ പദ്ധതിയിടുന്നതായാണ്  വിവരം. ഇതുവഴി സർക്കാരിന് 12,000 കോടി രൂപ അധിക ചിലവ് വരുമെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ, ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പരിപാടിക്ക് കീഴിൽ, കർഷകരായ പുരുഷന്മാർക്കും സ്ത്രീകൾക്കും  പ്രതിവർഷം 6,000 രൂപ കൈമാറുന്നുണ്ട്.അതേപോലെ 2025 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ദീർഘകാല പലിശ രഹിത കാപെക്‌സ് വായ്പകൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.

അതിലുപരി സ്ത്രീകള്‍, ദരിദ്രര്‍, യുവജനങ്ങള്‍, കര്‍ഷകര്‍, ആദിവാസികള്‍ എന്നിവര്‍ക്കുള്ള ക്ഷേമ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ബജറ്റ്.സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന മോദിയുടെ കാഴ്ചപ്പാട് കണക്കിലെടുത്ത് ബജറ്റ് പ്രസംഗത്തിന്റെ പ്രധാന സ്തംഭം സ്ത്രീകളുടെ ക്ഷേമമായിരിക്കും. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരായിരുന്നു ബി ജെ പിയുടെ കേന്ദ്രബിന്ദു.

കയറ്റുമതി വര്‍ധിപ്പിക്കുക, സുപ്രധാന മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധിക്കുക, കറണ്ട് അക്കൗണ്ട് കമ്മി നിയന്ത്രിക്കുക, സാമ്പത്തിക ഏകീകരണത്തിനായുള്ള ശ്രമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വ്യക്തമായ മാര്‍ഗരേഖ രൂപപ്പെടുത്തുക എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ക്ക് ബജറ്റ് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button
error: